സിനിമയ്ക്കപ്പുറമുള്ള ദളപതി
![vijay-dalapathi vijay-dalapathi](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2021/6/23/vijay-dalapathi.jpg?w=1120&h=583)
Mail This Article
‘എൻ നെഞ്ചിൽ കുടിയിറുക്കും...’ തമിഴ് സിനിമാ ആസ്വാദകർക്കിടയിൽ ഏറ്റവുമധികം ആരാധകരുള്ള, അവാർഡ് നിശകളിൽ ആവേശത്തിരമാല തീർക്കുന്ന ഈ ‘പിക്കപ് ലൈൻ’ മാത്രം മതി ദളപതി വിജയ് എന്ന താരത്തെ ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് അടയാളപ്പെടുത്താൻ. എത്രയെത്ര പരിഹാസങ്ങൾ, തോൽവികൾ, അപമാനങ്ങൾ.. അതെല്ലാം അതിജീവിച്ച് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടനായി അദ്ദേഹം വളർന്നിട്ടുണ്ടെങ്കിലും സിനിമയ്ക്കപ്പുറം വിജയ് എന്ന വ്യക്തി മുന്നോട്ടുവയ്ക്കുന്ന ജീവിതപാഠങ്ങൾ കണ്ടില്ലെന്നു വയ്ക്കാൻ നമുക്ക് സാധിക്കില്ല.
∙ ആരംഭം
സംവിധായകൻ എസ്.എ. ചന്ദ്രശേഖറിന്റെയും ഗായിക ശോഭ ചന്ദ്രശേഖറിന്റെയും മകനായി 1974 ജൂൺ 22നായിരുന്നു വിജയിന്റെ ജനനം. സഹോദരി വിദ്യ രണ്ടു വയസ്സുള്ളപ്പോൾ അസുഖം ബാധിച്ചു മരിച്ചു. സഹോദരിയുടെ മരണം കുഞ്ഞു വിജയിയുടെ ജീവിതത്തെ പിടിച്ചുലച്ചതായി അമ്മ ശോഭ പറഞ്ഞിട്ടുണ്ട്. അതിൽ നിന്നു പുറത്തുകടക്കാനായിരുന്നു വിജയിനെ നന്നേ ചെറുപ്പത്തിൽ തന്നെ സിനിമയിൽ അവതരിപ്പിക്കാൻ അച്ഛൻ ചന്ദ്രശേഖർ തീരുമാനിച്ചത്. 1984ൽ പുറത്തിറങ്ങിയ വെട്രി എന്ന ചിത്രത്തിലൂടെ തന്റെ പത്താം വയസ്സിൽ ബാലതാരമായി വിജയ് കോളിവുഡിൽ അരങ്ങേറി. പിന്നീട് കുടുംബം, നാൻ സിഗപ്പുമനിതൻ, വസന്തരാഗം, സട്ടം ഒരു വിളയാട്ട് തുടങ്ങിയ ചിത്രങ്ങളും ബാലതാരമായി വിജയ് തിളങ്ങി.
∙ ഇന്ത മൂഞ്ചിയെല്ലാം..!
![vijay vijay](https://img-mm.manoramaonline.com/content/dam/mm/mo/health/well-being/images/2021/6/12/vijya-master.jpg)
തന്റെ പതിനെട്ടാം വയസ്സിൽ നാലയ തീർപ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു വിജയ് നായകനടനായി സിനിമയിൽ അരങ്ങേറുന്നത്. സിനിമ ബോക്സ് ഓഫിസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും സിനിമാ നിരൂപകർക്കിടയിൽ വിമർശനം നേരിട്ടു. ‘ ഇന്ത മൂഞ്ചിയെല്ലാം യാരാച്ചും കാസ് കൊടുത്തു പാപ്പാങ്കളാ (ഈ മുഖം കാണാൻ ആരെങ്കിലും പണം നൽകി തിയറ്ററിൽ പോകുമോ)’ ഒരു തമിഴ് മാഗസിൻ വിജയിനെ കുറിച്ച് എഴുതി. ഒരു യുവ നടനു താങ്ങാവുന്നതിലും അധികമായിരുന്നു അത്. എങ്കിലും വിജയ് തോറ്റു പിൻമാറാൻ തയാറായില്ല. വീണ്ടും സിനിമയിൽ സജീവമായി. 1996ൽ പുറത്തിറങ്ങിയ പൂവേ ഉനക്കാഗെ എന്ന ചിത്രം വിജയിന്റെ ജീവിതത്തിലെ ആദ്യ സൂപ്പർ ഹിറ്റായി. തുടർന്നങ്ങോട്ടുള്ള ഭൂരിഭാഗം ചിത്രങ്ങളും ബോക്സ് ഓഫിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ആ കാലത്തുതന്നെ ‘ ഇളയ ദളപതി’ എന്ന പേരും ആരാധകർ വിജയിനു സമ്മാനിച്ചു. വർഷങ്ങൾക്കു ശേഷം അന്നു പരിഹസിച്ച അതേ മാഗസിന്റെ കവർ പേജിൽ അടുത്ത സൂപ്പർ സ്റ്റാർ എന്ന തലക്കെട്ടോടെ വിജയിന്റെ ചിത്രം അച്ചടിച്ചുവന്നു!
