‘പറ സൗദാ’; ‘ലെനയെപ്പോലും’ വിറപ്പിച്ച നടൻ; എൻ.എഫ്. വർഗീസിനെ ഓർമിപ്പിക്കുന്ന ആ താരം ഇവിടുണ്ട്

Mail This Article
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു റീൽ വിഡിയോ ഡയലോഗ് ആണ് ‘പറ സൗദാ’. കുട്ടികളും മുതിർന്നവരും ഉൾപ്പടെ റീലുകളും ഓൺ വോയിസും ഒക്കെ കൊടുക്കുന്ന ആ ഡയലോഗ് ‘ഖൽബ്’ എന്ന സിനിമയിലെ ഒരു കഥാപാത്രം പറയുന്നതാണ്. ആലുവ സ്വദേശിയായ ആഷിക് ഖാലിദ് ആണ് ഖൽബിലെ ഈ ഡയലോഗിന്റെ ഉടമ. നെറ്റ്‌വർക്ക് എൻജിനീയർ ആയിരുന്ന ആഷിക്, ഡിമൽ ഡെന്നിസ് സംവിധാനം ചെയ്ത ‘വലിയ പെരുന്നാളിലൂ’ടെയാണ് സിനിമയിലെത്തിയത്. ചെറുപ്പം മുതൽ സുഹൃത്തുക്കൾക്കൊപ്പം സിനിമാ സെറ്റുകളിൽ പോകുമെങ്കിലും ഒരു നടനാകുമെന്ന് ഒരിക്കലും കരുതിയില്ല എന്ന് ആഷിക് പറയുന്നു. താൻ പറഞ്ഞ ഡയലോഗ് എടുത്ത് റീലുകൾ ചെയ്യുന്നത് കാണുമ്പോഴും അനശ്വര കലാകാരനായ എൻ.എഫ്. വർഗീസിനോട് തന്നെ ഉപമിക്കുമ്പോഴും വിനയാന്വിതാനാവുകയാണ് ഈ കലാകാരൻ. ‘പറ സൗദാ’ എന്ന വൈറലായ ഡയലോഗിന് പിന്നിലെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് ആഷിക് ഖാലിദ് മനോരമ ഓൺലൈനിലെത്തുന്നു.
ഖൽബിലെ ബാപ്പ എന്ന ചാലഞ്ച്
അഭിനയത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ ആളാണ് ഞാൻ. വലിയ പെരുന്നാൾ എന്ന സിനിമയാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. അത് കണ്ടിട്ടാണ് സാജിത് യഹിയ ഖൽബ് എന്ന സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. ഖൽബിലെ ബാപ്പയുടെ കഥാപാത്രം കുറച്ച് ചാലഞ്ചിങ് ആയി തോന്നിയിരുന്നു. എന്റെ ഒപ്പം അഭിനയിക്കുന്നത് വളരെയധികം എക്സ്പീരിയൻസ് ഉള്ള ലെനയും സിദ്ദിഖ് ഇക്കയും ഒക്കെയാണ്. ഇത് ഷൂട്ട് ചെയ്ത സമയത്ത് "പറ സൗദാ" എന്ന ഡയലോഗ് പറയുമ്പോൾ എനിക്ക് കൂടുതൽ ഒന്നും തോന്നിയില്ല. പക്ഷേ പിറ്റേന്ന് മുതൽ സെറ്റിൽ വരുമ്പോൾ ആളുകൾ പലയിടത്തുനിന്ന് "പറ സൗദാ" എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു എന്താണ് ഈ ഡയലോഗ് ആൾക്കാർ ഇങ്ങനെ പറയുന്നത് എന്ന്.
