സംവിധാനത്തിനായി അഭിനയം നിർത്തേണ്ടി വന്നാൽ ചെയ്യും, ഇനി ഇക്കൊല്ലം ഒരു ബ്രേക്ക്: ബേസിൽ ജോസഫ് പറയുന്നു

Mail This Article
സംവിധാന മികവുകൊണ്ടും വ്യത്യസ്തമായ അഭിനയ ശൈലികൊണ്ടും മലയാളികളുടെ പ്രിയ താരമായി മാറിയ താരമാണ് ബേസിൽ ജോസഫ്. 2024–ൽ വ്യത്യസ്തമായ വേഷങ്ങൾക്കും തുടർച്ചയായ ഹിറ്റുകൾക്കുമൊപ്പം യാത്ര ചെയ്ത ബേസിൽ 2025–ലെ തന്റെ രണ്ടാം ചിത്രമായ പൊൻമാനുമായി എത്തുകയാണ്. മലയാള സിനിമയിൽ കൈ വെച്ച മേഖലയിലെല്ലാം തന്റെ കഴിവ് തെളിയിച്ച താരം തന്റെ പുതിയ സിനിമകളെ കുറിച്ചും സംവിധാന സംരംഭങ്ങളെക്കുറിച്ചും മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.
ഒരു നിസ്സഹായനായ സാധാരണക്കാരൻ
പൊൻമാൻ സാധാരണക്കാരനായ ഒരാളുടെ കഥയാണ്. കുറച്ച് പിടിവാശിയുള്ള എന്നാൽ ഒരു നിസ്സഹായാവസ്ഥയിൽ പെട്ടുപോകുന്ന ഒരു ചെറുപ്പക്കാരനാണ് ഈ സിനിമയിൽ ഞാൻ. ആ ജീവിതം പൊന്നുമായി ബന്ധപ്പെട്ട് നിൽക്കുന്ന കുറേ അധികം ആളുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വർഷം ചെയ്ത സൂക്ഷ്മദർശിനി ആയാലും ഇക്കൊല്ലം വന്ന പ്രാവിൻകൂട് ഷാപ്പ് ആയാലും കുറച്ച് കൺഫ്യൂസ് ചെയ്യിക്കുന്ന അല്ലങ്കിൽ ഗ്രേ ഷേഡുള്ള കഥാപാത്രങ്ങൾ ആയിരുന്നു. എന്നാൽ ഇതിൽ കള്ളത്തരങ്ങളോ പദ്ധതികളോ ഒന്നുമില്ല. നായകനെന്നോ പ്രതിനായകനെന്നോ തിരിച്ചറിയാൻ പാടുപെട്ടേക്കാവുന്ന രീതിയിലുള്ളൊരു ആൾ. അതു തന്നെയായിരുന്നു എന്നെ ഈ സിനിമയിലേക്ക് ആകർഷിച്ചതും.
സംവിധാനമാണ് പ്രാധാനം അതിനുവേണ്ടി അഭിനയത്തിനൊരു ബ്രേക്ക്
അഭിനയം എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. കഥാപാത്രമായി സഞ്ചരിക്കുക, കുറേ നാള്‍ ആ കഥാപാത്രത്തിൽ ജീവിക്കുക, സിനിമ ഇറങ്ങിയ ശേഷം ആളുകൾ കഥാപാത്രത്തിന്റെ പേരിൽ നമ്മളെ വിളിക്കുക, അതൊന്നും എല്ലാവർക്കും ഉണ്ടാകുന്ന ഭാഗ്യമല്ല. അതിലെല്ലാം ഭയങ്കര സന്തോഷമുണ്ട്. അതേസമയം പ്രാധാന്യം കൊടുക്കുന്നത് സംവിധാനത്തിനു തന്നെയാണ് അതിനു വേണ്ടി വലിയ ബ്രേക്ക് എടുക്കുകയോ പൂർണമായി അഭിനയം നിർത്തേണ്ടി വരികയോ വന്നാലും സംവിധാനത്തിനു തന്നെയാണ് മുൻഗണന. ഈ വർഷം അഭിനയിക്കുന്ന സിനിമകൾ കുറച്ചിരിക്കുകയാണ്. കൊലമാസ് എന്ന ചിത്രം കൂടിക്കഴിഞ്ഞാൽ ഇനി വേറെ സിനിമകൾ ഇല്ല. എന്റെ സംവിധാനത്തില്‍ പുതിയൊരു സിനിമ കഴിഞ്ഞ വർഷം സംഭവിക്കേണ്ടതായിരുന്നു. നമ്മുടേതല്ലാത്ത കാരണത്താൽ അത് നീണ്ടു നീണ്ടു പോയി. എന്തായാലും ഈ വർഷം അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും, റിലീസും മറ്റു കാര്യങ്ങളും ഒന്നും ഈ വർഷം ഉണ്ടാകാൻ സാധ്യതയില്ല. അതൊന്നു ട്രാക്കിലെത്തുന്നതു വരെ അഭിനയത്തിൽ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നു. അത് ചിലപ്പോൾ ചെറുതായിരിക്കും ചിലപ്പോൾ എത്രത്തോളം നീണ്ടുപോകുമെന്നും അറിയില്ല.
മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങൾ പഴയ കാലങ്ങൾ തിരഞ്ഞെടുക്കുന്നത്
ഞാൻ സംവിധാനം ചെയ്ത ചിത്രങ്ങൾ എല്ലാം പറയുന്നത് ഓരോ കള്ളക്കഥകൾ ആണ്. മിന്നൽ അടിച്ചാൽ ഒരാൾക്ക് സൂപ്പർ പവർ കിട്ടുമെന്ന് ഞാൻ കരുതുന്നില്ല. പഴയ കാലമാകുമ്പോൾ ആ കള്ളത്തരങ്ങൾക്ക് കുറച്ചുകൂടെ വിശ്വസനീയത ലഭിക്കും. ടെക്നോളജിയെ കുറച്ചെല്ലാം അതിൽ നിന്നും ഒഴിവാക്കി നിർത്താൻ സാധിക്കും. സോഷ്യൽ മീഡിയ പോലുള്ള ഘടകങ്ങൾ അവശ്യമില്ലാതെ വരുമ്പോൾ ആ കഥ പറയാൻ കുറച്ചുകൂടെ എളുപ്പമാകും.
ഞാൻ കണ്ട് വളർന്നതും കേട്ട് വന്നതുമായ കാര്യങ്ങൾ ചിത്രീകരിക്കാൻ കഴിയുന്നതും വലിയൊരു കാര്യമാണല്ലോ. ആ ഗൃഹാതുരത്തമുള്ള ഓർമകളിൽ ഒരു രസമുണ്ട്. അതുകൊണ്ട്കൂടിയാണ് പഴയ കാലങ്ങളിലേക്കു പോയത്. എല്ലാ ചിത്രങ്ങളും അങ്ങനെ ആകണമെന്നില്ല. കൊച്ചി നഗരത്തിൽ നടക്കുന്ന ഒരു കഥ പറയുമ്പോൾ മെട്രോയിൽ ഇറങ്ങി ഫോൺ വിളിക്കുന്ന ഒരാളുടെ രംഗം കഥയിൽ ഉണ്ടായാൽ നമുക്ക് പഴയ കാലം കാണിക്കാൻ കഴിയില്ലല്ലോ ? ആ ചിത്രങ്ങൾ ഒരുപോലെ അങ്ങ് സംഭവിച്ചെന്നേയുള്ളൂ
ഈ കഥാപാത്രം തിരഞ്ഞെടുക്കാനുള്ള കാരണം
നാലഞ്ചു ചെറുപ്പക്കാർ എന്ന നോവൽ വായിച്ചപ്പോൾ ഒരു ആത്മാവുള്ള കഥാപാത്രമായിട്ടാണ് എനിക്കു തോന്നിയത്. ഒരു കഥ സിനിമയാകുമ്പോൾ അതിൽ സിനിമയ്ക്കു വേണ്ടി വലുതും ചെറുതുമായ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും. ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റിൽ നന്നായി വർക്ക് ചെയ്തിട്ടുണ്ട് എന്നെനിക്കു തോന്നി. നോവൽ അതുപോലെ തന്നെ സിനിമയാക്കിയാൽ അത് സിനിമ എന്ന രീതിയിൽ മികച്ചതാകാൻ വഴിയില്ല. അതുകൊണ്ട് ഇതിന്റെ കഥാകൃത്തുക്കൾ മികച്ചരീതിയിൽ സ്ക്രിപ്റ്റ് ചെയ്തിട്ടുണ്ട്. നോവൽ വായിച്ചവർക്കുപോലും സിനിമ പുതിയൊരു അനുഭവമായിരിക്കും. എഴുത്തിന് അതിന്റേതായ സ്വാതന്ത്രമുണ്ട് അത് സിനിമയിലെക്കെത്തുമ്പോൾ വ്യത്യാസപ്പെടും. സിനിമയുടെ പ്രിവ്യൂ ഞാൻ കണ്ടിരുന്നു വളരെ മികച്ച രീതിയിൽ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നു കരുതുന്നു.