ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മലയാളി അതുവരെ കണ്ടു ശീലിച്ച ത്രില്ലര്‍ സിനിമകളുടെ പൊളിച്ചെഴുത്തായിരുന്നു 2005ല്‍ സതീഷ് പോള്‍ സംവിധാനം ചെയ്ത ഫിംഗര്‍പ്രിന്റ്. അന്വേഷണത്തിലും അന്വേഷണരീതികളിലുമൊക്കെ പുതുസങ്കേതങ്ങളും സമ്പ്രദായങ്ങളും മലയാളി ആദ്യമായി കണ്ടറിഞ്ഞു. മികച്ച അന്വേഷണ ചിത്രങ്ങളില്‍ ഒന്നായ ഫിംഗര്‍പ്രിന്റിനു ശേഷം നീണ്ട 15 വര്‍ഷങ്ങള്‍ക്കൊടുവില്‍ മറ്റൊരു ഫാമിലി ത്രില്ലര്‍ ചിത്രവുമായി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുകയാണ് സംവിധായകന്‍ സതീഷ് പോള്‍. കുറ്റാന്വേഷണത്തിന്റെ പുത്തന്‍ ചടുലതയുമായി എത്തുന്ന ഗാര്‍ഡിയന്‍ ജനുവരി ഒന്നിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ പ്രൈം റീല്‍സിലാണ് റിലീസ് ചെയ്യുന്നത്.

 

മലയാള സിനിമയ്ക്ക് ഏറെ പരിചിതമായ പേരാണ് എസ്. പി. എന്ന് പരിചയക്കാര്‍ വിളിക്കുന്ന സതീഷ് പോളിന്റേത്. കെ.ജി. ജോര്‍ജില്‍ തുടങ്ങി നവോദയയിലൂടെ വളര്‍ന്ന സതീഷ് പോള്‍ ഹോളിവുഡിന്റെ തട്ടകമായ കാനഡയിലെ ടൊറന്റോയില്‍ നിന്ന് സിനിമ പഠനവും പൂര്‍ത്തിയാക്കിയ ശേഷമാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. പുത്തന്‍ സങ്കേതങ്ങളും ആശയങ്ങളും ഹോളിവുഡ് ശൈലിയില്‍ മലയാളത്തിലേക്ക് എത്തിക്കുവാനാണ് ഈ സംവിധായകന്റെ ശ്രമം.

 

കെ. ജി. ജോര്‍ജില്‍ നിന്നു തുടക്കം...

 

1985 കാലഘട്ടം. മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ സതീഷ് പോളിന് അന്നു മുതലേ കമ്പം വിദേശസിനിമകളോടാണ്. വിദേശസിനിമകളിലെ സാങ്കേതികവിദ്യയും സങ്കേതങ്ങളുമൊക്കെ ആകര്‍ഷിച്ചതോടെ അവയെപ്പറ്റി കൂടുതല്‍ പഠിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. മെക്കാനിക്കല്‍ സാങ്കേതികവിദ്യയുടെ സാധ്യതകളൊന്നും മലയാളസിനിമ അന്ന് തിരക്കഥയില്‍ ആലോചിച്ചുപോലും തുടങ്ങിയിട്ടില്ല. എന്നാല്‍ ഇത്തരം സാധ്യതകളെ മലയാള സിനിമയിലേക്ക് കൊണ്ടുവരുന്നതിനുള്ള പഠനങ്ങള്‍ സതീഷ് പോള്‍ നടത്തിക്കൊണ്ടിരുന്നു. എവിടെയെങ്കിലും ഒരവസരം തനിക്ക് കിട്ടുമെന്ന് പ്രതീക്ഷയോടെ...

 

