'നിന്റെയൊക്കെ തലയിൽ കളിമണ്ണ് ആണോ...', ഓർമകളുടെ പെരുമഴയുമായി ഒരു ചോദ്യം

Mail This Article
ഡൽഹിയിൽ നല്ല മഴ.. കൂടെ തണുത്ത കാറ്റും.. കടുത്ത ചൂടിൽ നിന്നും വലിയ ആശ്വാസം. പുറത്തെ ചാരു കസേരയിൽ കാലുകൾ നീട്ടി ഇരിക്കുമ്പോൾ, മുമ്പെങ്ങുമില്ലാത്ത ഒരു പ്രത്യേക സുഖം. കണ്ണുകളിൽ മയക്കം പായ വിരിക്കുന്നത് പോലെ. കാലം പുറകോട്ടോഴുകുകയാണോ? പഴയ ഒരു സ്കൂൾ-ദിനപ്രഭാതം പൊട്ടി വിടരുന്നു. സമയം ഒമ്പതര ആയിട്ടുണ്ടാകും. പത്തുമണിക്ക് സ്കൂൾ ആരംഭിക്കുമല്ലോ... സ്കൂളിലേക്കുള്ള യാത്ര തുടങ്ങി. മനപ്പടി എത്തി. ഞർള കടവും കടന്ന് കാടുകുറ്റിയിൽ നിന്നും ഉള്ള ഏതാനും കുട്ടികൾ കൂടെ കൂടി. പിന്നെ കൊണ്ടൊഴിഞ്ഞാൽ.. താഴെ, ഒരു ഘോരസർപ്പം പോലെ, വെള്ളം വൈന്തല തുറയിലേക്ക് ചീറി പാഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. കുട്ടികളുടെ എണ്ണം കൂടുന്തോറും, മേലെ റോഡും ശബ്ദഘോരമായി കൊണ്ടിരിന്നു. ഓരോ ഇടവഴിയിൽ നിന്നും കുട്ടികൾ ചേർന്നു കൊണ്ടേയിരുന്നു. ഞങ്ങൾ മുന്നോട്ടു നീങ്ങി കൊണ്ടിരിക്കുകയാണ്.
ഓട്ടു കമ്പനികൾ ആയി.. ഇനി അങ്ങോട്ട് കളിമണ്ണിന്റെ ഗന്ധം ആയിരിക്കും. സെന്റ് ജോസഫ് - സെന്റ് തോമസ് ഓട്ടു കമ്പനികൾ മുഖത്തോട് മുഖം നോക്കി കുശലം പറയുകയാണെന്ന് തോന്നുന്നു. അടുത്തത് സെന്റ് മേരീസ് ഓട്ടു കമ്പനി. സെന്റ് മേരീസ് ഓട്ടുകമ്പനിയും സെന്റ് മേരീസ് സ്കൂളും, ആജീവനാന്ത സുഹൃത്തുക്കളെ പോലെയാണ്. രണ്ട് പേരും വർഷങ്ങളായി, വളരെ സൗഹാർദ്ദത്തോടെ അതിര് പങ്കിടുന്നു. ഒപ്പം കളിമൺ സുഗന്ധവും പങ്കിടുന്നു. അതിനാൽ, സ്കൂളിന്റെ അപ്രഖ്യാപിത ഔദ്യോഗിക സുഗന്ധം 'കളിമണ്ണ് ' തന്നെ ആയിരുന്നു. സ്കൂൾ എത്തി.. ഇന്ന് ആദ്യം കണക്ക് ക്ലാസ്സ്.. കണക്ക് വളരെ കൃത്യത ഉള്ള വിഷയം ആണല്ലോ.. എനിക്ക് കൃത്യമായി ഉറക്കം വരുത്തുന്നതോ, ചിലപ്പോഴൊക്കെ ഉറക്കം കെടുത്തുന്നതോ ആയ വിഷയവും കണക്കായിരുന്നു. കളിമണ്ണിന്റെ കുളിരും സുഗന്ധവും ആസ്വദിക്കുന്നത് കൊണ്ടായിരിക്കാം, കൺപോളകൾ പതുക്കെ അടഞ്ഞു പോകുന്നത് പോലെ.. സുഖദമായ ഒരു മയക്കത്തിന്റെ താളം. കറുത്ത ബോർഡിൽ അക്കങ്ങൾ കലപില കൂട്ടുകയാണോ? പെട്ടെന്ന് ഒരു 'എട്ട്' വന്ന് തലയിൽ തട്ടി. ഞെട്ടി എഴുന്നേറ്റു നോക്കിയപ്പോൾ അത് ഒരു ചോക്ക് കഷണം ആയിരുന്നു.. എട്ടിന്റെ പണി... അല്ലാതെന്തു പറയാൻ?