∙ കേരളത്തിലേക്ക്
![vijay-beast-thalpathy-65 vijay-beast-thalpathy-65](https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2021/6/21/vijay-beast-thalpathy-65.jpg)
രണ്ടായിരത്തിന്റെ തുടക്കം മുതൽ വിജയ് ചിത്രങ്ങൾ കേരളത്തിലും പ്രദർശനത്തിനെത്തിത്തുടങ്ങി. ഖുശി, പ്രിയമാനവളേ, ഭദ്രി, ഷാജഹാൻ, ഭഗവതി, യൂത്ത്, തുള്ളാത മനവും തുള്ളും തുടങ്ങിയ ചിത്രങ്ങൾക്ക് കേരളത്തിൽ വൻ ജനപ്രീതി ലഭിച്ചു. രജനീകാന്തിനു ശേഷം കേരളത്തിൽ വാണിജ്യ വിജയം കൈവരിക്കാൻ കെൽപുള്ള താരമായി വിജയ് മാറി. 2004ൽ പുറത്തിറങ്ങിയ ഗില്ലി തമിഴ്നാട്ടിൽ വിജയിന് സൂപ്പർ താര പരിവേഷം നൽകിയപ്പോൾ ദക്ഷിണേന്ത്യ മുഴുവൻ വിജയ് എന്ന ബ്രാൻഡ് ഊട്ടിയുറപ്പിച്ചു.
![Vijay-vote-cycle Vijay-vote-cycle](https://img-mm.manoramaonline.com/content/dam/mm/mo/music/music-news/images/2020/1/3/Vijay-vote-cycle.jpg)
∙ വീഴ്ച
2007മുതൽ 2010 വരെയുള്ള കാലഘട്ടം വിജയിനെ സംബന്ധിച്ചെടുത്തോളം മറക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരിക്കും. ആ കാലത്ത് പുറത്തിറങ്ങിയ കുരുവി, വില്ല്, അഴഗിക തമിഴ് മകൻ, സുര തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫിസി നിരാശപ്പെടുത്തി. അടുത്ത സൂപ്പർ സ്റ്റാറായി അവരോധിക്കപ്പെട്ട വിജയ് ആ സ്ഥാനത്തിന് യോഗ്യനല്ലെന്നു നിരൂപകർ വിധിയെഴുതി. വിജയ് യുഗം അവസാനിച്ചതായി ഒളിഞ്ഞും തെളിഞ്ഞും സിനിമാ ലോകത്ത് ചർച്ചകൾ ഉണ്ടായി. വിജയ് ചിത്രങ്ങൾ നിർമിക്കാൻ നിർമാതാക്കൾ മടിച്ചു.
∙ വെൽക്കം ബാക്ക്
വിജയ് തീർന്നു എന്ന് വിമർശകർ വിധിയെഴുതിയ സമയത്താണ് രക്ഷകനായി മലയാളത്തിൽ നിന്നു സംവിധായകൻ സിദ്ധിഖ് അവതരിക്കുന്നത്. സിദ്ധിഖിന്റെ സംവിധാനത്തിൽ ദിലീപ് നായകനായി പുറത്തിറങ്ങിയ ബോഡിഗാഡ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിനായിരുന്നു അത്. കാവലൻ എന്ന പേരിൽ തമിഴിൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയമായി. തന്റെ ബോക്സ് ഓഫിസ് പവർ തിരിച്ചുപിടിക്കാൻ വിജയിനെ ചിത്രം സഹായിച്ചു. അടുത്തതായി പുറത്തിറങ്ങിയ നൻപൻ (ത്രീ ഇഡിയറ്റ്സ് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്ക്), വേലായുധം, തുപ്പാക്കി എന്നീ ചിത്രങ്ങൾ തിയറ്ററിൽ വിജയക്കുതിപ്പ് നടത്തി. വിജയ് വീണ്ടും സൂപ്പർ താരമായി അവരോധിക്കപ്പെട്ടു. സൂപ്പർ താരത്തിന്റെ സൂപ്പർ തിരിച്ചുവരവിന് തമിഴകം വേദിയായി.