അക്കാലത്തിറങ്ങിയ ഒരു സിനിമാപ്രസിദ്ധീകരണത്തില്‍, ഇരകള്‍ എന്നൊരു ഹൊറര്‍ ചിത്രം കെ.ജി. ജോര്‍ജ് ഒരുക്കുന്നുവെന്ന വാര്‍ത്ത വിദ്യാർഥിയായ സതീഷ് പോളിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഹൊറര്‍ ചിത്രമല്ലേ, സാധ്യതകള്‍ ഏറെയാണ്. ടെക്‌നിക്കല്‍ വിഷ്വല്‍ എഫക്റ്റുകള്‍ എങ്ങനെ സിനിമയില്‍ ഉപയോഗിക്കാം എന്നതു സംബന്ധിച്ച് തന്റെ കണ്ടെത്തലുകള്‍ എല്ലാം ചേര്‍ത്ത് കെ. ജി. ജോര്‍ജിന് ഒരു കത്തെഴുതി. കത്തു വായിച്ച് താല്‍പര്യം തോന്നിയ കെ. ജി. ജോര്‍ജ് തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു. താനൊരുക്കുന്നത് ഹൊറര്‍ ചിത്രമല്ലെന്നും അതുകൊണ്ടുതന്നെ ഇത്തരം സാധ്യതകള്‍ക്ക് ഈ ചിത്രത്തിലിടമില്ലെന്നും അറിയിച്ചു. എങ്കിലും ഏതെങ്കിലും ഒരു ചിത്രത്തില്‍ ആവശ്യമെങ്കില്‍ വിളിക്കാം എന്ന ഉറപ്പും നല്‍കി. അപ്പോഴേക്കും നിരാശനായി മടങ്ങിപ്പോകാന്‍ നിന്ന ആ ചെറുപ്പക്കാരനെ വിട്ടയയ്ക്കാന്‍ കെ. ജി. ജോര്‍ജിനും മനസ്സു വന്നില്ല. ഒപ്പം തന്നെ നിര്‍ത്തി.   മൈഡിയര്‍ കുട്ടിച്ചാത്തന്‍ തിയറ്ററുകളില്‍ നിറഞ്ഞോടുന്ന കാലമാണത്. സതീഷ് പോളിനെപോലെ ഒരാളുടെ കണ്ടെത്തലുകളെ കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുന്നത് നവോദയക്ക് ആയിരിക്കുമെന്ന് കെ. ജി. ജോര്‍ജ് നിര്‍ദേശിച്ചതോടെ നവോദയ ആയി അടുത്ത തട്ടകം.

guardian
ഗാർഡിയൻ എന്ന സിനിമയിൽ മിയ

 

കുട്ടിച്ചാത്തനിലെ സാങ്കേതികവിദ്യയ്ക്കു പിന്നിലുള്ള രഹസ്യങ്ങളെ സംബന്ധിച്ച ജിജോ പുന്നൂസിന്റെ ചോദ്യങ്ങള്‍ക്ക് സതീഷ് പോള്‍ കൃത്യമായ മറുപടി പറഞ്ഞതോടെ ജിജോയ്ക്കും അതിശയം. അക്കാലത്താണ് ചാണക്യന്‍ എന്ന കമലഹാസന്‍ ചിത്രം നവോദയ ഒരുക്കുന്നത്. ചിത്രത്തിലേക്ക് സാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ സതീഷ് പോളിന്റെ ഇടപെടലും ഉണ്ടായി. പിന്നീടങ്ങോട്ട് നവോദയയിലെ സജീവ സാന്നിധ്യമായി മാറി. തുടര്‍ന്ന് ജിജോ പുന്നൂസ് കിഷ്‌ക്കിന്ധാ പാര്‍ക്ക് ഒരുക്കുമ്പോള്‍ അവിടെയും സതീഷ് പോള്‍ തന്റെ സാന്നിധ്യം അറിയിച്ചു. എന്നിലെ സിനിമാക്കാരന്റെ വളര്‍ച്ച നവോദയയിലൂടെയായിരുന്നു. നവോദയയില്‍ എത്തിയില്ലെങ്കില്‍ ചിലപ്പോള്‍ എന്നിലെ സിനിമാക്കാരന്‍ തന്നെ ഉണ്ടാകുമായിരുന്നില്ല, സതീഷ് പോള്‍ പറയുന്നു.

saiju
ഗാർഡിയനിൽ സൈജു കുറുപ്പ്

 

തുടര്‍പഠനത്തിനായി കാനഡയിലേക്ക് പോയ സതീഷ് പോളിന്റെ പിന്നീടുള്ള ജീവിതം അവിടെയായി. അപ്പോഴും സിനിമ മറന്നില്ല. തിരക്കഥയിലും സംവിധാനത്തിലും പഠനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. തിരികെ നാട്ടിലേക്കെത്തുമ്പോഴും ഉള്ളില്‍ തന്റെ സിനിമ മാത്രമായിരുന്നു.

 

ഫിംഗര്‍പ്രിന്റ്...

