ADVERTISEMENT

എഴുത്തിന്റെ വഴികളിലെ ഒറ്റയ്ക്കുള്ള യാത്രകളിലൊന്നിലാണ് നാലഞ്ചു ചെറുപ്പക്കാർ ജി.ആർ.ഇന്ദുഗോപനൊപ്പം ചേർന്നത്. കൂട്ടം ചേർന്നുള്ള ആ യാത്ര പിന്നീടു സിനിമയിലേക്കെത്തി. കഥയിലും തിരയിലുമായി ഒപ്പം നടന്ന്, പ്രേക്ഷകരുടെ മനസ്സിലേക്ക് നടന്നു കയറിയ ചെറുപ്പക്കാരെ കുറിച്ച് ഇന്ദുഗോപൻ പറയുന്നു.

നാലഞ്ചു ചെറുപ്പക്കാ‍ർ

പൊൻമാന്റെ സംവിധായകൻ ജോതിഷ് ശങ്കർ ഉൾപ്പെടെ കൊല്ലത്തുള്ള ഒരുകൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തിൽ നടന്ന കഥയാണിത്. തന്റെയും സുഹൃത്തുക്കളുടെയും ജീവിതത്തിൽ നടന്ന രസകരമായ കുറെ സംഭവങ്ങളെക്കുറിച്ച് ജോതിഷ് എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു. ഇതിൽ എവിടെയെങ്കിലും ഒരു കഥയ്ക്കോ നോവലിനോ സാധ്യത ഉണ്ടോയെന്നും ചോദിച്ചു. അന്ന് പുതിയൊരു നോവൽ എഴുതാനുള്ള തയാറെടുപ്പിലായിരുന്നു ഞാൻ. അവർ പറഞ്ഞ കാര്യങ്ങളെല്ലാം ടൈപ് ചെയ്തെടുത്തു. പിന്നീട് ഇടയ്ക്കൊക്കെ കഥയെക്കുറിച്ച് അന്വേഷിക്കാൻ ജോതിഷ് വിളിക്കുമായിരുന്നു. ഒരിക്കൽ ഈ ടൈപ് ചെയ്തെടുത്ത കാര്യങ്ങൾ വായിക്കുന്നതിനിടെയാണ് ഒരു കല്യാണവീട്ടിൽ നടന്ന സംഭവത്തെക്കുറിച്ചും പി.പി.അജേഷ് എന്ന കഥാപാത്രത്തെക്കുറിച്ചും ഞാൻ ശ്രദ്ധിക്കുന്നത്. അന്ന് കല്യാണവീട്ടിൽ സ്വർണവുമായി എത്തിയ അജേഷിന് പിന്നെ എന്തു സംഭവിച്ചു എന്ന് ആർക്കും അറിയില്ല. അജേഷിന്റെ പിന്നീടുള്ള ജീവിതത്തെക്കുറിച്ചു തോന്നിയ കൗതുകമാണ് നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിലേക്കു വഴിതുറന്നത്.

പൊൻമാനിലേക്ക്

നോവൽ ഇഷ്ടപ്പെട്ടതോടെ ജോതിഷ് അതു സിനിമയാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി എത്തി. അങ്ങനെ നാലഞ്ചു ചെറുപ്പക്കാർ പൊൻമാനായി മാറുകയായിരുന്നു. കഥയിൽ ചില കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും വരുത്തിയ ശേഷമാണ് പൊൻമാന്റെ സ്ക്രിപ്റ്റ് ഉണ്ടാക്കുന്നത്. എന്റെ സഹ എഴുത്തുകാരനായ ജസ്റ്റിൻ മാത്യുവാണ് സിനിമയുടെ രണ്ടാം പകുതിയിൽ നിർണായകമായ പല കാര്യങ്ങളും കൂട്ടിച്ചേർത്തതും വാണിജ്യ സ്വഭാവത്തെ പൊലിപ്പിച്ചതും. മിന്നൽ മുരളി ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ സഹ എഴുത്തുകാരനാണ് ജസ്റ്റിൻ. ‍ഞങ്ങൾക്കൊപ്പം ജോതിഷും നടൻ ബേസിൽ ജോസഫും ചേർന്നതോടെ പൊൻമാൻ ജനിച്ചു.

