‘ഗരുഡനു’ പുറകിലെ ആ വക്കീൽ ഇവിടുണ്ട്: ജിനേഷ് എം. അഭിമുഖം
Mail This Article
കോളജിൽ പഠിക്കുന്ന സമയത്ത് സിനിമയാണ് മോഹമെന്നു പറയുമ്പോൾ, 'ഇത് വല്ലതും നടക്കുമോ' എന്നു ചോദിച്ചു നെറ്റി ചുളിച്ചവരുടെ മുമ്പിൽ, ആദ്യ സിനിമ തന്നെ ഒരു വമ്പൻ വിജയമാക്കി തലയുയർത്തി നിൽക്കുകയാണ് ഗരുഡന്റെ കഥാകൃത്ത് ജിനേഷ് എം. സംവിധായകൻ അരുൺ വർമയുടെയും ജിനേഷിന്റെയും ഏഴെട്ടു വർഷത്തെ അലച്ചിലും ആലോചനകളുമെല്ലാം ഗരുഡൻ എന്ന സിനിമയ്ക്കു പിന്നിലുണ്ട്. കേരളത്തിലെ തിയറ്ററുകളിൽ ഗരുഡൻ തരംഗമാകുമ്പോൾ, തൃപ്പൂണിത്തുറക്കാരനായ ജിനേഷിന് അതൊരു അഭിമാന നിമിഷമാവുകയാണ്. സിനിമയിലെ പ്രിയപ്പെട്ടവർ സ്നേഹപൂർവം 'വക്കീലേ' എന്നു വിളിക്കുന്ന ജിനേഷ്, പഠിച്ചതും പഠിപ്പിച്ചതും നിയമമാണ്. ഗരുഡനിലെ കോർട്ട് റൂം ഡ്രാമ അത്രയും റിയൽ ആയി തോന്നുന്നതിനു പിന്നിലെ ബുദ്ധികേന്ദ്രവും മറ്റാരുമല്ല. ഗരുഡന്റെ വിശേഷങ്ങളുമായി ജിനേഷ് മനോരമ ഓൺലൈനിൽ
സിനിമ എന്നെ എഴുത്തുകാരനാക്കി
സ്കൂൾകാലം മുതൽ സിനിമ വലിയൊരു പാഷനായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോഴെ സിനിമയ്ക്കു വേണ്ടി കഥകൾ ആലോചിക്കുന്നതു ശീലമായിരുന്നു. അന്നു മുതൽ സിനിമ മനസിലുണ്ട്. സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് എഴുത്തിലേക്കു വന്നത്. 2009ൽ കോഴിക്കോട്ടെ ഗവ. ലോ കോളജിൽ എൽഎൽബിക്ക് ചേർന്നു. പഠനത്തിനൊപ്പം സിനിമാമോഹവും മനസിൽ സൂക്ഷിച്ചു. 2014ൽ ഡിഗ്രിയുടെ റിസൾട്ട് അറിഞ്ഞ് അടുത്ത ദിവസം മുതൽ ഞാൻ ചാൻസ് ചോദിച്ചിറങ്ങി. ഏതെങ്കിലും സിനിമയിൽ അസിസ്റ്റന്റ് ആയി കയറിക്കൂടുക എന്നതായിരുന്നു ലക്ഷ്യം. അതിനായി പല സംവിധായകരെയും പോയി കണ്ടിട്ടുണ്ട്. പക്ഷേ, എവിടെയും അവസരം ലഭിച്ചില്ല. അതുകൊണ്ട്, ഞാൻ വീണ്ടും പഠിക്കാൻ പോയി. 2015ൽ എൽഎൽഎമ്മിന് കൊച്ചി നുവാൽസിൽ ചേർന്നു. അവിടെ, പഠനത്തിന്റെ ഭാഗമായി റഫർ ചെയ്ത കേസ് സ്റ്റഡീസിൽ നിന്നാണ് ഈ സിനിമയുടെ കഥാതന്തു ലഭിക്കുന്നത്.
