ADVERTISEMENT

മമ്മൂട്ടിയുടെ വൺ തിയറ്ററുകളിൽ ചർച്ചാവിഷയമാകുമ്പോൾ ശ്രദ്ധനേടുന്നത് അതിലെ വസ്ത്രാലങ്കാരം കൂടിയാണ്.  നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്ത അക്ഷയ പ്രേംനാഥ്‌ ആണ് വൺ സിനിമയുടെ വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത്.  നടി കൂടിയായ അക്ഷയ വളരെ ആഗ്രഹിച്ചു തെരഞ്ഞെടുത്ത പ്രഫഷൻ ആണ് കോസ്റ്റ്യൂം ഡിസൈനിങ്.  മികച്ച ഒരു സിനിമക്ക് തന്നെ ആദ്യമായി വസ്ത്രാലങ്കാരം നിർവഹിക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് അക്ഷയ.  സിനിമയിൽ മമ്മൂട്ടിയുടെ അഭിനയം കണ്ട് ത്രില്ലടിച്ചെന്നും ചിത്രം മികച്ച പ്രതികരണം നേടുന്നതു കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നും അക്ഷയ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

അഭിനേതാവായി തുടക്കം?

  

nazriya-askhaya

2013 -ൽ ഓം ശാന്തി ഓശാന എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.  നസ്രിയയുടെ അടുത്ത കൂട്ടുകാരിയായാണ് അഭിനയിച്ചത്. അന്ന് ബിടെക്ക് പഠിക്കുകയായിരുന്നു.  അറ്റെൻഡൻസ് പ്രശ്നം വന്നതുകൊണ്ട് കോഴ്സ് കഴിഞ്ഞു സിനിമ നോക്കിയാൽ മതി എന്ന് കരുതി.  പിന്നീട് കോഴ്സ് കഴിഞ്ഞു എൻട്രൻസ് എഴുതിയപ്പോൾ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പഠിക്കാൻ അവസരം ലഭിച്ചു. അങ്ങനെ അവിടെ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തു.  പഠനശേഷം കോസ്റ്റ്യൂം ഡിസൈനിങ് പ്രഫഷൻ ആക്കുകയായിരുന്നു.

 

kurbani

കോസ്റ്റ്യൂം ചെയ്ത ആദ്യ  ചിത്രമാണോ വൺ?

 

akshaya-one
സന്തോഷ് വിശ്വനാഥനും ഛായാഗ്രാഹകൻ വൈദി സോമസുന്ദരത്തിനുമൊപ്പം അക്ഷയ

അല്ല, ആദ്യം ഞാൻ ചെയ്തത് ഷെയ്‌ൻ നിഗം നായകനായ കുർബാനി ആണ്. അതിനു ശേഷമാണ് വൺ ചെയ്തത്. പക്ഷേ ആദ്യം റിലീസ് ചെയ്തത് വൺ ആയിരുന്നു.  അതിനു ശേഷം ഭ്രമം എന്ന പൃഥ്വിരാജ് മൂവി ചെയ്തു, മഞ്ജു വാരിയറിന്റെ മേരി ആവാസ് സുനോ, പിന്നെ ഫ്രൈഡേ ഫിലിംസിന്റെ ഹോം.  സുരേഷ്  ഗോപിയുടെ ഒറ്റക്കൊമ്പനും ഞാൻ ആണ് കോസ്റ്റ്യൂം ചെയ്യുന്നത്.

 

akshya-premnath

വൺ എന്ന പൊളിറ്റിക്കൽ സിനിമ ചെയ്യുന്നത് എത്രത്തോളം വെല്ലുവിളിയായിരുന്നു?

akshaya-premnath01

 

