കോവിഡ് കാലത്തെ ഷൂട്ട്, ഇന്നസെന്റിന്റെ അസുഖം: ലാലും ജൂനിയറും അനുഭവങ്ങൾ പറയുന്നു
Mail This Article
അച്ഛനും മകനും ഒരേ സിനിമയിൽ അഭിനയിച്ച സംഭവങ്ങൾ ഒട്ടേറെയുണ്ട്. അച്ഛൻ സംവിധാനം ചെയ്ത സിനിമയിൽ മകനും മകന്റെ സംവിധാനത്തിൽ അച്ഛനും അഭിനയിച്ച ചരിത്രവുമുണ്ട്. എന്നാൽ, അപ്പനും മകനും ചേർന്ന് ഒരേ സിനിമ തന്നെ സംവിധാനം ചെയ്യുന്നതു ലോകത്തു തന്നെ നടാടെയാണ്. ആ ക്രെഡിറ്റ് മലയാളസിനിമയ്ക്കു സമ്മാനിക്കുകയാണു നടനും സംവിധായകനുമായ ലാലും ലാൽ ജൂനിയറും(ജീൻ പോൾ) ചേർന്നൊരുക്കുന്ന, മാർച്ച് 11ന് തിയറ്ററുകളിലെത്തുന്ന ‘സുനാമി’.
ചിത്ര വിശേഷങ്ങൾ അറിയാൻ കാക്കനാട് പടമുകളിലെ വീട്ടിലെത്തുമ്പോൾ മീശയും താടിയുമുൾപ്പെടെ ക്ലീൻ ഷേവ് ചെയ്തു കണ്ടു പരിചയമില്ലാത്ത ഗെറ്റപ്പിലാണു ലാൽ. ‘ട്രേഡ് മാർക്ക് താടി’ അപ്രത്യക്ഷമായതിന്റെ കാരണം തേടിയപ്പോൾ മറുപടി ഇങ്ങനെ. ‘മണിരത്നം സാറിന്റെ ‘പൊന്നിയിൻ ശെൽവനിൽ’ അഭിനയിക്കുന്നുണ്ട്. താടിയും മുടിയുമൊക്കെ നീട്ടി വളർത്തിയ ഗെറ്റപ്പാണു ചിത്രത്തിൽ. എന്നും താടി ഒട്ടിച്ചു വയ്ക്കുകയും ഇളക്കുകയും ചെയ്യണം. നമ്മുടെ താടിയുടെ മുകളിലുള്ള ഒട്ടിക്കലും ഇളക്കലും അൽപം ബുദ്ധിമുട്ടാണ്. എന്നാൽപ്പിന്നെ താടി അങ്ങെടുത്തേക്കാം എന്നു തീരുമാനിച്ചു’. സംസാരത്തിനിടെ സ്വീകരണ മുറിയിലേക്കു കടന്നു വന്ന ജൂനിയറിനെ അടുത്തു പിടിച്ചിരുത്തിയായി ബാക്കി സംസാരം.
∙അച്ഛനും മകനും ചേർന്നൊരു ചിത്രം?
ഞാനെഴുതി സംവിധാനം ഞാൻ തന്നെ സംവിധാനം ചെയ്യാനിരുന്നതാണ്. എഴുത്തു പൂർത്തിയായപ്പോൾ തന്നെ സുനാമിയിലെ പ്രധാന താരങ്ങളായ ഇന്നസെന്റ് ചേട്ടന്റെയും മുകേഷിന്റെയുമൊക്കെ ഡേറ്റുകളും ബ്ലോക്ക് ചെയ്തു. എന്നാൽ, ഷൂട്ടിങ് പ്ലാൻ ചെയ്തിരുന്ന സമയത്തു കുറെ തമിഴ് ചിത്രങ്ങൾ ഒരുമിച്ചു വന്നു ചാടി. എല്ലാം പ്രധാന വേഷങ്ങൾ. പൊന്നിയിൻ ശെൽവനു പുറമേ കാർത്തിയുടെയും ധനുഷിന്റെയും ഓരോ ചിത്രങ്ങൾ. അങ്ങനെയാണ് അസൗകര്യം ഒഴിവാക്കാൻ ഇവനോട്(ജൂനിയർ) സംവിധാനം ചെയ്യാൻ ആവശ്യപ്പെടുന്നത്. ആദ്യം ഒന്നു മടിച്ചെങ്കിലും കഥ കേട്ടപ്പോൾ അവനിഷ്ടപ്പെട്ടു. പക്ഷേ ഷൂട്ടിങ് ആരംഭിക്കാറായപ്പോൾ അവന് ഓഫറുകൾ വരാൻ തുടങ്ങി. ‘ഡ്രൈവിങ് ലൈസൻസ്’ തമിഴിലെടുക്കുന്നതുൾപ്പെടെയുള്ള ആലോചനകൾ വന്നതോടെ അവനും തിരക്കിലായി. തുടർന്നു രണ്ടു പേരുടെയും ഡേറ്റ് ചാർട്ട് ചെയ്തു ഒഴിവുള്ള ദിവസങ്ങളിൽ മാറി മാറി സംവിധാനം ചെയ്യാൻ തീരുമാനിച്ചു. പക്ഷേ, പിന്നീട് വിവിധ കാരണങ്ങൾ കൊണ്ട് ഈ പ്രോജക്ടുകളെല്ലാം നീട്ടിവച്ചു. രണ്ടു പേർക്കും ഇഷ്ടം പോലെ സമയമായി. അങ്ങനെയാണ് ഒരുമിച്ചു സംവിധാനം എന്ന ആശയത്തിലേക്കെത്തിയത്.
