90-കളിൽ എനിക്കൊരു എതിരാളി വന്നു, അയാളുടെ വിജയങ്ങളെ ഞാൻ ഭയന്നു: വിജയ്
Mail This Article
വാരിസ് ഓഡിയോ ലോഞ്ചിൽ വിജയ് പറഞ്ഞ കുട്ടിക്കഥയാണ് ആരാധകരുടെ ഇടയിൽ വൈറൽ. സിനിമാജീവിതത്തിന്റെ തുടക്കത്തിൽ തനിക്ക് ഒരു എതിരാളിയുണ്ടായിരുന്നുവെന്നാണ് വിജയ് പറഞ്ഞത്. ആ എതിരാളിയുമായുള്ള മത്സരമാണ് തന്നെ ഇപ്പോൾ കാണുന്നതുപോലെ വളർത്തിയതെന്നും അയാളുടെ പേരാണ് ജോസഫ് വിജയ് എന്നും താരം പറഞ്ഞു.
അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് വിജയ് ഇക്കാര്യം പറഞ്ഞത്. വിജയം വരുമ്പോഴും പ്രശ്നങ്ങൾ വരുമ്പോഴും ഒരുചിരിയോടെ എങ്ങനെ നേരിടുന്നു എന്നായിരുന്നു അവതാരകയുടെ ആദ്യ ചോദ്യം. അത് ശീലമായിപ്പോയെന്നും ആവശ്യമുള്ള വിമർശനവും ആവശ്യമില്ലാത്ത എതിർപ്പും നമ്മളെ മുന്നോട്ട് നയിക്കും എന്നുമായിരുന്നു ഇതിനുള്ള വിജയ്‌യുടെ മറുപടി. എന്തുവന്നാലും കണ്ണുകളിൽ ഭയം കാണാറില്ലല്ലോ എന്നതായിരുന്നു അടുത്ത ചോദ്യം. അതിനാണ് താരം ഒരു കുട്ടിക്കഥയിലൂടെ ഉത്തരം പറഞ്ഞത്.
‘‘ഇതും ഒരു കുട്ടിക്കഥയാണെന്ന് കരുതണം. 1990-കളിൽ എനിക്ക് എതിരാളിയായി ഒരു നടൻ രൂപപ്പെട്ടു. ആദ്യം ഒരു എതിരാളിയായിരുന്നു. പിന്നെപ്പിന്നെ അയാളോടുള്ള മത്സരം ഗൗരവമുള്ളതായി. അദ്ദേഹത്തിനേയും അദ്ദേഹത്തിന്റെ വിജയങ്ങളേയും ഞാൻ ഭയന്നു. ഞാൻ പോയ ഇടങ്ങളിലെല്ലാം അദ്ദേഹം വന്ന് നിന്നു. ഞാൻ ഇത്രയും വളരുന്നതിന് കാരണമായി നിലകൊണ്ടു. അദ്ദേഹത്തെ മറികടക്കണമെന്ന ആഗ്രഹത്തോടെ ഞാനും മത്സരിച്ചുകൊണ്ടേയിരുന്നു. അതുപോലെ മത്സരിക്കാൻ പറ്റിയ ഒരാൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകണം. ആ മത്സരാർത്ഥി ഉണ്ടായ വർഷം 1992. അയാളുടെ പേര് ജോസഫ് വിജയ്.’’– വിജയ് പറഞ്ഞു.
ജയിക്കണമെന്ന വാശിയുള്ളവർക്കുള്ളിൽ എപ്പോഴും ഒരു എതിരാളിയുണ്ടായിരിക്കണം. അയാൾ നിങ്ങൾ തന്നെയായിരിക്കണം. വേറൊരാളെ എതിരാളിയായി കാണേണ്ട ആവശ്യമേയില്ല. നിങ്ങൾ നിങ്ങളോടുതന്നെ പൊരുതണം. അതുമാത്രമേ നിങ്ങളെ മികച്ചവനാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിജയ് പറഞ്ഞ ആ എതിരാളി അജിത് കുമാർ ആണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. ദളപതി വിജയ്‌യും തല അജിത്തും തമ്മിലുള്ള മത്സരം തമിഴ് സിനിമയിൽ പരസ്യമാണ്. മാത്രമല്ല ഇത്തവണ പൊങ്കലിന് ഇരുതാരങ്ങളുടെയും വമ്പൻ സിനിമകൾ ഒരുമിച്ചാണ് റിലീസ്.