"രണ്ടേ വർഗം മൂന്ന് എത്ര?" മിഴിച്ചു നിന്ന എന്നോട് ടീച്ചർ പലവട്ടം ചോദിച്ചു.. "നിന്റെയൊക്കെ തലയിൽ കളിമണ്ണ് ആണോ? ഇരിക്കെടോ..." സ്കൂളിന് പുറത്തും അകത്തും എന്റെ തലയിലും കളിമണ്ണ് ആണെന്ന് നിസ്സംശയം എനിക്ക് മനസ്സിലായി. ബോർഡിന്റെ കറുപ്പ് നിറം മങ്ങുന്നത് പോലെ തോന്നി. വീണ്ടും ഒരു മയക്കശങ്ക.. മയക്കത്തിലേക്ക് വഴുതി വീഴുകയാണെന്ന് എനിക്ക് മനസ്സിലായി. തലയിൽ ചില അവ്യക്‌ത ചിന്തകൾ ചേക്കേറാൻ തുടങ്ങിയത് പോലെ... ഓട്ടു കമ്പനികൾ.. പല ദിക്കുകളിൽ നിന്നും എത്തിക്കുന്ന കളിമണ്ണ്... കളിമണ്ണിൽ നിന്നും, മിനുസ്സവും സുന്ദരവും ബലവും ഉറപ്പും ഉള്ള ഓടുകൾ, ഒരു ചെമ്പട പോലെ വരി വരി ആയി, നിര നിര ആയി പുറത്തിറങ്ങുന്നു.. ഇന്ത്യയുടെ നാനാ ഭാഗങ്ങളിൽ, ഭവനങ്ങളിലും കെട്ടിടങ്ങളിലും 'ഉന്നത സ്ഥാനീയരായി' എത്രയോ ജനങ്ങൾക്ക്, വെയിലിൽ നിന്നും മഴയിൽ നിന്നും, ഓടുകൾ സംരക്ഷണം നൽകുന്നു.
വൈന്തല സ്കൂൾ... അമ്പഴക്കാട്, പഴൂക്കര, സമ്പാളൂർ, പാളയംപറമ്പ്, കാടുകുറ്റി, ചാരുപടി, വെണ്ണൂർ, അന്നമനട, കല്ലൂർ, വൈന്തല... എല്ലാ പ്രദേശങ്ങൾക്കുമായി ഒരേ ഒരു സ്കൂൾ.. പുഴയും കടത്തും കടന്നെത്തുന്നവർ.. പാടങ്ങളും ഇടവഴി പാതകളും മറികടന്നെത്തുന്നവർ.. ദൂരവും സമയവും താണ്ടി എത്തുന്നവർ.. ഒരു ദേശത്തിലെ മുഴുവൻ കുട്ടികളുടെയും സംഗമ സ്ഥാനം. ജാതി - മത - ദേശ - ഉച്ച - നീച വ്യതാസങ്ങളില്ലാതെ, മണ്ണിന്റെ മണമുള്ള, ഒരു ദേശത്തിന്റെ പരിഛേദമായിരുന്നു സ്കൂൾ. വിവിധ തലങ്ങളിൽ നിന്നും വരുന്ന കുട്ടികളെ അക്ഷരാഭ്യാസത്തിലും നൈപുണ്യപരിശീലനങ്ങളിലും വളർത്തി, എത്രയോ സ്ഥലങ്ങളിൽ, വിവിധ തുറകളിൽ, നാടിന്റെയും വീടിന്റെയും ഉത്തരവാദിത്വങ്ങളേൽക്കുവാൻ, സ്കൂൾ അവരെ യോഗ്യരാക്കി എടുക്കുന്നു!!