നമ്മൾ ആ ടേക്കിന്റെ ഇടയിൽ ആ ഡയലോഗ് പറയുന്നു എന്നല്ലാതെ മറ്റൊന്നും ശ്രദ്ധിക്കില്ലല്ലോ. ‘പറ സൗദാ’ എന്ന ഡയലോഗ് വച്ച് ചെറിയ കുട്ടികളും വയസ്സായവരും പല പ്രായത്തിലുള്ള ആൾക്കാർ പല രാജ്യങ്ങളിൽ നിന്നുകൊണ്ട് വിഡിയോ ചെയ്യുന്നുണ്ട്. കൊച്ചുകുട്ടികൾ വരെ ‘പറ സൗദാ’ എന്ന് പറഞ്ഞിട്ട് റീലുകൾ ചെയ്യാൻ തുടങ്ങി അതൊക്കെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ആളുകൾക്ക് ആ കഥാപാത്രം നന്നായി റിലേറ്റ് ചെയ്യാൻ പറ്റിയിട്ടുണ്ട്. കാരണം പലരുടെയും വീട്ടിൽ ഉണ്ടാകുമല്ലോ ഇത്തരം ഒരു കർക്കശക്കാരനായ മനുഷ്യൻ. വിഡിയോ റീലുകളുടെ അടിയിൽ വരുന്ന കമന്റുകൾ കാണുമ്പോൾ സന്തോഷം തോന്നും. ഓരോ കമന്റുകളും ഓരോരുത്തരുടെയും അഭിപ്രായമാണല്ലോ. ഞാൻ ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ഒന്നും ആക്റ്റീവ് അല്ല. പക്ഷേ ഡയലോഗ് ഭയങ്കര വൈറലാണ് എന്ന് പലരും എന്നോട് വിളിച്ചു പറയുന്നുണ്ട്. 'വലിയ പെരുന്നാൾ' ആണെങ്കിലും 'ഖൽബ്' ആണെങ്കിലും എനിക്ക് വേണ്ടി എഴുതിയ കഥാപാത്രങ്ങളാണ്. അതുകൊണ്ടുതന്നെ എനിക്ക് നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞു. നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കിട്ടുന്നതിലാണ് കാര്യം.
നെറ്റ്‌വർക്ക് എൻജിനീയറിൽ നിന്ന് പ്രേക്ഷകരുടെ ഖൽബിലേക്ക്
ഞാൻ സിനിമയിൽ അഭിനയിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ സിനിമാക്കാരോടൊപ്പം ആണ് ചെറുപ്പം മുതലേ സൗഹൃദം ഉള്ളത്. ഷൂട്ടിങ് സെറ്റിലൊക്കെ മിക്കവാറും ഉണ്ടാകും. ഷൂട്ടിങ് ഒക്കെ കാണാനും പോകും. എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് സിനിമയിൽ. ഞാൻ കരുതിയിരുന്നത് അതവരുടെ ജോലി, എന്റേത് വേറെ ജോലി ആയിരുന്നു ഞാൻ നെറ്റ്‌വർക്ക് എൻജിനീയർ ആയിരുന്നു. സിസ്റ്റംസ് ആണ് നോക്കിക്കൊണ്ടിരുന്നത്, ഇന്റർനെറ്റ് ആയി ബന്ധമുള്ള ജോലിയായിരുന്നു. ബെംഗളൂരുവിലും മിഡിൽ ഈസ്റ്റിലും ഒക്കെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. നെറ്റ്‌വർക്ക് ആർക്കിടെക്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് പല ജോലികൾ ഞാൻ ചെയ്തിട്ടുണ്ട്. ഇപ്പോൾ അഭിനയത്തിലും എത്തി. സുഹൃത്ത് നിർബന്ധിച്ച് ആദ്യ സിനിമ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള ഒരു സ്വീകാര്യത കിട്ടുമെന്നൊന്നും കരുതിയില്ല.