∙ അച്ഛനും മകനും ചേർന്നുള്ള സംവിധാനം?
ലാൽ: ഇത്രയും കാലം ഒരുമിച്ചു ജീവിച്ച ആളുകളായതു കൊണ്ടു കാര്യങ്ങൾ അന്യോന്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ഈഗോ ഒട്ടുമില്ല. ഭാര്യാ ഭർത്താക്കൻമാർ തമ്മിൽ പോലും ഇതൊക്കെ ഉണ്ടാകാം.
ജൂനിയർ ലാൽ: അപ്പനും മോനും തമ്മിലാണേലും ഇതൊക്കെയുണ്ടാകാം, പക്ഷേ, നമ്മൾ അടിപൊളിയായിരുന്നെന്നു മാത്രം.
ലാൽ: ഏയ്, ഇവൻ നല്ല ഉഴപ്പായിരുന്നു. ഞാനൊക്കെ വർക്ക് ഹോളിക് ആണ്. ഭ്രാന്തു പിടിച്ചുജോലി ചെയ്യും. കടുത്ത ടെൻഷനാണ്. പക്ഷേ ഇവരൊക്കെ നന്നായി എൻജോയ് ചെയ്തു ജോലി ചെയ്യുന്ന കൂട്ടത്തിലാണ്. പാട്ടൊക്കെ കേട്ട് അടിച്ചു പൊളിച്ചാണു ജോലി.
∙ ഷൂട്ടിങ്ങിനിടെ അച്ഛനെ മകൻ തിരുത്തുമോ?
ലാൽ: ഞാൻ എല്ലാവർക്കും അഭിപ്രായം പറയാൻ അവസരം കൊടുക്കാറുണ്ട്. എല്ലാവരോടും അഭിപ്രായവും ചോദിക്കും. എന്നാൽ, ഇവൻ ചിലപ്പോ ദേഷ്യപ്പെടും. ‘ ഇതൊക്കെ പപ്പയ്ക്കറിയാവുന്ന കാര്യമല്ലേ, പിന്നെന്തിനാ മറ്റുള്ളവരുടെ അഭിപ്രായം തേടുന്നത്’ എന്നു ചോദിക്കും. ചില കാര്യങ്ങൾ മറ്റുള്ളവരുടെ അഭിപ്രായം തേടുന്നതിൽ നിന്നു ലഭിക്കാറുണ്ട്. ഇവൻ മാത്രമല്ല, ഭാര്യയും അഭിപ്രായം പറയാറുണ്ട്. ഇവന്റെ അഭിപ്രായങ്ങൾക്കു കൂടുതൽ വില നൽകാറുമുണ്ട്. കാരണം വളരെയേറെ സിനിമകൾ കാണാനും ഇവൻ സമയം ചെലവഴിക്കാറുണ്ട് എന്നറിയാവുന്നതു കൊണ്ടു കൂടിയാണ്.
ജൂനിയർ: പപ്പയോടൊത്തുള്ള ജോലി എനിക്ക് ഈസിയായിരുന്നു. എല്ലാവരുടെയും വിചാരം പപ്പയോടൊപ്പം ജോലി ചെയ്യുന്നതു ബുദ്ധിമുട്ടായിരിക്കും എന്നാണ്. അങ്ങനെയൊരു കൺസെപ്റ്റ് ആണ് അവർ മനസ്സിൽ രൂപപ്പെടുത്തി വച്ചിരിക്കുന്നത്. പപ്പയുണ്ടെങ്കിൽ അത്രയും ടെൻഷൻ കുറഞ്ഞു എന്നാണ് എന്റെ അനുഭവം. പപ്പ തന്നെയാകും പ്രധാന കാര്യങ്ങളെല്ലാം ചെയ്യുന്നത്. ശരിക്കും പറഞ്ഞാൽ ഒരു ‘ഗ്ലോറിഫൈഡ് അസിസ്റ്റന്റ് ഡയറക്ടർ’ എന്ന മട്ടിലാണു ഞാൻ പപ്പയോടൊപ്പം ജോലി ചെയ്തത്. അതെനിക്കിഷ്ടവുമാണ്.