∙ തലൈവാ
എ.എൽ.വിജയിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന തലൈവാ ആയിരുന്നു അടുത്ത വിജയ് ചിത്രം. എന്നാൽ ചിത്രം അനൗൺസ് ചെയ്തതു മുതൽ നിരവധി പ്രശ്നങ്ങളാണ് സംവിധായകനും താരങ്ങളും നേരിട്ടത്. വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെ ചുറ്റിപ്പറ്റിയായിരുന്നു അത്. തലൈവാ എന്ന ചിത്രം ഒരു രാഷ്ട്രീയ ചിത്രമാണെന്നും ഇതിലൂടെ വിജയ് അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പ് നടത്തുകയാണെന്നും അഭ്യൂഹങ്ങൾ പരന്നു. ചിത്രത്തിന്റെ പ്രദർശനത്തിനു പോലും വിലക്കു വന്നു. തമിഴ്നാട്ടിൽ റിലീസാകുന്നതിനു മുൻപേ ചിത്രം കേരളത്തിൽ ഇറങ്ങി. മുംബൈ അധോലോകവുമായി ബന്ധപ്പെട്ട കഥ പറഞ്ഞ ചിത്രം വിജയ ഫോർമുലകൾ എല്ലാം ഉണ്ടായിട്ടും പ്രതീക്ഷിച്ച വിജയം നേടിയില്ല. അന്നത്തെ മുഖ്യമന്ത്രി ജയലളിതയും എഐഎഡിഎകെ പാർട്ടിയുമായിരുന്നു അതിന്റെ പിന്നിലെന്നും ആരോപണമുണ്ട്. അടുത്തതായി പുറത്തിറങ്ങിയ ജില്ല, കത്തി, ഭൈരവാ, തെരി എന്നീ ചിത്രങ്ങൾ ബോക്സ് ഓഫിസിൽ നിരാശപ്പെടുത്താതെ കടന്നുപോയി.
∙ മെർസെൽ വിവാദം
വിജയിയുടെ സിനിമാ ജീവിതത്തിലെ എക്കാലത്തെയും ഹിറ്റായ മെർസെൽ പുറത്തിറങ്ങുന്നത് 2017ലാണ്. എന്നാൽ ജിഎസ്ടിയെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കുന്ന രംഗങ്ങൾ ചിത്രത്തെ വിവാദത്തിലേക്കു വലിച്ചിഴച്ചു. തലൈവാ നേരിട്ട അതേ പ്രശ്നങ്ങൾ ഈ ചിത്രത്തിനും നേരിടേണ്ടി വന്നു. പക്ഷേ ബോളിവുഡിൽ ഉൾപ്പെടെ മികച്ച വിജയം നേടാൻ ചിത്രത്തിനു സാധിച്ചു. ഇളയ ദളപതിയിൽ നിന്നു ദളപതി വിജയ് എന്ന ടൈറ്റിൽ കാർഡിലേക്കുള്ള മാറ്റത്തിനും ചിത്രം മെർസെൽ കാരണമായി. പിന്നീട് പുറത്തിറങ്ങിയ സർക്കാർ, ബിഗിൽ, മാസ്റ്റർ എന്നീ ചിത്രങ്ങളും ആരാധകരെയും നിർമാതാക്കളെയും നിരാശപ്പെടുത്തിയില്ല. ഇന്ന് ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം പണം വാരാൻ സാധിക്കുന്ന താരമാണ് വിജയ്.
