ചാലയിൽ ആഭരണക്കട നടത്തിയ വിജയകാന്ത്; അറിയാക്കഥ
Mail This Article
അന്തരിച്ച നടന്‍ വിജയകാന്ത് ജീവത്തിലുടനീളം നെഞ്ചോടുചേര്‍ത്ത നഗരമാണ് തിരുവനന്തപുരം. അവിടെ സിനിമയെന്ന സ്വപ്നം പേറി അലഞ്ഞുനടന്ന മധുരക്കാരന്‍ പയ്യന്‍. മധുരയില്‍ നിന്ന് ട്രെയിന്‍ കയറി തിരുവനന്തപുരത്തെത്തി മടങ്ങിപ്പോയിരുന്ന യുവാവ്. കാലം അയാളെ തിരുവനന്തപുരത്ത് ഗോള്‍ഡ് കവറിങ് ആഭരണക്കടയുടമയാക്കി. തമ്പാനൂരും ചാലയും പഴവങ്ങാടിയും മ്യൂസിയവും കോട്ടയും കോവളവുമെല്ലാം മധുരയേക്കാള്‍ പരിചിതം. നടനും താരവും സൂപ്പര്‍താരവും ക്യാപ്റ്റനുമൊക്കെയായി വളര്‍ന്നപ്പോഴും ആ കാലം എന്നും സ്വപ്നം പോലെ വിജയകാന്ത് കൊണ്ടുനടന്നു. നാടറിഞ്ഞും അറിയാതെയും പലവട്ടം അവിടെയെത്തി മടങ്ങി.
ചാലയിലെ തെരുവ്
മധുരയാണ് വിജയകാന്തിന്റെ നാട്. ട്രെയിനില്‍ ഒരു രാത്രിയുടെ ദൂരം പോലുമില്ല. സ്കൂളില്‍ പഠിച്ച കാലം മുതല്‍ കൂട്ടുകാര്‍ക്കൊപ്പം ട്രെയിനില്‍ തിരുവനന്തപുരത്ത് വരും. മ്യൂസിയത്തിലും മൃഗശാലയിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രപരിസരത്തും കോവളത്തുമൊക്കെ ചുറ്റിത്തിരിയും. സര്‍ക്കസ് കാണും. സിനിമ കാണും. എല്ലാം കഴിഞ്ഞ് ഏതെങ്കിലും കടയില്‍ കയറി ഭക്ഷണം കഴിക്കും. കുറച്ചുകൂടി വളര്‍ന്നപ്പോള്‍ തിരുവനന്തപുരത്തെത്തിയാല്‍ പ്രധാന പരിപാടി തന്നെ സിനിമ കാണലായി. ശ്രീകുമാര്‍ തിയറ്ററായിരുന്നു ഏറ്റവും ഇഷ്ടം.
യുവാവായപ്പോള്‍ സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി വിജയകാന്ത് തിരുവനന്തപുരം നഗരത്തില്‍ ഒരുപാട് അലഞ്ഞു. എന്നാല്‍ കറുത്തുതടിച്ച തമിഴന് മലയാളസിനിമയില്‍ ആരും അവസരം നല്‍കിയില്ല. അക്കാലത്ത് വ്യാഴാഴ്ച രാത്രി മധുരയില്‍ നിന്ന് ട്രെയിന്‍ കയറും. ചാന്‍സ് ചോദിച്ച് അലഞ്ഞുവലഞ്ഞ് ഞായറാഴ്ച തിരികെപ്പോകും. പിന്നീട് പ്രമുഖ തമിഴ് ചലച്ചിത്ര നിര്‍മാതാവായി മാറിയ ബാല്യകാല സുഹൃത്ത് ഇബ്രാഹിം റാവുത്തറും ഒപ്പമുണ്ടാകും. സിനിമയില്‍ ചാന്‍സ് നിഷേധിച്ചവരെയൊക്കെ വിജയകാന്ത് പിന്നീട് കണ്ടിട്ടുണ്ട്. ഒരു പരിഭവവും കാട്ടിയിട്ടില്ല
മധുരയില്‍ അരിമില്ലുടമയായിരുന്നു വിജയകാന്തിന്റെ അച്ഛന്‍ അളഗര്‍സാമി. അദ്ദേഹത്തിന്റെ മകന്‍ തിരുവനന്തപുരത്ത് ഗോള്‍ഡ് കവറിങ് ജ്വല്ലറി ഉടമയായതും സിനിമ പോലൊരു കഥയാണ്. മധുരയിലെ ബാല്യകാല സുഹൃത്ത് സുന്ദരരാജന്റെ സഹോദരി മുത്തുലക്ഷ്‌മിയുടെ വീട് ചാല പിള്ളയാർകോവിൽ ലെയ്‌നിലായിരുന്നു. മുത്തുലക്ഷ്‌മിയുടെ ഭർത്താവ് കണ്ണന്റെ സ്‌ഥാപനമായിരുന്നു ‘ജ്യോതി ജ്വല്ലറി മാർട്ട്’. കുട്ടിക്കാലത്ത് മുത്തുലക്ഷ്‌മിയുടെ വീട്ടിൽ താമസിക്കുമ്പോൾ ഇടയ്‌ക്കൊക്കെ ജ്വല്ലറിയിൽ പോകും. അവിടെ എപ്പോഴും നല്ല തിരക്കായിരുന്നു. എന്നാല്‍ കണ്ണൻ മരിച്ചതോടെ ജ്യോതി ജൂവലറി പ്രതിസന്ധിയിലായി. ഈ ഘട്ടത്തില്‍ അവരെ സഹായിക്കാനാണ് കട വാങ്ങിയത്. പഴവങ്ങാടിക്കും ഓവര്‍ബ്രിജിനും ഇടയിലുള്ള ഭാഗത്തായിരുന്നു ജ്യോതി ജ്വല്ലറി മാര്‍ട്ട്. ഏഴു ലക്ഷം രൂപ കൊടുത്തു വാങ്ങിയ കട പക്ഷേ വിജയകരമായി നടത്താൻ വിജയകാന്തിന് കഴിഞ്ഞില്ല. ഒടുവില്‍ അത് അടച്ചുപൂട്ടേണ്ടിവന്നു. പിന്നീട് മറ്റാർക്കോ വിറ്റു.