∙ സുനാമി?
ഗോഡ്ഫാദറിന്റെ ഷൂട്ടിങ് സമയത്തു ഇന്നസന്റ് ചേട്ടൻ പറഞ്ഞൊരു തമാശയിൽനിന്നാണു സിനിമയുടെ പിറവി. സ്വന്തം അനുഭവം എന്ന നിലയിലാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത്. അന്നീ കഥ കേട്ടവരെല്ലാം ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി. ഈ സംഭവവും കഥയും പിന്നീട് വീട്ടിൽ പറഞ്ഞപ്പോഴും കൂട്ടച്ചിരി. മരുമകനും നിർമാതാവുമായ അലനാണു, ‘പപ്പാ, ഇതു വച്ചൊരു സിനിമ ചെയ്തൂടെ’ എന്നു ചോദിക്കുന്നത്. ചോദ്യം മാത്രമല്ല, ‘എഴുതു പപ്പാ’ എന്നും പറഞ്ഞ് പിന്നാലെ നടക്കാനും തുടങ്ങി. സിനിമയിൽ പറയാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു തീമാണ്. ആയിടയ്ക്ക് ഒരു തമിഴ് സിനിമയുടെ സെറ്റിലായിരുന്നപ്പോൾ ഒരുപാടു സമയം കിട്ടി. അങ്ങനെ എഴുതിത്തുടങ്ങിയത്. എഴുതിയ ഭാഗം വിലയിരുത്തിയപ്പോൾ ആത്മവിശ്വാസമായി. ഇന്നസന്റിനോടു പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ സന്തോഷമായി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഇന്നസന്റ് വീണ്ടും വിളിച്ചു. സംവിധായകൻ പ്രിയദർശനും ഇതേ സംഭവം സിനിമയാക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നു പറഞ്ഞ വിവരം പങ്കുവച്ചു.
∙ ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്?
ഇന്നസന്റ്, മുകേഷ് എന്നിവരുടെ പഴയകാല നർമ രംഗങ്ങളിലേക്കുള്ള തിരിച്ചുപോക്കു കൂടിയാവും ഈ ചിത്രം. അവരുടെ ‘ഹ്യൂമർ പവർ’ പഴയ അതേ ഊർജത്തിൽ പ്രയോഗിച്ചിരിക്കുന്ന ചിത്രമാണ്. ഇന്നച്ചൻ അപാരമായ പ്രകടനമാണു കാഴ്ചവച്ചിരിക്കുന്നത്. പ്രിവ്യൂ ഷോയ്ക്ക് ഇന്നസന്റ് കുടുംബത്തോടൊപ്പമാണെത്തിയത്. ‘ഇതെന്താണീ കാണുന്നത്, ഈ ഉഷാറൊന്നും വീട്ടിലില്ലല്ലോ’ എന്നാണ് ഇന്നസന്റിന്റെ ഭാര്യ ചിത്രം കണ്ടു കഴിഞ്ഞു ചോദിച്ചത്. ‘എടീ, അതേ, നീ വൈകുന്നേരമാകുമ്പോൾ ഓരോ ലക്ഷം രൂപയുടെ ചെക്ക് എഴുതിത്താ, ഞാൻ വീട്ടിലും ഇതുപോലെ ഉഷാറായിരിക്കാം’ എന്നായിരുന്നു ഇന്നച്ചന്റെ കൗണ്ടർ.
∙കോവിഡ് പ്രതിസന്ധി ചിത്രത്തെ ബാധിച്ചോ?
സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്ന സമയത്തു 11 ദിവസം ഷൂട്ട് മാത്രമേ ബാക്കിയുള്ളൂ. പക്ഷേ ഇന്നസന്റ് ചേട്ടന്റെ ആരോഗ്യ സ്ഥിതി പരിഗണിച്ചു പെട്ടെന്നു ഷൂട്ട് നിർത്തിവയ്ക്കാൻ തീരുമാനിച്ചു. കോവിഡ്കാലത്ത് ഇന്നച്ചനു വീണ്ടും കാൻസർ വരുന്നതിന്റെ സൂചനകൾ കിട്ടിയപ്പോൾ അദ്ദേഹം വിളിച്ചു. കഴിയുമെങ്കിൽ എളുപ്പം ഷൂട്ടിങ് പൂർത്തിയാക്കാനും അതിനു ശേഷം ചികിത്സ ആരംഭിക്കാനാണെന്നും പറഞ്ഞു. അതിന്റെ പിറ്റേന്നു തന്നെയാണു നിയന്ത്രണങ്ങളോടെ ഷൂട്ടിങ് പുനരാരംഭിക്കാൻ അനുമതി ലഭിച്ചത്. അങ്ങനെ ലൊക്കേഷൻ ഉൾപ്പെടെ സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റി കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഷൂട്ടിങ് പൂർത്തിയാക്കി.
∙ ചിത്രത്തിലെ ഗാനത്തിൽ ലാലിന്റെ വരികൾ, ഇന്നസെന്റിന്റെ പാട്ട്?
പള്ളിപ്പാട്ടു പോലൊന്നാണ് ഇന്നസന്റ് ചേട്ടനായി ഉദ്ദേശിച്ചത്. എന്നാൽ, അദ്ദേഹത്തിന് അത്തരം പാട്ടുകളൊന്നും അറിയില്ലെന്നു പറഞ്ഞു. പിന്നീട് അദ്ദേഹം തന്നെ കയ്യിൽനിന്നിട്ടു പാടിയ ചെറിയൊരു സംഗതി കേട്ടപ്പോൾ അതു പാട്ടാക്കാൻ പറ്റുമോ എന്നു സംഗീത സംവിധായകരായ യാക്സാൻ ഗാരി പെരേരയോടും നേഹ എസ്.നായരോടും ചോദിച്ചു. ഗംഭീരമാക്കാം എന്നായിരുന്നു മറുപടി. ഇന്നസന്റ് അതിഗംഭീരമായി അതു പാടുകയും ചെയ്തു. ചിത്രത്തിലെ ‘ആരാണിതാരാണിതെന്നെ’ എന്ന ഗാനത്തിന്റെ വരികൾ എന്റേതാണ്.
∙ ഇനി വരാനുള്ള ചിത്രങ്ങൾ?
തമിഴ് ചിത്രങ്ങളാണു കൂടുതൽ. കാർത്തിയോടൊപ്പമുള്ള ‘സുൽത്താൻ’. മുഴുനീള പോസിറ്റീവ് വേഷമാണ്. നെഗറ്റീവ് റോളുകൾ ഇനി അൽപം കുറയ്ക്കുകയാണ്. ഇടി കൊള്ളാൻ വയ്യ. ആദ്യമായി തമിഴ് സിനിമയ്ക്കായി ഞാൻ ഡബ് ചെയ്തത് ഈ ചിത്രത്തിലാണ്. ധനുഷുമായി ചേർന്നുള്ള ‘കർണൻ’ ആണു മറ്റൊരു ചിത്രം. ഇതിലും പോസിറ്റീവ് വേഷമാണ്. വിക്രം പ്രഭു നായകനാകുന്ന തമിഴ് ചിത്രത്തിൽ ഒരു പൊലീസ് വേഷമുണ്ട്. പിന്നെ ‘പൊന്നിയിൻ ശെൽവനിലെ’ ‘മലയമാൻ’ എന്ന ക്യാരക്ടർ. താരങ്ങളുടെ വൻ സംഘം തന്നെ ഭാഗഭാക്കാകുന്ന വൻ ബജറ്റ് ചിത്രമാണ്. രണ്ടു ഭാഗങ്ങളിലായാണ് എത്തുന്നത്. പ്രതീക്ഷയുള്ള ശ്രദ്ധേയമായ വേഷമാണു മലയമാൻ. ഇതിന്റെ രണ്ടാം ഷെഡ്യൂൾ ഇനി രാജസ്ഥാനിൽ നടക്കും. അത്തരമൊരു ചിത്രത്തിന്റെ ഭാഗമാകുക എന്നതു തന്നെയാണു പ്രധാനം. മലയാളത്തിൽ ടൊവിനോയുടെ ‘കള’, കുഞ്ചാക്കോ ബോബൻ നായകനാകുന്ന നിഴൽ, ചിദംബരം സംവിധാനം ചെയ്യുന്ന ജാൻ എ.മൻ എന്നിവയാണു പൂർത്തിയായ ചിത്രങ്ങൾ. എബ്രിഡ് ഷൈൻ–നിവിൻ പോളി ചിത്രം ആരംഭിക്കാനിരിക്കുന്നുമുണ്ട്.