∙ രക്ഷകൻ
വിജയ് ചിത്രങ്ങളുടെ ഫോർമാറ്റ് എല്ലാം ഒരുപോലെ ആണെന്നും രക്ഷകൻ റോളുകൾ മാത്രമേ വിജയിനു സാധിക്കൂ എന്നുമാണ് കരിയറിൽ ഉടനീളം വിജയ് കേട്ട പ്രധാന വിമർശനം. എന്നാൽ വിജയിന്റെ കരിയർ ഗ്രാഫ് പരിശോധിച്ചാൽ ഒരു റൊമാന്റിക് ഹീറോ ആയാണ് ആദ്യ കാലത്ത് വിജയ് പ്രത്യക്ഷപ്പെട്ടത്. 2000ന്റെ തുടക്കത്തോടെ ഒരു മാസ് ഹീറോയിലേക്ക് കൂടുമാറി. 2010നു ശേഷം സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ചിത്രങ്ങളിലായി ശ്രദ്ധ. ഇങ്ങനെ കൃത്യമായ ഇടവേളകളിൽ തന്റെ കരിയർ ഗ്രാഫ് പുതുക്കുന്നതിൽ ചെയ്യുന്നതിൽ വിജയ് ശ്രദ്ധിച്ചു. അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം, കൃത്യമായി പറഞ്ഞാൽ തുപ്പാക്കി മുതൽ ഇങ്ങോട്ടുള്ള ചിത്രങ്ങളിലെല്ലാം സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ വിജയിനു സാധിച്ചു.
∙ ഹീറോ, ജീവിതത്തിനു പുറത്തും
തമിഴ്നാട്ടിലെ എല്ലാ പ്രധാന പ്രശ്നങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കാൻ വിജയ് ഒരിക്കലും മടിച്ചില്ല. ജല്ലിക്കെട്ട് വിഷയത്തിലും സ്റ്റർലൈറ്റ് വെടിവയ്പ്പിലും നീറ്റ് വിഷയത്തിലും ഉൾപ്പെടെ വിജയ് നിലപാട് വ്യക്തമാക്കുകയും തമിഴ് ജനതയ്ക്ക് ഒപ്പം നിൽക്കുകയും ചെയ്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൈക്കിളിൽ എത്തിയ വിജയ് തന്റെ നിലപാടുകൾ വീണ്ടും ഉയർത്തിപ്പിടിച്ചു.
∙ നടനല്ല, താരം
ഒരു മികച്ച നടൻ എന്നതിലുപരി ഒരു മികച്ച താരം എന്നറിയപ്പെടാനായിരിക്കും വിജയ് ആഗ്രഹിക്കുക. തന്റെ പരിമിതികൾ കൃത്യമായി അറിയാവുന്ന നടനാണ് അദ്ദേഹം. ഇമോഷനൽ സീനുകളിൽ ഉൾപ്പെടെ വിജയിന് മികവു കാട്ടാൻ സാധിക്കില്ല എന്നായിരുന്നു അദ്ദേഹം നേരിട്ട പ്രധാന വിമർശനം. എന്നാൽ ഓരോ ചിത്രങ്ങൾ കഴിയുമ്പോഴും തന്റെ ഉള്ളിലെ നടനം മികവുറ്റതാക്കാൻ വിജയ് ശ്രദ്ധിക്കുന്നു. ബിഗിൽ സിനിമയിലെ രായപ്പൻ എന്ന അച്ഛൻ കഥാപാത്രം വിജയുടെ അഭിനയ ജീവിതത്തിൽ തന്നെ പ്രധാന ഏടായി മാറിയതും അതുകൊണ്ടാണ്. വിജയ് എന്ന നടനെക്കുറിച്ച് വിമർശനങ്ങൾ ഉണ്ടെങ്കിലും വിജയ് എന്ന ഡാൻസർക്കും മാസ് ഹീറോയ്ക്കും ആരാധകരല്ലാത്ത സിനിമാ ആസ്വാദകർ ദക്ഷിണേന്ത്യയിൽ കുറവായിരിക്കും.
∙ ബീസ്റ്റ് ടൈം
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ് ആണ് അടുത്തായി പുറത്തിറങ്ങാനുള്ള വിജയ് ചിത്രം. ചിത്രത്തിന്റെ പോസ്റ്ററുകൾ തരുന്ന സൂചന അനുസരിച്ച് മികച്ച ഒരു ആക്‌ഷൻ ത്രില്ലറായിരിക്കും ആരാധകർക്കായി നെൽസൺ ഒരുക്കുന്നത്. മാസ്റ്റർ സമ്മാനിച്ച ലോകേഷ് കനകരാജിനൊപ്പമായിരിക്കും അതിനു ശേഷം വിജയ് കൊകോർക്കുക.