സത്യനെ ആരാധിച്ചിരുന്ന വിജയകാന്ത് മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം തേടി മുട്ടാത്ത വാതിലുകളില്ല. രാവിലെ ചാലയിലെ വീട്ടിൽ നിന്നിറിങ്ങിയാൽ ചാൻസ് ചോദിച്ച് പലരെയും പോയിക്കാണും. ക്ഷീണിച്ചു തിരികെയെത്തുമ്പോൾ ജ്വല്ലറിയിൽ കയറിയിരിക്കും. മുന്‍പ് ഒരു തമിഴ് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നെങ്കിലും കഴിവില്ലെന്നുപറഞ്ഞ് ചിത്രീകരണ സമയത്ത് പുറത്താക്കി. അതോടെയാണ് എങ്ങനെയും സിനിമാതാരമാകണമെന്ന് വാശിയായതും മലയാളത്തില്‍ അവസരം ചോദിച്ച് അലഞ്ഞതും.
പണ്ട് ഓണക്കാലത്ത് മിക്കവാറും വിജയകാന്ത് തിരുവനന്തപുരത്തുണ്ടാകും. ഓണത്തിരക്കും ഗതാഗതക്കുരുക്കുമൊക്കെ കണ്ട് കടയിലിരിക്കും. അല്ലെങ്കില്‍ വെറുതേ ഇറങ്ങി നടക്കും. സത്യൻ, ജയൻ, ഷീല, ശാരദ, ജയഭാരതി തുടങ്ങിയവരെ വലിയ ഇഷ്‌ടമായിരുന്നു. അവരുടെ എല്ലാ സിനിമകളും കാണും. ‘തുലാഭാരം’കണ്ട് കരഞ്ഞിട്ടുണ്ട്. ഉപ്പേരി കഴിച്ചുകൊണ്ടാണ് സിനിമ കാണല്‍. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനവും മുടക്കിയിരുന്നില്ല.
അന്ന് നഗരത്തില്‍ എല്ലായിടത്തും നടന്നാണ് പോയിരുന്നത്. പിന്നീട് നഗരം വളര്‍ന്നപ്പോള്‍ നടന്നെത്താന്‍ ബുദ്ധിമുട്ടായി. മോഹന്‍ലാലിന്റെ അഭിനയ രജതജൂബിലി ആഘോഷത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പഴവങ്ങാടി എവിടെയെന്ന് കാര്‍ ഡ്രൈവറോട് ചോദിച്ചു. ‘അത് കുറേ ദൂരെയാണ് സാര്‍’ എന്നായിരുന്നു മറുപടി. മധുരക്കാരനും
തിരുവനന്തപുരംകാരനുമായി കഴിഞ്ഞിരുന്ന വിജയകാന്ത് പിന്നീട് ചൈന്നൈ വാസിയായി. രാഷ്ട്രീയത്തിലിറങ്ങി. തമിഴ്നാടിന്റെ പ്രതിപക്ഷ നേതാവായി. താരസംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്റായി. അവിടെയെല്ലാം തിരുവനന്തപുരത്ത് അലഞ്ഞുനടന്ന മധുരക്കാരന്റെ നൈര്‍മല്യവും സ്ഥിരോല്‍സാഹവും ഒപ്പമുള്ളവരെ സഹായിക്കാനുള്ള മനസും അയാള്‍ കൊണ്ടുനടന്നു. എഴുപത്തൊന്നാം വയസില്‍ മടങ്ങുമ്പോള്‍ ബാക്കിവയ്ക്കുന്നതും ജീവസ്സുറ്റ ആ ഓര്‍മകള്‍ തന്നെയാണ്.