ആദ്യത്തെ ‘പെരുന്നാൾ’
എന്റെ സുഹൃത്ത് ഡിമൽ ഡെന്നിസ് ആണ് 'വലിയ പെരുന്നാൾ' എന്ന സിനിമ സംവിധാനം ചെയ്തത്. തനിക്ക് അഭിനയിക്കാൻ കഴിയും എന്ന് ഡിമൽ എപ്പോഴും എന്നോട് പറയാറുണ്ട്. ആ സിനിമയിൽ എന്നെ കാസ്റ്റ് ചെയ്തപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഈ പരിപാടി അറിയില്ല ഞാൻ വേണമെങ്കിൽ ഡബ്ബ് ചെയ്തു തരാം. അപ്പോൾ പുള്ളി പറഞ്ഞു അതൊന്നും കുഴപ്പമില്ല നമുക്ക് ഒരു വർക്ക്ഷോപ്പ് നടത്താം അതുകഴിയുമ്പോൾ ശരിയാകും എന്ന് പറഞ്ഞു. അതുപോലെ തന്നെ വർക്ക്‌ഷോപ്പിൽ പങ്കെടുത്തപ്പോൾ എനിക്ക് ചെറിയ ആത്മവിശ്വാസം ഒക്കെ വന്നു. ആ സിനിമയിൽ നല്ലൊരു വേഷമായിരുന്നു വലിയ കുഴപ്പമില്ലാതെ അഭിനയിച്ചു എന്ന് എല്ലാവരും പറഞ്ഞു. നല്ല വേഷങ്ങൾ കിട്ടിയാൽ നന്നായി ചെയ്യാൻ പറ്റും എന്നാണ് എനിക്ക് തോന്നുന്നത്. നല്ല വേഷങ്ങൾ ചെയ്യുമ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഈ സിനിമയിൽ തന്നെ സാജിത് നല്ലൊരു കഥാപാത്രം തന്നു, അതുപോലെ ഈയൊരു ഡയലോഗ് പറയിച്ചു അങ്ങനെയാണല്ലോ ഈ കഥാപാത്രത്തെ എല്ലാവരും ശ്രദ്ധിച്ചത്. ഒരു വർഷം മുൻപാണ് ‘ഖൽബ്’ എന്ന സിനിമ തിയറ്ററിൽ വന്നത്. ഒരു വർഷം കഴിഞ്ഞാണ് ഇപ്പോൾ ഒടിടിയിൽ വന്നത്. എന്നെ സംബന്ധിച്ച് രണ്ടാമതൊരു സിനിമ റിലീസ് ചെയ്തത് പോലെയാണ് ഇപ്പോൾ തോന്നുന്നത്
ഖൽബ് ഒടിടിയിൽ വന്നപ്പോൾ
ഞാൻ മെട്രോയിൽ ആണ് സഞ്ചരിക്കുന്നത്, മെട്രോയിൽ വന്ന് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോൾ പെട്ടെന്ന് ആളുകൾ എന്നെ ശ്രദ്ധിക്കുന്നതായി കാണുന്നു. അപ്പോഴേ ഞാൻ വിചാരിച്ചു എന്തോ സംഭവിച്ചിട്ടുണ്ടല്ലോ എന്ന്. അപ്പോഴാണ് ഒടിടിയിൽ സിനിമ റിലീസ് ആയത് ഞാനറിഞ്ഞത്. ഇപ്പോൾ പെട്ടെന്ന് എനിക്ക് ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ ഒരുപാട് ഫോളോവേഴ്സ് റിക്വസ്റ്റ് വരുന്നുണ്ട്. ഈ സിനിമയിലേക്ക് വിളിച്ചപ്പോൾ ഞാൻ സാജിതിനോട് പറഞ്ഞു ഞാൻ വലിയ അഭിനേതാവ് ഒന്നുമല്ല എനിക്ക് ചെറിയ ചെറിയ സീനുകൾ തരണം ചെയ്തു നോക്കാൻ ആയിട്ട്, പക്ഷേ സാജിത് ആദ്യം തന്നെ തന്നത് സിദ്ദിഖ് ഇക്കയുടെ കൂടെയുള്ള സീനായിരുന്നു. നമ്മുടെ ആഗ്രഹം പോലെ നടക്കില്ലല്ലോ അവരുടെ ഷെഡ്യൂൾ വച്ച് ചാർട്ട് ചെയ്ത് ഷൂട്ട് ചെയ്യുന്നതല്ലേ.
