വിക്രത്തിന് വീണ്ടും ദൗർഭാഗ്യം; ‘വീര ധീര ശൂരൻ’ റിലീസ് മുടങ്ങി

Mail This Article
‘എമ്പുരാനൊ’പ്പം റിലീസ് തീരുമാനിച്ചിരുന്ന വിക്രം ചിത്രം ‘വീര ധീര ശൂരൻ’ റിലീസ് മുടങ്ങി. തമിഴ്നാട്ടിലും കേരളത്തിലും വിദേശത്തുമടക്കം സിനിമയുടെ ആദ്യ ഷോ നടന്നില്ല. ചിത്രത്തിന്റെ ഒടിടി അവകാശങ്ങളെ ചൊല്ലിയാണ് നിയമപ്രശ്‌നം.
ഒടിടിയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഡല്‍ഹി ഹൈക്കോടതി സമീപിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 വരെ ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് ഇറക്കുകയായിരുന്നു.
പ്രശ്ന പരിഹാരത്തിനായി ഏഴ് കോടി രൂപ ബി4യു കമ്പനിക്കു നൽകണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചെന്നും റിപ്പോർട്ടുകളുണ്ട്. വിക്രവും സംവിധായകൻ എസ്.യു. അരുൺകുമാറും തങ്ങളുടെ പ്രതിഫലത്തിൽനിന്നും ഒരു വിഹിതം മാറ്റിവച്ച് നിർമാതാവിനെ സഹായിക്കുമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുക മുഴുവൻ നൽകി കഴിഞ്ഞാൽ ഉച്ച കഴിഞ്ഞ് സിനിമ റിലീസ് ചെയ്യാനായേക്കും.
സിനിമയുടെ റിലീസിനു മുന്നോടിയായി കേരളത്തിലടക്കം വലിയ രീതിയിലുള്ള പ്രമോഷൻ ടീം ചെയ്തിരുന്നു. വിക്രം അടക്കമുള്ളവർ കേരളത്തിലെത്തി. ‘എമ്പുരാനൊ’പ്പം തമിഴ്നാട്ടിൽ റിലീസിനെത്തുന്ന ഒരേയൊരു തമിഴ് ചിത്രവും കൂടിയായിരുന്നു ‘വീര ധീര ശൂരൻ’. ആദ്യ ഷോ മുടങ്ങിയതോടെ വലിയ സാമ്പത്തിക നഷ്ടവും നിർമാതാവിനുണ്ടാകും.
‘ചിത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വീര ധീര ശൂരൻ. രണ്ട് ഭാഗങ്ങളുളള സിനിമായകും വീര ധീര സൂരൻ. പതിവിനു വിപരീതമായി പാർട്ട് 2 ആദ്യം റിലീസ് ചെയ്ത് പിന്നീട് സിനിമയുടെ പ്രീക്വൽ ഇറക്കാനാകും അണിയറക്കാർ പദ്ധതിയിടുന്നത്.
ചിയാൻ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. ജി.കെ. പ്രസന്ന (എഡിറ്റിങ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമാണം നിർവഹിക്കുന്നത്.
ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിച്ച വീര ധീര ശൂരനിലെ കല്ലൂരം എന്ന ഗാനവും ആത്തി അടി എന്ന ഗാനവും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രെൻഡിങ് ആണ്. പിആര്‍ഓ പ്രതീഷ് ശേഖര്‍.