 

നാട്ടിലേക്കെത്തിയതോടെ ശ്രദ്ധ അധ്യാപനത്തിലായി. നിരവധി കോളജുകളില്‍ മെക്കാനിക്കല്‍ വിഭാഗം അധ്യാപകനായി. ഇതിനിടയില്‍ തന്റെയുള്ളിലെ സിനിമാസങ്കല്‍പ്പങ്ങള്‍ ആദ്യം പങ്കുവയ്ക്കുന്നത് ക്യാമറാമാനും സംവിധായകനുമായ വേണുവിനോടാണ്. അങ്ങനെ വേണുവിലൂടെ സംവിധായകരായ സിദ്ധിക്കും ലാലുമായി സൗഹൃദത്തിലായി. സിദ്ധിക്ക് ക്രോണിക്ക് ബാച്ചിലര്‍ ഒരുക്കുന്ന കാലമാണത്. ചിത്രത്തില്‍ സിദ്ധിക്കിനൊപ്പം തിരക്കഥയില്‍ സഹായിയായി.

 

സിദ്ധിക്കുമായുള്ള സൗഹൃദത്തില്‍ നിന്ന് ആദ്യ സിനിമയും പിറന്നു. ഫിംഗര്‍പ്രിന്റ്. സതീഷ് പോളിന്റെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയത് സിദ്ധിക്കായിരുന്നു. പുതിയ മാര്‍ഗങ്ങള്‍ നിറഞ്ഞ പുതുപുത്തന്‍ കുറ്റാന്വേഷണരീതി മലയാള സിനിമയ്ക്കു പരിചയപ്പെടുത്തുന്ന കഥ കേട്ടതോടെ പല നിര്‍മാതാക്കളും മടിച്ചു നിന്നെന്ന് സതീഷ് പോള്‍ പറയുന്നു. 

 

ഫിംഗര്‍പ്രിന്റും ഡിഎന്‍എ ടെസ്റ്റും ഒന്നും മലയാളിക്ക് അത്ര പരിചിതമല്ലാത്ത കാലമാണത്. അതുകൊണ്ടുതന്നെ സിനിമയിലൂടെ അത് പറയുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ഭയമായിരുന്നു പല നിര്‍മാതാക്കള്‍ക്കും. ഹോളിവുഡ് ശൈലി പിന്തുടര്‍ന്ന്, സിനിമ രണ്ടു മണിക്കൂറില്‍ നിര്‍ത്താനുള്ള തീരുമാനത്തിലേക്ക് സതീഷ് പോള്‍ എത്തിയപ്പോഴും പലരും ഭയന്നു. രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍വരെയുള്ള സിനിമ കണ്ടു ശീലിച്ച മലയാളിക്കു മുന്നിലേക്ക് രണ്ട് മണിക്കൂറില്‍ താെഴ എത്തുന്ന ആദ്യ കച്ചവട സിനിമകൂടിയായിരുന്നു ഫിംഗര്‍പ്രിന്റ്. 2018ല്‍ അടിയന്തരാവസ്ഥ കാലത്ത് നടന്ന രാജന്‍ക്കേസിനെ ആസ്പദമാക്കി കാറ്റുവിതച്ചവര്‍ എന്ന ചിത്രവും സംവിധാനം ചെയ്തു. ചിത്രത്തിന് 2018ലെ മികച്ച അന്വേഷണ സിനിമയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് പ്ര്‌ത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു.

 

ഗാര്‍ഡിയന്‍...

 

ആദ്യ സീന്‍ മുതല്‍ നിറഞ്ഞു നില്‍ക്കുന്ന ആകാംക്ഷ അവസാന നിമിഷം വരെ നിലനിര്‍ത്തുന്നതാണ് തന്റെ പുതിയ ചിത്രമായ ഗാര്‍ഡിയന്‍ എന്ന് സതീഷ് പോള്‍ പറയുന്നു. അന്വേഷണത്തിലെ പുതുമ തന്നെയാണ് ഈ ചിത്രത്തിന്റെയും സവിശേഷത. കുടുംബബന്ധങ്ങളുടെ ആഴവും തീവ്രതയും ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ട്. വിദേശസിനിമകളടക്കം ഇന്ന് അടുത്തറിയുന്നവരാണ് മലയാളികള്‍. അവര്‍ക്കു മുന്നിലേക്ക് ഒരു അന്വേഷണ ചിത്രവുമായി എത്തുമ്പോള്‍ അത്രമേല്‍ ആകാംഷയും പുതുമയും നിറഞ്ഞതാകണം. ഗാര്‍ഡിയനിലൂടെ ശ്രമിക്കുന്നത് അതിനാണെന്നും സതീഷ് പോള്‍ പറയുന്നു. ബ്‌ളാക്ക് മരിയ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ജോബിന്‍ ജോര്‍ജ് കണ്ണാത്തുക്കുഴി, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ് പാറയ്ക്കൽ എന്നിവര്‍ ചേര്‍ന്നാണ് ഗാര്‍ഡിയന്‍ നിര്‍മിക്കുന്നത്

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com