സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനു വന്ന ഈ അച്ഛനെ ഓർമയുണ്ടോ ?: കുറിപ്പുമായി ടിനി ടോം
Mail This Article
പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ കുത്തേറ്റു മരണമടഞ്ഞ ഡോക്ടർ വന്ദന ദാസിന്റെ അച്ഛൻ കെ.ജി. മോഹന്‍ദാസിനെ സന്ദർശിച്ച് നടൻ ടിനി ടോം. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിനു തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് വന്ദനയുടെ അച്ഛനെ പരിചയപ്പെട്ടതെന്ന് ടിനി ടോം പറയുന്നു. ഒരച്ഛൻ മകളുടെ വിവാഹം നടത്തുന്നത് കൺനിറയെ കാണാനാണ് വന്ദനയുടെ അച്ഛൻ മോഹന്‍ദാസ് ഭാഗ്യയുടെ വിവാഹത്തിനെത്തിയത്. വിവാഹത്തിനെത്തിയ ആരും വന്ദനയുടെ അച്ഛനെ തിരിച്ചറിഞ്ഞില്ലെങ്കിലും അന്ന് അവിടെ എത്തിയവരിൽ മഹനീയ സാന്നിധ്യമായി തനിക്ക് തോന്നിയത് വന്ദനയുടെ അച്ഛൻ ആയിരുന്നുവെന്നും ടിനി ടോം പറയുന്നു.
ഭാഗ്യ സുരേഷിന്റെ വിവാഹപരിപാടികൾക്കിടെ വന്ദനയുടെ അച്ഛന്റെ വിലാസവും ഫോൺ നമ്പറും ടിനി വാങ്ങിയിരുന്നു. ഇപ്പോൾ അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയതാണ് താനെന്നും കോട്ടയം വഴി പോകുന്നവർ അദ്ദേഹത്തെ തീർച്ചയായും സന്ദർശിക്കണമെന്നും ടിനി ടോം കുറിച്ചു. വന്ദനയുടെ അച്ഛൻ മോഹന്‍ദാസിനോപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ടിനി ടോം സമൂഹ മാധ്യമങ്ങളിൽ കുറിപ്പു പങ്കുവച്ചത്.
‘‘ഈ അച്ഛനെ ഓർമ്മയുണ്ടോ ഉണ്ടാവില്ല കാരണം നമ്മൾ മറക്കാൻ മിടുക്കരാണല്ലോ. കൃത്യം 8 മാസം മുൻപ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു ഡോക്ടർ വന്ദന ദാസ്. ആ കുഞ്ഞിന്റെ അച്ഛനാണ് ഇത്. ഇദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടത് സുരേഷ്‌ഗോപി ചേട്ടന്റെ മകളുടെ തിരുവനന്തപുരത്തെ വിവാഹ റിസപ്ഷനിൽ വച്ചാണ്. ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ്.
ഒരു ചാനലുകളും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ഒരച്ഛൻ മകളുടെ കല്യാണം നടത്തുന്നത് കൺനിറയെ കാണുകയായിരുന്നു ഈ അച്ഛൻ. ഞാൻ വിലാസം മേടിച്ചു, ഇപ്പോ വീട്ടില്‍ കാണാനെത്തി. നിങ്ങളും ഈ മുട്ടുചിറ–കോട്ടയം വഴി പോകുമ്പോൾ ഒന്ന് ഈ വീട്ടില്‍ വരുക. ഒന്നിനും അല്ല എന്തു നമ്മൾ കൊടുത്താലും പകരം ആവില്ലല്ലോ. ഒരു സാന്ത്വനം അത് വലിയ ഒരു ആശ്വാസം ആയിരിക്കും ഈ അച്ഛന്.’’– ടിനി ടോം കുറിച്ചു.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ എംബിബിഎസ് പഠനത്തിനു ശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. 2023 മേയ് 10നു പുലര്‍ച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് പൊലീസ് വൈദ്യപരിശോധനയ്ക്കു കൊണ്ടുവന്ന പ്രതിയുടെ ആക്രമണത്താൽ വന്ദന ദാസ് കൊല്ലപ്പെട്ടത്.
ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ പ്രതി കത്രിക കൊണ്ട് ഡോക്ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. ഒട്ടേറെ തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദാരുണ സംഭവത്തിനുശേഷം കുടുംബത്തിന് ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും സുരേഷ് ഗോപിയും വന്ദനയുടെ വീട്ടിലെത്തിയിരുന്നു.