സംവിധായകനെ കണ്ടെത്തിയത്
ഒരു സുഹൃത്ത് വഴിയാണ് സംവിധായകൻ അരുൺ വർമയെ പരിചയപ്പെടുന്നത്. പരസ്യചിത്ര സംവിധായകൻ എന്ന നിലയിൽ അരുൺ അന്നേ സ്റ്റാറാണ്. ഫോണിലൂടെയായിരുന്നു ആദ്യമൊക്കെ ഞങ്ങളുടെ വർത്തമാനങ്ങൾ. മലയാളി ആണെങ്കിലും അദ്ദേഹം ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. മലയാളത്തിൽ സിനിമ ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെയും മനസിലുണ്ടായിരുന്നു. ആദ്യം ഞങ്ങൾ സംസാരിച്ചത് സിനിമകളെക്കുറിച്ചായിരുന്നു. പിന്നീട് ആ ചർച്ചകൾ കഥകളിലേക്ക് വഴി മാറി. രണ്ടു മൂന്നു കഥകൾ ഞങ്ങൾ സംസാരിച്ചിരുന്നു. അതിൽ ഗരുഡന്റെ കഥയാണ് അരുണിന് ഇഷ്ടപ്പെട്ടത്. ഞാൻ ചെന്നൈയിൽ പോയി അദ്ദേഹത്തെ നേരിൽ കണ്ടു. പിന്നെ, ഈ കഥയുമായി എട്ടുവർഷങ്ങൾ ഞങ്ങളൊരുമിച്ച് സഞ്ചരിക്കുകയായിരുന്നു.
ഗെയിം ചേഞ്ചറായത് ലിസ്റ്റിൻ സ്റ്റീഫൻ
2017ൽ എനിക്ക് ചെന്നൈയിൽ ഒരു കോളജിൽ അധ്യാപകനായി ജോലി കിട്ടി. ഞാൻ ചെന്നൈയിലേക്കു വന്നതോടെ അരുണുമായുള്ള ചർച്ചകളും കൂടിക്കാഴ്ചകളും കുറച്ചു കൂടെ എളുപ്പമായി. എന്റെ സുഹൃത്ത് ദീപക് വഴിയാണ് മാജിക് ഫ്രെയിംസിലെ നവീൻ തോമസിനെ പരിചയപ്പെടുന്നതും പിന്നീട് ലിസ്റ്റിൻ സ്റ്റീഫനിലേക്ക് എത്തുന്നതും. ലിസ്റ്റിൻ സർ വന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ലിസ്റ്റിനെ കാണുന്നതിനു മുമ്പ് വേറെ പല നിർമാതാക്കളെയും സമീപിച്ചിരുന്നു. പക്ഷേ, ഡാർക്ക് ആണെന്നു പറഞ്ഞ് അവർ ഒഴിവാക്കി. മലയാളത്തിൽ ഇതു വർക്ക് ആകില്ലെന്നു പറഞ്ഞവരുണ്ട്. ഈ കഥ എങ്ങനെ പിച്ച് ചെയ്യും എന്നറിയാതെ നിൽക്കുമ്പോഴാണ് ലിസ്റ്റിൻ സാറിനെ കാണുന്നതും ഈ പ്രൊജക്ട് വലുതാകുന്നതും. ഞങ്ങൾ ഈ കഥയുമായി നിർമാതാക്കളെ തപ്പി നടക്കുന്ന സമയത്ത് അഞ്ചാം പാതിര ഇറങ്ങിയിട്ടില്ല. ഇത്തരം ഡാർക്ക് സിനിമകൾ ട്രെൻഡ് ആയിട്ടുമില്ല. പക്ഷേ, ഈ സബ്ജക്ടിൽ ഞങ്ങൾക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു.
