ADVERTISEMENT

കോവിഡ് വില്ലനായെത്തുന്നതു തടയാൻ 30 ഇന പ്രവർത്തന മാർഗരേഖയുമായി സിനിമ ചിത്രീകരണം പുനരാരംഭിക്കാൻ ചലച്ചിത്ര സംഘടനകൾ തീരുമാനിച്ചു. മാർഗ രേഖ പാലിക്കുമെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയ്ക്കും സത്യവാങ്മൂലം നൽകിയ ശേഷമേ ഷൂട്ടിങ് ആരംഭിക്കാവൂ. കേരളത്തിൽ ഷൂട്ട് ചെയ്യുന്ന ചലച്ചിത്രങ്ങളുടെ ചിത്രീകരണത്തിനു മാർഗരേഖ ബാധകമായിരിക്കും. ബയോ സെക്യുർ ബബിളിനു സമാനമായ രീതിയിലാണു ക്രമീകരണങ്ങൾ.

 

ചിത്രീകരണം പരമാവധി 50 പേരിൽ ഒതുക്കണമെന്നു മാർഗരേഖ നിർദേശിക്കുന്നു. പങ്കെടുക്കുന്നവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, 48 മണിക്കൂർ മുൻപു നടത്തിയ ആർടിപിസിആർ ടെസ്റ്റിന്റെ ഫലം, ലൊക്കേഷൻ വിശദാംശങ്ങൾ തുടങ്ങിയവ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയ്ക്കും നൽകണം. ലൊക്കേഷനിൽ നിന്നും താമസസ്ഥലത്തു നിന്നും ആരും പുറത്തു പോകാൻ അനുവദിക്കില്ല. സന്ദർശകരെ ഒഴിവാക്കണം. ലോഗ് ബുക്ക് ലൊക്കേഷനിൽ സൂക്ഷിക്കണം. 

 

പ്രൊഡക്‌ഷൻ അസിസ്റ്റന്റുമാരും മേക്കപ്പ് – കോസ്റ്റ്യൂം ചെയ്യുന്നവരും ജോലിസമയത്തു കയ്യുറകൾ ഉപയോഗിക്കണം. മാസ്ക് – സാനിറ്റൈസർ ഉപയോഗം നിർബന്ധം. പേപ്പർ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കണം. ഒരുമിച്ചു ഭക്ഷണം കഴിക്കാതിരിക്കുക, സെറ്റുകളിൽ ഒന്നിൽക്കൂടുതൽ ഭക്ഷണ കൗണ്ടറുകൾ ഒരുക്കുക, താമസിക്കുന്ന മുറികളും ഉപയോഗിക്കുന്ന വാഹനങ്ങളും ഭക്ഷണം ഒരുക്കുന്ന ഇടങ്ങളും പാത്രങ്ങളും അണുമുക്തമാക്കാൻ പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ടീം ശ്രദ്ധിക്കുക തുടങ്ങിയ നിർദേശങ്ങളാണു മാർഗരേഖയിലുള്ളത്. നടപ്പാക്കാനുള്ള ഉത്തരവാദിത്തം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും നിർവഹിക്കും. ചിത്രീകരണ സ്ഥലങ്ങളിൽ മാർഗരേഖ കർശനമായി നടപ്പാക്കുന്നുണ്ടോയെന്നും ഈ സംഘടനകളുടെ പ്രതിനിധികൾ പരിശോധിക്കും.

 

കേരള ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫെഫ്ക, അമ്മ എന്നീ സംഘടനകളെ പ്രതിനിധീകരിച്ചു സിയാദ് കോക്കർ, സിബി മലയിൽ, ബി.ഉണ്ണിക്കൃഷ്ണൻ, ആന്റോ ജോസഫ്, ഇടവേള ബാബു, ബി.രാജേഷ്, അനിൽ തോമസ്, സോഹൻ സീനുലാൽ, എസ്.എസ്.ടി.സുബ്രഹ്മണ്യൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

English Summary: Guidelines for movie shooting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com