സംവിധായകൻ സന്തോഷ് ചേട്ടൻ ഒരു സിനിമ ചെയ്യുന്നതറിഞ്ഞ് ഞാൻ അങ്ങോട്ട് വിളിച്ചു ചോദിക്കുകയായിരുന്നു.   അങ്ങനെയാണ് കുറച്ചു സ്കെച്ചസ് അയച്ചു കൊടുക്കാൻ പറഞ്ഞത്. ഞാൻ അയച്ച സ്കെച്ച് ഇഷ്ടപ്പെട്ടിട്ട് വർക്ക് ഏൽപ്പിക്കുകയായിരുന്നു.  അന്ന് ഞാൻ കുർബാനി പോലും ചെയ്തിട്ടില്ല. നിയമസഭാ സംവിധാനങ്ങളും സമരങ്ങളും ഒക്കെ ഉള്ള മൂവി ആയത്കൊണ്ട് കുറച്ചു ബുദ്ധിമുട്ടായിരുന്നു ചെയ്യാൻ.  ഓരോ ചെറിയ ആർട്ടിസ്റ്റിനു പോലും വളരെ ശ്രദ്ധിച്ചാണ് കോസ്റ്റ്യൂം ചെയ്തത്. 

akshaya-premnath34

 

akshaya-premnath2

വാച്ച് ആൻഡ് വാർഡ്, ഓഫിസർമാർ അങ്ങനെ കുറെ ആളുകൾക്കു കോസ്റ്റ്യൂം ചെയ്യണം. ഞാൻ നിയമസഭയിൽ പോയി ആൽബം ഒക്കെ നോക്കി അവരുടെ യൂണിഫോം കണ്ടു പഠിച്ചു.  അതൊന്നും നെറ്റിൽ തിരഞ്ഞാൽ കിട്ടില്ല.  എല്ലാവരുടെയും ആക്സെസീറിസും ഷൂസും ഒക്കെ ഞങ്ങൾ തന്നെയാണ് ചെയ്തത്.  കുറെ പൊലീസുകാരെ പരിചയപ്പെട്ട് അവരുടെ യൂണിഫോമും  മറ്റും മനസ്സിലാക്കി.  എല്ലാവർക്കും ഒരേ പ്രാധാന്യം കൊടുത്താണ് ചെയ്തത്.  മമ്മൂക്കയുടെ കോസ്റ്റ്യൂം അദ്ദേഹത്തിന്റെ കോസ്റ്റ്യൂമർ തന്നെയാണ് ചെയ്തിരിക്കുന്നത്.

 

കൂടുതൽ അഭിനേതാക്കളും ഖദർ വേഷത്തിൽ?

 

അങ്ങനെ അല്ല.  മിക്കവർക്കും ഖദർ ആണെങ്കിൽ കൂടി ഓരോരുത്തരുടെ കോസ്റ്റ്യൂം പാറ്റേണ്‍ വ്യത്യസ്‍തമാണ്.  ഉദാഹരണത്തിന് മുരളി ഗോപിയുടെ കഥാപാത്രം.   അദ്ദേഹത്തിന്റെ വസ്ത്രധാരണ ശൈലി, മേക്കപ്പ് ഒക്കെ വ്യത്യാസമാണ്.  പിന്നെ സുദേവൻ, നിമിഷ, മാമുക്കോയ, സലിം കുമാർ, ജോജു, ജഗദീഷ്, മധു സർ, ഇഷാനി, മാത്യു അങ്ങനെ ഒരുപാട് പേർ. കഥക്ക് അനുസരിച്ചാണ് കോസ്റ്റ്യൂം ചെയ്യുക, അല്ലാതെ വെറുതെ ഫാഷനബിൾ ആക്കിയിട്ടു കാര്യമില്ല. കഥാപാത്രത്തിന്റെ സ്വഭാവത്തിനനുസരിച്ച് കോസ്റ്റ്യൂംസിനും വ്യത്യാസമുണ്ടാകും.  ഇതെല്ലാം മാനേജ് ചെയ്യാൻ എനിക്ക് നല്ലൊരു ടീം ഉണ്ടായിരുന്നു, ഒരു അസ്സോസിയേറ്റും ഉണ്ടായിരുന്നു.  ഞങ്ങളുടെ എല്ലാം ടീം വർക്ക് ആണ് ഈ സിനിമ.   