ബേസിലിന്റെ വരവ്

മറ്റു പല നടൻമാരെയും ഈ വേഷത്തിനായി ആലോചിച്ചിരുന്നു. പലർക്കും കഥയും ഇഷ്ടപ്പെട്ടു. പക്ഷേ, അവർക്കെല്ലാം ഉണ്ടായ സംശയം താൻ ഈ കഥാപാത്രത്തിലേക്കു വന്നാൽ ക്ലൈമാക്സിൽ നായകൻ ജയിക്കുമെന്ന പ്രതീതി തുടക്കം മുതൽ ചിലപ്പോൾ കാണികൾക്കു ലഭിക്കും എന്നതായിരുന്നു. അങ്ങേയറ്റം സാധാരണക്കാരനായ നായകനാണ് പൊൻമാനിലേത്. അങ്ങനെയാണ് ബേസിലിലേക്കു വരുന്നത്. ഈ കഥാപാത്രത്തിന് എല്ലാംകൊണ്ടും യോജിച്ച താരമാണ് ബേസിൽ. കഥ കേട്ടപ്പോൾ തന്നെ ബേസിലിനും അതു മനസ്സിലായി. ഒരു പക്ഷേ, ഞാൻ വായിച്ചതിനെക്കാൾ കൂടുതൽ തവണ ഈ നോവൽ ബേസിൽ വായിക്കുകയും ഇതിനെ എല്ലാ അർഥത്തിലും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്.

കഥാപാത്രങ്ങളുടെ പേര്

ബ്രൂണോ, മരിയാനോ, സ്റ്റെഫി ഗ്രാഫ്, മാർക്കണ്ഡേയ ശർമ തുടങ്ങി കഥാപാത്രങ്ങളുടെ പേരുകളിലെല്ലാം ഒരു കൗതുകം ചിലപ്പോൾ തോന്നിയേക്കാം. ഇതു മനസ്സിലാക്കണമെങ്കിൽ ഇവരുടെ ചരിത്രത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കണം. പഴയകാലത്ത് പോർച്ചുഗീസുകാരുടെ തട്ടകമായിരുന്നു കൊല്ലം. അവരുടെ സംസ്കാരവും പേരുകളുമെല്ലാം കൊല്ലത്തുള്ളവരെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കടലോരത്ത് താമസിക്കുന്നവരെ. ഈ ചരിത്രപരമായ ശേഷിപ്പുകൾ കൃത്യമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇത്തരം പേരുകൾ നൽകിയതിനു കാരണം. മാർക്കണ്ഡേയ ശർമയെന്നു പറയുന്നത് യഥാർഥ ജീവിതത്തിൽ നടൻ രാജേഷ് ശർമയുടെ കഥാപാത്രത്തെ ഉദ്ദേശിച്ചാണ്. രാജേഷിനു പകരം മാർക്കണ്ഡേയ എന്ന പേരു തിരഞ്ഞെടുത്തു എന്നേയുള്ളൂ. രാജേഷ് ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ യഥാർഥ കഥാപാത്രത്തോടൊപ്പം സിനിമയിൽ അഭിനയിക്കാനുള്ള അവസരം രാജേഷിനു ലഭിച്ചിട്ടുണ്ട്.