ഇംപാക്ട് കൊണ്ടു വന്ന മിഥുൻ മാജിക്
2019ൽ തന്നെ ഗരുഡന്റെ കഥ, തിരക്കഥാരൂപത്തിൽ ഞാനും അരുൺ സാറും കൂടി തയാറാക്കിയിരുന്നു. കുറച്ചു വർഷങ്ങളായി ഞങ്ങൾ ഇതിനു പിന്നിലാണല്ലോ. ഔട്ട്ഡേറ്റഡ് ആയി തോന്നിയ പലതും ഒഴിവാക്കി മിനുക്കി മിനുക്കിയാണ് ഞങ്ങൾ തിരക്കഥ ഒരുക്കിയിരുന്നത്. പക്ഷേ, ഒരു പോയിന്റ് എത്തിയപ്പോൾ, അതിൽക്കൂടുതൽ ഞങ്ങൾക്കൊന്നും അതിലേക്ക് കൊടുക്കാൻ പറ്റാതെയായി. അപ്പോഴാണ് ലിസ്റ്റിൻ സർ മറ്റൊരു തിരക്കഥാകൃത്തിന്റെ അഭിപ്രായം തേടാമെന്നു പറയുന്നത്. അങ്ങനെ അദ്ദേഹം വഴി മിഥുൻ മാനുവൽ തോമസിലേക്ക് ഞങ്ങളെത്തി. സുരേഷ് ഗോപി–ബിജു മേനോൻ എന്ന കോംബോ അതിനു മുമ്പു തന്നെ ഉറപ്പിച്ചിരുന്നു. ഈ കഥയിൽ വലിയൊരു സാധ്യതയുണ്ടെന്ന് ആദ്യം പറയുന്നത് മിഥുനേട്ടനാണ്. ഒരു പോപ്പുലർ സിനിമയുടെ ഫോർമാറ്റിലേക്ക് മിഥുനേട്ടൻ ആ തിരക്കഥയെ മാറ്റിയെഴുതി. അദ്ദേഹത്തിന്റെ സ്ക്രിപ്റ്റ് സെൻസ് അപാരമാണ്. പ്രേക്ഷകന്റെ പൾസ് കൃത്യമായി അദ്ദേഹത്തിന് അറിയാം. ഞങ്ങൾക്ക് അതൊരു പഠനപ്രക്രിയ ആയിരുന്നു. ഫ്രീ ആയി ഒരു ഫിലിം കോഴ്സ് ചെയ്ത പോലെയായിരുന്നു അദ്ദേഹത്തിനൊപ്പമുള്ള ദിവസങ്ങൾ. ഒരു സീൻ എങ്ങനെ പ്രേക്ഷകർക്ക് കണക്ട് ആകുന്ന തരത്തിൽ എലവേറ്റ് ചെയ്യാമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. എനിക്ക് വലിയൊരു പ്രചോദനമാണ് അദ്ദേഹം.
വമ്പൻ സിനിമയാക്കിയത് ലിസ്റ്റിൻ
മാജിക് ഫ്രെയിംസിൽ എത്തുന്നതിനു മുമ്പ് ഗരുഡൻ എന്നതൊരു ചെറിയ സിനിമയായിരുന്നു. സുരേഷ് ഗോപി, ബിജു മേനോൻ പോലെയുള്ള വമ്പൻ താരങ്ങൾ ഈ സിനിമയുടെ ഭാഗമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. ഈ കഥ ലിസ്റ്റിൻ സർ ലോക്ക് ചെയ്തതിനു ശേഷം അദ്ദേഹം ഞങ്ങളോടു പറയുന്നത് ഒറ്റ കാര്യമാണ്, സിനിമ പരമാവധി വലുതാക്കൂ എന്ന്. ചെറിയ രീതിയിൽ ചെയ്താൽ ഒട്ടും ഇംപാക്ട് ഉണ്ടാവില്ലെന്ന് അദ്ദേഹം നിരന്തരം ഓർമപ്പെടുത്തി. അങ്ങനെയൊരു നിർമാതാവ് പറയുമ്പോൾ പിന്നെ എങ്ങനെയാണ് വെറുതെ ഇരിക്കാനാവുക? അരുൺ വർമ എന്ന സംവിധായകന്റെ വലിയൊരു അധ്വാനമുണ്ട് ഈ സിനിമയ്ക്കു പിന്നിൽ. അദ്ദേഹം ഒരു പെർഫെക്ഷനിസ്റ്റ് ആണ്. ഈ സിനിമയ്ക്കു വേണ്ടി നല്ലോണം അദ്ദേഹം കഷ്ടപ്പെട്ടിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ഈ സിനിമയ്ക്കു വേണ്ടി അദ്ദേഹം കേരളത്തിലേക്കു വന്നു. അദ്ദേഹത്തെപ്പോലെ ഒരാളുടെ പരിശ്രമവും കഠിനാധ്വാനവും ഈ സിനിമയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.