സിദ്ദീഖ് ഇക്കാ വലിയ ഒരു ആർട്ടിസ്റ്റ് ആണ് അദ്ദേഹം ശരിക്കും പറഞ്ഞാൽ നമുക്ക് വേണ്ടി ഒന്ന് താഴ്ന്നു തരിക വരെ ചെയ്തു. വലിയ ഈഗോ ഒക്കെ ഉള്ള ആളുകൾ ആണെങ്കിൽ നമുക്ക് കൂടെ അഭിനയിക്കാൻ ബുദ്ധിമുട്ടാകും വളരെ കംഫർട്ടബിൾ ആയിരുന്നു അദ്ദേഹത്തോട് ഒപ്പം അഭിനയിക്കാൻ. അദ്ദേഹത്തിന്റെ എതിരെ നിന്ന് അഭിനയിക്കുമ്പോൾ നമുക്ക് അറിയാം അവരുടെ കഴിവ് എത്രമാത്രം ഉണ്ടെന്ന്. ലെനയോടൊപ്പം അഭിനയിക്കുമ്പോൾ എനിക്ക് പിടിച്ചുനിൽക്കാൻ പറ്റുന്നുണ്ടായില്ല, അവർ ഒക്കെ എത്ര കഴിവുള്ള താരമാണ്. അതുപോലെ തന്നെ ആദ്യമായി അഭിനയിച്ച നേഹയും വളരെ നന്നായി അഭിനയിച്ചിരുന്നു. അവരുടെ അടുത്തെങ്കിലും എത്താൻ പറ്റുന്ന അഭിനയം കാഴ്ചവയ്ക്കാൻ വല്ലാതെ ബുദ്ധിമുട്ടി.
വൈറലായ ‘പറ സൗദാ’
പറ സൗദാ എന്ന ഡയലോഗിന് വേണ്ടി നന്നായി ഹോം വർക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ടായിരിക്കാം അത് ശ്രദ്ധിക്കപ്പെട്ടത്. ഡയലോഗ് പറഞ്ഞിട്ട് ഉറക്കെ ഒന്ന് ചിരിക്കാൻ സാജിത് പറഞ്ഞിരുന്നു, പക്ഷേ എനിക്ക് പറ്റുന്നുണ്ടായില്ല. ഞങ്ങൾ രണ്ടു മൂന്നു ടേക്ക് ഒക്കെ പോയി. ആ കഥാപാത്രം ഒച്ചയിൽ ചിരിക്കുന്ന ആളല്ല. ഞാൻ ഡബ്ബ് ചെയ്യാൻ പോയപ്പോഴും ‘പറ സൗദാ’ എന്നുള്ള ഡയലോഗ് രണ്ടുമൂന്ന് വേർഷൻ ചെയ്തു കൊടുത്തു. അങ്ങനെ ഡബ്ബിങ്ങിന് കൂടുതൽ സമയം ഞാൻ എടുത്തിട്ടുണ്ട്. ഇതൊന്നും വേണമെന്ന് വിചാരിച്ച് ചെയ്യുന്ന കാര്യങ്ങൾ അല്ല. ഒരു കാര്യത്തിനുവേണ്ടി ആത്മാർത്ഥമായി ശ്രമിക്കുമ്പോൾ ദൈവത്തിന്റെ ഒരു സഹായം കൂടി ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്രയും കഷ്ടപ്പെടുന്നതല്ലേ എന്തെങ്കിലും സഹായം ചെയ്തു കൊടുക്കാം എന്ന് ദൈവത്തിനു തോന്നുമായിരിക്കും.
