‘എടാ മോനേ കുട്ടേട്ടനാടാ’; ‘ആവേശ’ത്തിലെ ‘കുട്ടി’ വില്ലൻ; മിഥുട്ടി അഭിമുഖം
Mail This Article
രങ്കന്റെ പിള്ളേരെ വിറപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ കഥാപാത്രമാണ് ആവേശത്തിലെ കുട്ടി. ‘ഡാ കുട്ടേട്ടനാടാ’ എന്നു കേട്ടാൽ സഹപാഠികൾക്ക് സ്നേഹമല്ല തോന്നുക, കുട്ടേട്ടൻ എന്ന പേര് കേട്ടാൽ തന്നെ ഞെട്ടി വിറക്കുകയാണ് സുഹൃത്തുക്കൾ. ‘ആവേശ’ത്തിലെ കുട്ടി എന്ന വില്ലൻ കഥാപാത്രത്തെ മനോഹരമാക്കിയത് മോജിലും ജോഷിലും, റീൽസിലും ഒക്കെയായി സമൂഹ മാധ്യമങ്ങളിൽ ചിരിയുടെ മാലപ്പടക്കം തീർക്കുന്ന മിഥുൻ ആണ്. സിനിമയിൽ അഭിനയിക്കുക എന്നത് സ്വപ്നം പോലും കാണാനാകാത്ത സാഹചര്യത്തിൽ നിന്ന് ‘ആവേശ’ത്തിലെ കുട്ടിയായി മാറാനുള്ള ആത്മവിശ്വാസം പകർന്നത് സോഷ്യൽ മീഡിയയിൽ റീൽസ് ചെയ്തു തുടങ്ങിയപ്പോഴാണെന്ന് മിഥുൻ പറയുന്നു. മിഥുൻ എന്ന പേരിൽ നിന്ന് ‘ആവേശ’ത്തിലെ കുട്ടിയായി മാറിയ തനിക്ക് ഇനി മിഥുട്ടി എന്ന് അറിയപ്പെടാനാണ് ഇഷ്ടമെന്നും താരം പറയുന്നു. ഫഹദ് ഫാസിൽ എന്ന അദ്ഭുത താരത്തിന്റെ അഭിനയം നേരിട്ട് കണ്ട രോമാഞ്ചവും ആവേശവും പങ്കുവച്ചുകൊണ്ട് മിഥുട്ടി മനോരമ ഓൺലൈനിനോട് സംവദിക്കുന്നു.
ഞാൻ ഇനി മിഥുട്ടി
എന്റെ പേര് മിഥുൻ സുരേഷ്. ‘ആവേശം’ സിനിമയിൽ എന്റെ പേര് കുട്ടി എന്നാണ്. എന്നെ ഇനി മിഥുട്ടി എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം. എന്നെ മിഥുട്ടിഎന്നപേര് ആദ്യമായി വിളിച്ചത് അമ്മയാണ്. കുഞ്ഞിലേ മുതൽ അമ്മ അങ്ങനെയാണ് വിളിക്കുന്നത്. ആ ഒരു സോഫ്റ്റ് കോർണർ ഉള്ളതുകൊണ്ടാണ് ഞാൻ ഈ പേര് സ്വീകരിക്കുന്നത്. തൃശൂർ പുത്തൂര് ആണ് വീട്. ഗ്രാഫിക് ഡിസൈനിങ്, അഡ്വർടൈസിങ് ഒക്കെയാണ് ഞാൻ ചെയ്തുകൊണ്ടിരുന്നത്. സോഷ്യൽ മീഡിയയിൽ മോജിലും ജോഷിലും, റീൽസിലും പ്രത്യക്ഷപ്പെട്ടതോടെയാണ് എന്നെ മറ്റുള്ളവർ തിരിച്ചറിഞ്ഞു തുടങ്ങിയത്. റീൽസ് ചെയ്യുമ്പോൾ എനിക്ക് ഏറ്റവും വലിയ പിന്തുണയുമായി കൂടെ നിന്നത് എന്റെ അമ്മയാണ്. അമ്മ പ്രചോദനമായി കൂടെ നിന്നുകൊണ്ടാണ് എനിക്ക് ഇവിടെ വരെ എത്താൻ കഴിഞ്ഞത്.