വൈന്തലക്കും കേരളത്തിനും പുറത്ത് എത്രയോ സ്ഥലങ്ങളിൽ വൈന്തലയിൽ വാർത്തെടുത്ത ഓടുകളെയും നാഗരികരെയും കാണാം!!! ഒരു വൻ 'തല' തന്നെയാണ് വൈന്തല... അതിര് പങ്കിടുന്ന സെന്റ് മേരീസ് ഓട്ടു കമ്പനിയും സെന്റ് മേരീസ് സ്കൂളും, ഒരു വിധത്തിൽ, ഒന്നു തന്നെ അല്ലെ??? സ്കൂളിന്നും കമ്പനിക്കും ഇടയിലുള്ള അതിർത്തി, ഒരു കളിമൺ അപാരതയിൽ അലിഞ്ഞില്ലാതാകാവുന്നത് പോലെ തോന്നി.. രണ്ടും കളിമൺ മയം... ഓട്ടുകമ്പനിയിൽ കളിമണ്ണ് എന്ന പോലെ, സ്കൂൾശിക്ഷണത്തിൽ കുട്ടികൾ ആരൊക്കെയോ ആയി മാറാനും എവിടെയൊക്കെയോ ചെന്ന് ചേരാനും പ്രാപ്തരാകുന്നു!! പൊടുന്നനെ ഒരു ആരവം കേട്ടു.. ഇന്റർവെൽ.. മഴക്കും ഇന്റർവെൽ ആയിരുന്നു.. കുട്ടികൾ പുറത്ത് കളിക്കാൻ ആരംഭിച്ചിട്ടുണ്ട്... കളിക്കിടെ, വസ്ത്രങ്ങളിലും ശരീര ഭാഗങ്ങളിലും മണ്ണും കയറി കൂടുന്നുണ്ടായിരുന്നു. കളിയും മണ്ണും... മണ്ണും കളിയും.. അതേ, വീണ്ടും ഒരു 'കളിമൺ അപാരത'!!
സ്കൂളിന്റെ ഒരു ഓട് പൊട്ടി തോളിൽ വീണോ? ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു നോക്കിയപ്പോൾ, ഒരു കയ്യിൽ ചായയുമായി എന്നെ തോളിൽ തട്ടി വിളിച്ചുണർത്തുന്ന ശ്രീമതി. മറ്റൊരു സ്കൂളിലെ വേറെ ഒരു 'കളിമൺ ഓട്'.. ചായക്കും ചിന്തക്കും നല്ല ചൂടും രുചിയും... ഏതോ ഒരു ഭാവ പകർച്ചയിൽ, വീണ്ടും വൈന്തല മുന്നിൽ നിറഞ്ഞു പ്രത്യക്ഷമായി.. ഇന്ന് ഓട്ടു കമ്പനികളില്ല... സ്കൂളിന്റെ സിംഹഭാഗവും ഇല്ല.. ആരവങ്ങളില്ല... കളിമൺ സുഗന്ധമില്ല.. ഓർമകളുടെ മേൽക്കൂരകളിൽ നിന്നും ഓടുകൾ ഉടഞ്ഞു വീഴുന്ന ആപത്ശബ്ദങ്ങൾ. മനസ്സിലെ കളിമണ്ണിൽ, പുതിയ ചില ശോകശിൽപങ്ങൾ രൂപപ്പെടുന്നത് പോലെ.. മനുഷ്യരെയും മനുഷ്യ നിർമിതികളെയും, ഒരു പോലെ ആവാഹിച്ചെടുക്കാൻ പോന്ന, ഒരു ശോകപല്ലവി, ഒരു കളിമൺ അപാരത പോലെ, മനസ്സിൽ മുഴങ്ങി... "മനുഷ്യാ നീ മണ്ണാകുന്നു... മണ്ണിലേക്ക് മടങ്ങും നൂനം...."