എൻ.എഫ്. വർഗീസിന്റെ നാട്ടുകാരൻ
എന്നെ എൻ.എഫ്. വർഗീസുമായി ഉപമിക്കുന്നത് ചില കമന്റുകളിൽ കണ്ടു. ഒരു കോമഡി എന്താണെന്ന് ഞാൻ പറഞ്ഞുതരാം, പണ്ട് ഞങ്ങൾ സ്കൂളിൽ പോകുന്ന വഴിയിലാണ് എൻ.എഫ്. വർഗീസ് ചേട്ടന്റെ നാടകകമ്പനി. അദ്ദേഹം കമ്പനിക്ക് മുന്നിൽ നിൽപ്പുണ്ടെങ്കിൽ ഞങ്ങൾ അദ്ദേഹത്തിന്റെ മുഖത്ത് പോലും നോക്കാതെ വേഗം നടന്നു പോകും. അന്ന് ഞാൻ നാടകം ഒന്നും കണ്ടിട്ടില്ല എന്നിട്ട് പോലും അദ്ദേഹത്തെ കാണുമ്പോൾ വെറുതെ ഒരു പേടി വരുമായിരുന്നു. എൻ.എഫ്. ചേട്ടന്റെ മകളെ കല്യാണം കഴിച്ചിരിക്കുന്നത് എന്റെ ഒരു സുഹൃത്താണ്. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി. ആലുവയിലാണ് അദ്ദേഹത്തിന്റെ വീട്. അതുകൊണ്ട് തന്നെ ശബ്ദം ഒക്കെ ഏകദേശം ഒരുപോലെയായിരിക്കും അതുകൊണ്ടായിരിക്കും ചിലപ്പോൾ ഒരുപോലെ തോന്നുന്നത്. എൻ.എഫ്. വർഗീസിന്റെ പെർഫോമൻസ് ലെവൽ ഒക്കെ ഗംഭീരമാണ്. അദ്ദേഹവുമായിട്ടൊന്നും താരതമ്യം ചെയ്യാൻ മാത്രം ഞാൻ വളർന്നിട്ടില്ല. എങ്കിലും അങ്ങനെ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നുണ്ട്.
നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്
ഞാൻ ഒരു അഭിനേതാവ് ഒന്നുമല്ല വഴിതെറ്റി വന്നതാണ് ഇവിടെ, പക്ഷേ കഥാപാത്രങ്ങൾ ചെയ്തിട്ട് അത് മോശമായിപ്പോയെന്നു കേട്ടാൽ അത് വിഷമമാകുമല്ലോ. ചെയ്ത കഥാപാത്രങ്ങൾ മോശമായില്ല എന്ന് പറഞ്ഞു കേൾക്കുമ്പോൾ സന്തോഷം ഉണ്ട്. ചെയ്ത സിനിമകൾ കണ്ടിട്ട് എനിക്ക് അവസരങ്ങൾ വരുന്നുണ്ട്. ഇപ്പോൾ ബിജുമേനോനോടൊപ്പം ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.നല്ലൊരു കോമഡി സിനിമയാണ് അത്, ഗ്രേസ് ആന്റണിയും അതിൽ അഭിനയിക്കുന്നുണ്ട്.പിന്നെയും രണ്ടുമൂന്നു സിനിമകൾ പറഞ്ഞിട്ടുണ്ട് അതൊന്നും ഒന്നും പറയാറായിട്ടില്ല. എനിക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ മാത്രമേ ചെയ്യാൻ താൽപര്യമുള്ളൂ എല്ലാം ഓടിനടന്ന് അഭിനയിക്കണം എന്ന് ആഗ്രഹമില്ല. നല്ല കഥാപാത്രങ്ങൾ കിട്ടുക അതിലാണ് കാര്യം, കഥാപാത്രങ്ങൾ നന്നായി തെരഞ്ഞെടുത്ത് ചെയ്യണം. വീട് ആലുവയിലാണ്, ഞാനും ഭാര്യയും ഒരു മകളുമാണ് ഉള്ളത്. മകൾ ഫാഷൻ ഡിസൈനറായി ഡൽഹിയിൽ വർക്ക് ചെയ്യുന്നു.ആലുവയിൽ ‘പ്രേമം’ പാലത്തിന്റെ അടുത്താണ് വീട്.