അത് കണ്ടിട്ടാണ് ജിത്തു മാധവൻ എന്നെ വിളിച്ചത്. ജിത്തു ചേട്ടന്റെ ഭാര്യ ഷിഫ്ന ചേച്ചി സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. ചേച്ചിയാണ് എന്നെ കോൺടാക്ട് ചെയ്തത്. ഓഡിഷന് വേണ്ടി ജിത്തുച്ചേട്ടനെ പോയി കണ്ടു. കുറച്ചു ദിവസം കഴിഞ്ഞാണ് സിനിമയ്ക്ക് വേണ്ടിയുള്ള സ്ക്രീൻ ടെസ്റ്റിന് പോയത്. സ്‌ക്രീനിങ്ങിനു ചെന്നപ്പോൾ തന്നെ ഫഹദ് ഇക്കയുടെ പടം ആണെന്ന് പറഞ്ഞു. ബാക്കി കാസ്റ്റിങ് നടക്കുന്നതേ ഉള്ളൂ. എന്റെ റോള് ചെയ്യിപ്പിച്ചു നോക്കിയിട്ട് വിട്ടു പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പടത്തിലേക്ക് സിലക്ട് ആയി എന്ന് പറഞ്ഞത്. ഫഹദ് ഇക്കയോടൊപ്പം ഒരു സിനിമ ചെയ്യുക എന്ന സത്യം അംഗീകരിക്കാൻ കുറേനേരം എടുത്തു.
ഫഹദ് ഫാസിലിനൊപ്പം ആദ്യസിനിമ
ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു റോൾ ആണ് ഞാൻ ചെയ്യുന്നത് എന്ന് അറിഞ്ഞത് ഞാൻ അവിടെ എത്തിയതിനുശേഷമാണ്. അതുവരെ എന്താണ് ഞാൻ ചെയ്യാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അതറിഞ്ഞപ്പോൾ എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റ് ആയി. ഫഹദ് ഇക്കയെ കാണണം എന്നുള്ളത് ഭയങ്കര ആഗ്രഹമായിരുന്നു. ആദ്യ പടം തന്നെ ഫഹദ് സിനിമ ആയത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു.
ഫഹദ് ഇക്ക ഞങ്ങൾ കാണുന്നതിന് മുൻപേ തന്നെ ഞങ്ങളെപ്പറ്റി അമ്പുക്കയോട് (അൻവർ റഷീദ്) ചോദിച്ചു മനസ്സിലാക്കി വച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ഫഹദ് ഇക്കയ്ക്ക് ഞങ്ങളുടെ കാര്യങ്ങളൊക്കെ അറിയാം. അദ്ദേഹം ഞങ്ങളെ ഇങ്ങോട്ട് വന്ന് പേര് വിളിച്ച് പരിചയപ്പെടുത്തുകയായിരുന്നു. അദ്ദേഹം ഇങ്ങോട്ട് വന്നു സംസാരിച്ചപ്പോ ഞങ്ങൾക്ക് കൂടുതൽ എക്സൈറ്റ്മെന്റ് ആയി. ആദ്യമായി സംസാരിക്കുമ്പോഴുള്ള പേടിയും വെപ്രാളവും ഒക്കെ മാറി ഞങ്ങൾ കൂൾ ആയി. അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള ആകാംക്ഷയോടെയാണ് പിന്നീട് ഓരോ ദിവസവും നീക്കിയത്.
ഫഹദ് മുന്നിൽ നിന്ന് ആറാടുകയാണ്
ഫഹദ് ഇക്കയുടെ കൂടെ എനിക്ക് അധികം കോമ്പിനേഷൻ സീൻ ഒന്നും ഇല്ലായിരുന്നു. രണ്ടോ മൂന്നോ സീനുകളെ ഉണ്ടായിരുന്നുള്ളൂ. അതിൽ ഒന്നാണ് ആ കോളജിലെ ഫൈറ്റ് സീൻ. എനിക്ക് ഷൂട്ട് ഇല്ലാത്ത ദിവസങ്ങളിലും ഞാൻ സെറ്റിൽ പോയി എല്ലാവരും അഭിനയിക്കുന്നത് കണ്ട് നിൽക്കുമായിരുന്നു. പ്രധാനമായും ഫഹദ് ഇക്കയെ കാണുകയായിരുന്നു ലക്ഷ്യം. സിനിമയിൽ മാത്രം കണ്ടിരുന്ന ആളെ നേരിട്ട് കണ്ടപ്പോൾ അദ്ദേഹം അഭിനയിക്കുന്നത് കണ്ടപ്പോൾ എനിക്ക് ശരിക്കും അതിശയം തോന്നി. നമ്മുടെ കൺമുന്നിൽ നിന്ന് ആള് തകർക്കുകയാണ്.