 

ഒരു സീനിൽ മാത്രം വരുന്ന കഥാപാത്രമാണെങ്കിൽപോലും കോസ്റ്റ്യൂം ഔട്ട് ഓഫ് ഫിറ്റ് ആകാൻ പാടില്ല.  മുഖ്യമന്ത്രിയുടെ ഡ്രൈവറുടെ മുഖം കാണിക്കുന്നത് ഒരേയൊരു സീനിൽ മാത്രമാണ്. അതൊക്കെ കൃത്യമായി ശ്രദ്ധിക്ണം.   സിനിമയിൽ നിയമസഭാ രംഗമുണ്ട്, അന്ന് എല്ലാ പ്രധാന താരങ്ങളും ആ സീനിൽ അഭിനയിക്കുന്നുണ്ട.് ആ രംഗം അഞ്ച് ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്, ആ സമയത്ത് നന്നായി സ്‌ട്രെയിൻ ചെയ്തു.  പക്ഷേ ഒരു നല്ല സിനിമക്ക് വേണ്ടി ചെയ്യുന്ന സന്തോഷവും ത്രില്ലും ഉണ്ടായിരുന്നു.  പിന്നെ മമ്മൂക്ക വളരെ വലിയ സീനിയർ ആർടിസ്റ്റ് ആണ്, അദ്ദേഹം വളരെ സപ്പോർട്ടീവ് ആയിരുന്നു.  അദ്ദേഹത്തിന്റെ സപ്പോർട്ട് ഉള്ളതുകൊണ്ടാണ് എനിക്ക് ഈ സിനിമ ചെയ്യാൻ കഴിഞ്ഞത്.  സിനിമ കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കണ്ടു കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നി. കാരണം അദ്ദേഹം അത്ര ഗംഭീരമായാണ് ആ കഥാപാത്രം കൈകാര്യം ചെയ്തിരിക്കുന്നത്.  സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തർക്കും ഈ ഒരു അഭിപ്രായം ആയിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്.

 

ഒരു തുടക്കകാരി എന്ന നിലയിൽ ഒരു മെഗാസ്റ്റാർ മൂവി ചെയ്യാൻ ആത്മവിശ്വാസം വന്നതെങ്ങനെയാണ് ?

 

സിനിമയിൽ തന്നെ ജോലി ചെയ്യണം എന്നത് എന്റെ ആഗ്രഹമായിരുന്നു. പഠിക്കുമ്പോൾ തന്നെ ഞാൻ കോസ്റ്റ്യൂം ചെയ്തുനോക്കുമായിരുന്നു. ബാക്കി എല്ലാവരും ക്യാംപസ് പ്ലേസ്മെന്റ്, ഓൾ ഇന്ത്യ ഇന്റേൺഷിപ്പ് അങ്ങനെ പോയപ്പോൾ ഞാൻ ഈ ആഗ്രഹത്തിൽ തന്നെ ഉറച്ചു നിന്നു.  പക്ഷേ ആദ്യമായി ചെയ്യുന്ന ഒരാളിന് ഒരു സിനിമ ഏൽപ്പിച്ചു നൽകാൻ പലർക്കും മടിയായിരുന്നു. ആരെങ്കിലും ഒരു അവസരം തന്നാൽ മാത്രമല്ലെ ഞങ്ങളെപ്പോലെ ഉള്ളവർക്ക് കഴിവ് തെളിയിക്കാൻ കഴിയൂ.  

 

ഈ സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങൾ എങ്ങനെയാണ്?

 

നല്ല ഫീഡ്ബാക്ക് വരുന്നുണ്ട്.  ഓം ശാന്തി ഓശാനയുടെ പ്രൊഡ്യൂസർ ആണ് ആദ്യമായി വിളിച്ചത്.  അദ്ദേഹം വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. ഒരുപാടു സുഹൃത്തുക്കളും സിനിമയിലെ സഹപ്രവർത്തകരും വിളിച്ചു. ആദ്യമായി ചെയ്യുന്നതായി തോന്നുന്നതേ ഇല്ല എന്ന് പറഞ്ഞു.  ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com