കഥയോടു ചേർന്ന്

എന്റെ കഥകൾ മുൻപും സിനിമയായിട്ടുണ്ട്. എന്നാൽ കഥയോട് ഏറ്റവും ചേർന്നു നിൽക്കുന്ന ചിത്രം പൊൻമാനാണ്. ചിത്രത്തിന്റെ സംവിധായകൻ ജോതിഷിനും പ്രധാന നടൻ ബേസിലിനും അതൊരു വാശിയായിരുന്നു. ഒട്ടേറെപ്പേർ വായിച്ച ഒരു കഥ സിനിമയായി വരുമ്പോൾ അതിന്റെ മൂല്യങ്ങൾ ചോർന്നു പോകരുതെന്നും വായനക്കാരനെ ഒരിക്കലും നിരാശപ്പെടുത്തരുതെന്നും ഇരുവരും ആഗ്രഹിച്ചിരുന്നു. നോവൽ എഴുതിയ ആൾ തന്നെ സിനിമയ്ക്കു സംഭാഷണവും എഴുതണമെന്ന വാശി സംവിധായകനും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ നോവലിന്റെ സാഹിത്യപരമായ മൂല്യങ്ങൾ സിനിമയാക്കുമ്പോൾ ചോർന്നു പോകാതിരിക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിച്ചു.

കൊല്ലത്തിന്റെ കഥ

യഥാർഥ കഥയായതിനാൽ ഈ കഥ നടന്ന സ്ഥലത്തുതന്നെ സിനിമയും സംഭവിക്കണമെന്ന് ജോതിഷിന് നിർബന്ധമുണ്ടായിരുന്നു. കൊല്ലത്തും പരിസരപ്രദേശത്തുമായാണ് സിനിമ മുഴുവൻ ചിത്രീകരിച്ചിരിക്കുന്നത്. കലാസംവിധായകൻ കൂടി ആയതിനാൽ ജോതിഷിന് ഈ കഥാപശ്ചാത്തലത്തെ ഉൾക്കൊള്ളാനും അതിനെ എങ്ങനെ അവതരിപ്പിക്കണമെന്നു തീരുമാനിക്കാനും കുറെക്കൂടി എളുപ്പം സാധിച്ചു.

സജിൻ ഗോപുവിന്റെ കഥാപാത്രം

കരിമല പോലൊരു മനുഷ്യൻ എന്നാണ് സജിൻ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് നോവലിൽ എഴുതിയിരിക്കുന്നത്. കാഴ്ചയിൽ അത്തരമൊരു ഭീകരത തോന്നിക്കുന്ന കഥാപാത്രം. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ നിലവിൽ മലയാള സിനിമയിൽ ഏറ്റവും മികച്ച ഓപ്ഷനാണ് സജിൻ. കായൽ വളർത്തിയ ഒരു മനുഷ്യനായി മാറാൻ സജിൻ വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. അവർക്കൊപ്പം താമസിച്ച് അവരുടെ ജീവിത രീതികൾ പഠിച്ചു. വള്ളം തുഴയാൻ പഠിച്ചു. അങ്ങനെ ആ കഥാപാത്രത്തെ പൂർണമായും ഉൾക്കൊള്ളാൻ സജിൻ ശ്രമിച്ചിട്ടുണ്ട്. സിനിമയെ യാഥാർഥ്യത്തോടു ചേർത്തുനിർത്താൻ സഹായിച്ചത് നടീനടൻമാരുടെ ഈ അധ്വാനം കൂടിയാണ്.

കേരളം വിടുന്ന പൊൻമാൻ

കടലോര മേഖലയിൽ ജീവിക്കുന്നവർക്ക്, അവരുടെ ജീവിതം അറിയുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കുന്ന കഥയാണ് പൊൻമാന്റേത്. അതുകൊണ്ടുതന്നെ അത്തരം മേഖലകളുള്ള സ്ഥലങ്ങളിലെല്ലാം ഈ കഥ പറയാൻ സാധിക്കും.

മറ്റു ഭാഷകളിലേക്കു പൊൻമാനെ പറിച്ചുനടാൻ ആലോചനയുണ്ട്. അതിനായി ചിലർ സമീപിക്കുകയും ചെയ്തിട്ടുണ്ട്. നോവലിന്റെ കഥാപശ്ചാത്തലം ഉൾക്കൊള്ളാൻ സാധിക്കുന്ന ഇടങ്ങളിലേക്കു പൊൻമാൻ വൈകാതെ പറന്നിറങ്ങുമെന്നാണ് പ്രതീക്ഷ.

English Summary:

Writer GR Indugopan Interview

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com