അദ്ദേഹം അഭിനയിക്കുന്നത് നേരിട്ട് കണ്ട് നിന്നതിന്റെ രോമാഞ്ചം ഇപ്പോഴും മാറിയിട്ടില്ല. അദ്ദേഹം കഥാപാത്രമായി മാറുമ്പോഴുള്ള ബോഡി ലാംഗ്വേജും ഡയലോഗ് പറയുന്നതും ഒക്കെ ആശ്ചര്യത്തോടെയാണ് ഞാൻ നോക്കി നിന്നത്. പെട്ടെന്നാണ് ബോഡി ലാംഗ്വേജ് ഒക്കെ മാറി ആള് കഥാപാത്രമായി മാറുന്നത്. ഞങ്ങളോടൊക്കെ വളരെ നല്ല സൗഹൃദമായിരുന്നു. ഒരു ഏട്ടനെ പോലെയാണ് തോന്നിയത് ഞങ്ങളുടെ കൂടെ നിന്ന് അഭിനയത്തിന്റെ പല കാര്യങ്ങളും പറഞ്ഞു തന്നിരുന്നു. എനിക്ക് അദ്ദേഹത്തോടൊപ്പം ഒരുമിച്ചുള്ള സീനുകൾ കൂടുതൽ ഇല്ലെങ്കിലും ഉള്ള സമയത്ത് എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നിരുന്നു അദ്ദേഹം.
സെറ്റിൽ ആരുമായും സൗഹൃദമില്ല
ഞാൻ റീൽസ് ചെയ്യുന്നത് കൂടുതലും കോമഡി ഹ്യൂമർ കഥാപാത്രങ്ങളെ ആയിരുന്നു. പക്ഷേ ജിത്തു ഏട്ടൻ എനിക്ക് ആദ്യമായ് കാത്തുവെച്ചിരുന്നത് ഒരു വില്ലൻ കഥാപാത്രമായിരുന്നു. ഒരു മാസ് കഥാപാത്രമാണ് കുട്ടി. മറ്റുള്ള വിദ്യാർഥികൾ കുട്ടി എന്ന പേര് കേട്ടാൽ പേടിച്ചു വിറയ്ക്കും. ആ ഒരു മൂഡ് എനിക്ക് കിട്ടാൻ വേണ്ടിയിട്ട് സെറ്റിലും ലൊക്കേഷനിലും എല്ലാം ഒറ്റയ്ക്ക് നടക്കാനും മറ്റുള്ളവരോട് കൂടുതൽ കൂട്ടുകൂടാതെ ഇരിക്കാനും എന്നോട് പറഞ്ഞു.
അവരോടൊക്കെ സംസാരിക്കും വളരെ നല്ല സൗഹൃദമായിരുന്നു എങ്കിലും സെറ്റിൽ എത്തി കഴിഞ്ഞാൽ ഞാൻ അവരിൽനിന്നെല്ലാം അകന്ന് ഒറ്റയ്ക്ക് നടക്കുമായിരുന്നു. നസ്രിയ ചേച്ചിയുടെ സഹോദരൻ നവീൻ നസീം ഈ സിനിമയിൽ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിരുന്നു. നവീൻ ബ്രോയാണ് എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നത്. ഇങ്ങനെ കടുപ്പിച്ച ഒരു മൂഡ് എപ്പോഴും പിടിച്ചുനിൽക്കാൻ നവീൻ എന്നെ ഉപദേശിച്ചു.. സെറ്റിൽ വന്നു കഴിഞ്ഞാൽ എപ്പോഴും ആ കഥാപാത്രത്തെപ്പറ്റി ഓർത്ത് ആ ഒരു മൂഡ് നിലനിർത്തി നിൽക്കണം വേറൊന്നും ചിന്തിക്കരുത് എന്ന് നവീൻ പറഞ്ഞിരുന്നു.
സസ്പെൻസ് പൊട്ടിച്ചത് ആദ്യ ഷോയിൽ
എന്റെ കഥാപാത്രത്തെ സസ്പെൻസ് ആക്കി വച്ചിരിക്കുകയായിരുന്നു അതുകൊണ്ട് എന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ ഒന്നും പുറത്തിറക്കിയിരുന്നില്ല. സിനിമയുടെ ഫസ്റ്റ് ഷോ കണ്ടപ്പോഴാണ് എല്ലാവർക്കും എന്റെ കഥാപാത്രം വില്ലൻ ആണെന്ന് മനസ്സിലായത്. എന്റെ ശരീരം വച്ചിട്ട് ഞാൻ വില്ലൻ ആയിരിക്കുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ? അപ്പോൾ അപ്രതീക്ഷിതമായ ഒരു കഥാപാത്രത്തെ കൊടുക്കാനായിരുന്നു ഉദ്ദേശം. അതിൽ വിജയിച്ചു എന്നാണ് തോന്നുന്നത് സിനിമ വന്നപ്പോൾ എന്റെ കഥാപാത്രം കണ്ട് എല്ലാവരും സർപ്രൈസ് ആയി. ജിത്തു ചേട്ടന്റെ ഐഡിയ ആയിരുന്നു എന്നെ സർപ്രൈസ് ആക്കി വയ്ക്കുക എന്നുള്ളത്.
