അപ്രതീക്ഷിതമായാണ് അവനോടെനിക്ക് പ്രണയം തോന്നിയത്: മാളവിക ജയറാമിന്റെ വിവാഹനിശ്ചയ വിഡിയോ
Mail This Article
ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ വിവാഹനിശ്ചയ വിഡിയോ പുറത്തിറങ്ങി. മാജിക് മോഷൻ പിക്ചേഴ്സ് ആണ് വിവാഹനിശ്ചയത്തിന്റെ ഔദ്യോഗിക വിഡിയോ റിലീസ് ചെയ്തത്. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ. യുകെയിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ആയി ജോലി ചെയ്യുന്നു. പാലക്കാട് നെന്‍മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്. 2024 മെയ് മൂന്നിന് ഗുരുവായൂര്‍ വച്ചാണ് വിവാഹം.
വിവാഹ ജീവിതത്തിലേക്കു കടക്കുന്ന ഇവർ തങ്ങളുടെ പ്രണയത്തെക്കുറിച്ച് വിഡിയോയിലൂടെ പരസ്പരം പങ്കുവയ്ക്കുന്നുണ്ട്. ‘‘അവളോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളിലും എനിക്ക് ലഭിക്കുന്നത് പൂർണമായ സന്തോഷത്തിന്റെ അനുഭൂതിയാണ്. ഇത്തരത്തിലൊരു വ്യക്തി എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടേയില്ല. അവൾ എന്റെ ജീവിതത്തിൽ വന്നതിനു ശേഷമുള്ള നിമിഷങ്ങൾ എനിക്ക് വിവരിക്കാൻ പോലും കഴിയില്ല കാരണം ഇതൊരു പുതിയ അനുഭവമാണ്. കഴിഞ്ഞ 30 വർഷത്തെ എന്റെ ജീവിതത്തിൽ ഇതുവരെ മറ്റൊരാളോടും തോന്നാത്ത അടുപ്പമാണ് എനിക്ക് അവളോട് തോന്നുന്നത്.
യുഗങ്ങളായി എനിക്ക് അവളെ പരിചയമുള്ളതുപോലെ. ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ ശക്തവും ദൃഢവുമായിക്കൊണ്ടിരിക്കുന്നതായി തോന്നുന്നു. അവളോടൊപ്പം ചെയ്യുന്ന എല്ലാ കാര്യങ്ങളും കിറുകൃത്യമാണ്. അവളോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും പവിത്രമാണ്. അവളോട് എനിക്ക് തോന്നുന്ന വികാരം എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്നതാണ്, അവിടെയാണല്ലോ സ്നേഹം മുളപൊട്ടുന്നത്.’’–നവ്നീതിന്റെ വാക്കുകൾ.
‘‘എന്റെ മാതാപിതാക്കൾ പ്രണയിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. അത് ഒരിക്കലും വെറുമൊരു വിവാഹബന്ധം മാത്രമല്ല മറിച്ച് ഒരാൾ മറ്റൊരാളിൽ സൗഹൃദവും ഇണക്കവും കണ്ടെത്തൽ കൂടിയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അപ്രതീക്ഷിതമായിട്ടാണ് അവനോടെനിക്ക് പ്രണയം തോന്നിയത്. അത് അങ്ങനെയങ്ങു സംഭവിച്ചു പോവുകയായിരുന്നു. ഒടുവിൽ ഞങ്ങളുടെ വിവാഹനിശ്‌ചയ മുഹൂർത്തമെത്തി. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം, ആ നിമിഷത്തിൽ ഞാൻ അലിഞ്ഞുചേരുകയായിരുന്നു. ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മൾ വിശ്വാസത്തോടെ ചിലത് ഏറ്റെടുക്കേണ്ട സമയം വരും. അങ്ങനെ വിശ്വാസത്തെ മുറുകെപ്പിടിച്ച് ഞാനൊരു തീരുമാനമെടുത്തതിന് ശേഷം എന്റെ ജീവിതം മനോഹരമായ ഒരു സാഹസിക യാത്രയായി മാറി. ഓരോ ദിവസവും ഒരു പുതിയ അധ്യായമായിരുന്നു. ഓരോ ദിവസവും എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഫെയറി ടെയിലിലെ മനോഹരമായ പേജുകൾ ഞാൻ മറിച്ചുനോക്കുകയാണ്.’’–മാളവിക പറയുന്നു
കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു വിവാഹനിശ്ചയം. ചടങ്ങിൽ മാളവികയുടെയും നവ്നീതിന്റെയും കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.
അപർണ ബാലമുരളി നേതൃത്വം നൽകുന്ന എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകൾക്കു ചുക്കാൻ പിടിച്ചത്.