സ്വപ്നം സത്യമായപ്പോൾ
ഞാൻ സിനിമയിൽ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആളാണ്. കാരണം നമ്മുടെ ലൈഫ് സ്റ്റൈൽ ഒന്നും സിനിമയിൽ എത്താൻ കഴിയുന്നത് ആയിരുന്നില്ല. പിന്നെ സമൂഹ മാധ്യമങ്ങളിൽ റീൽസ് പോപ്പുലർ ആയപ്പോൾ ഞാൻ ചെയ്തു തുടങ്ങി അപ്പോഴാണ് എനിക്ക് എന്നിൽ ഒരു വിശ്വാസം വന്നു തുടങ്ങിയത്. അഭിനയിക്കാൻ പറ്റും എന്ന് എനിക്ക് മനസ്സിലായി. പക്ഷേ അപ്പോഴും സിനിമയിൽ അഭിനയിക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിച്ചതേ ഇല്ല. തിയറ്ററിൽ സിനിമ കാണാൻ പോകുമ്പോൾ ഇത് ചെയ്യുന്നത് ഞാനായിരുന്നു എങ്കിൽ എന്നൊക്കെ ചിന്തിച്ചു നോക്കിയിട്ടുണ്ട്. സ്വപ്നം കാണാൻ ഫീസ് കൊടുക്കേണ്ട കാര്യമില്ലല്ലോ. ഇനിയും കൂടുതൽ നല്ല റോളുകൾ കിട്ടും എങ്കിൽ സിനിമയിൽ തന്നെ നിൽക്കണം എന്നാണ് ആഗ്രഹം.
‘ഡാ നിന്റെ സിനിമയ്ക്ക് ഒരു ടിക്കറ്റ് ഒപ്പിച്ചു തരുമോ?’
ആവേശത്തിന് നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്. തിയറ്ററിൽ പോയി സിനിമ കണ്ടുകൊണ്ടിരുന്ന ഞങ്ങൾക്കൊക്കെ ഇപ്പോൾ വിഷു റിലീസായി നമ്മുടെ സിനിമ തിയറ്ററിൽ വരുന്നത് മറ്റുള്ളവർ പോയി കാണുന്നത് വലിയ സന്തോഷമാണ് തരുന്നത്. ഒരു പുതിയ ജീവിതം പോലെയാണ് തോന്നുന്നത്. ഇന്നലെവരെ നമ്മളെ സാധാരണക്കാരായി കണ്ടുകൊണ്ടിരുന്നവർ ഇന്ന് ഒരു സിനിമാതാരത്തെ എന്ന രീതിയിലാണ് നോക്കുന്നത്. എല്ലാവരും വളരെ പോസിറ്റീവായ പ്രതികരണങ്ങളാണ് തരുന്നത്.
നമ്മുടെ നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം നല്ല അഭിപ്രായം പറഞ്ഞു. പലർക്കും ടിക്കറ്റ് കിട്ടുന്നില്ല.ചില സുഹൃത്തുക്കൾ വിളിച്ചിട്ട് നിന്റെ പടത്തിന്റെ ടിക്കറ്റ് കിട്ടുമോ എന്ന് ചോദിച്ചു അവർക്ക് ടിക്കറ്റ് കിട്ടുന്നിലായിരുന്നു. ടിക്കറ്റ് കിട്ടുന്നില്ല എന്ന് പറയുമ്പോൾ നമുക്ക് സന്തോഷമാണ്. പക്ഷേ ടിക്കറ്റ് കിട്ടാത്തവർക്ക് വിഷമവും ആണ്. വീട്ടിൽ അച്ഛനും അമ്മയും രണ്ട് അനിയന്മാരും ആണ് ഉള്ളത്. സിനിമ കണ്ടപ്പോ അവർക്കൊക്കെ വലിയ സന്തോഷമായി.