‘ലിങ്ക് ചോദിക്കുന്നത് നിർത്തൂ’; ഓഡിഷൻ ചതിയിലൂടെ നഗ്നദൃശ്യം പ്രചരിച്ചതിൽ പ്രതികരണവുമായി നടി

Mail This Article
വ്യാജ ഓഡിഷന്റെ കെണിയിൽ പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നഗ്നദൃശ്യം പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി തമിഴ് സീരിയൽ താരം. ഔദ്യോഗിക പേജിലൂടെയാണ് നടി ഇക്കാര്യത്തിൽ സ്വന്തം നിലപാട് അറിയിച്ചത്. പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നും നിർമിതബുദ്ധി ഉപയോഗിച്ച് നിർമിച്ചതാണെന്നും നടി പറയുന്നു. മൂന്ന് ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് നടിയുടെ പ്രതികരണം.
എഐ ക്ലോണിങ്ങിനെക്കുറിച്ചുള്ള ഒരു വിഡിയോ ട്യൂട്ടോറിയലാണ് നടി ആദ്യം പങ്കുവച്ചത്. ഇതിൽ തന്റേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയെക്കുറിച്ച് പ്രത്യക്ഷത്തിൽ പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, മണിക്കൂറുകൾക്കു ശേഷം വീണ്ടും രണ്ടു സ്റ്റോറികൾ താരം പങ്കുവച്ചു. താൻ കടന്നു പോകുന്ന അവസ്ഥയെക്കുറിച്ചും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞുകൊണ്ടായിരുന്നു ഈ രണ്ടു പ്രതികരണങ്ങൾ. എല്ലാം കാട്ടുതീപോലെ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട താരം ശക്തമായ വാക്കുകളിൽ തന്റെ നിലപാട് വ്യക്തമാക്കി.

നടിയുടെ വാക്കുകൾ: ‘‘എന്നെക്കുറിച്ച് പ്രചരിപ്പിക്കുന്ന കണ്ടന്റ് നിങ്ങൾക്ക് തമാശയായിരിക്കാം. എന്നാൽ എനിക്കും എന്നോട് അടുത്തുനിൽക്കുന്നവർക്കും അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള സമയവും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടേറിയ സാഹചര്യവുമാണ്. ഞാനും ഒരു പെൺകുട്ടിയാണ്. എനിക്കും വികാരങ്ങളുണ്ട്. എന്നോട് അടുപ്പമുള്ളവർക്കും വികാരമുണ്ട്. നിങ്ങൾ അത് കൂടുതൽ വഷളാക്കുന്നു. എല്ലാം കാട്ടുതീ പോലെ പ്രചരിപ്പിക്കരുതെന്ന് ഞാൻ നിങ്ങളോട് വിനീതമായി അഭ്യർഥിക്കുകയാണ്. ഇനി നിർബന്ധമാണെങ്കിൽ നിങ്ങളുടെ അമ്മയുടേയോ സഹോദരിയുടേയോ കാമുകിയുടേയോ വിഡിയോ പോയി കാണുക. അവരും പെൺകുട്ടികളാണ്. അവർക്കും എന്റേതു പോലുള്ള ശരീരമുണ്ട്. പോയി അവരുടെ വിഡിയോകൾ ആസ്വദിക്കൂ.’’
‘‘ഇത് നിങ്ങളുടെ വിനോദമല്ല, ഒരു മനുഷ്യജീവനാണ്. അതിജീവിതയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒരുപാട് കമന്റുകളും പോസ്റ്റുകളും ഞാൻ കണ്ടു. ഇത്തരം വിഡിയോകൾ ചോർത്തുന്നവരും കാണുന്നവരും ചോദ്യം ചെയ്യപ്പെടാതിരിക്കുമ്പോഴും എന്തുകൊണ്ടാണ് എപ്പോഴും സ്ത്രീകൾ മാത്രം ജഡ്ജ് ചെയ്യപ്പെടുന്നത്? ആളുകൾ ഇതിനോട് പ്രതികരിക്കുന്ന രീതി അരോചകമാണ്. എല്ലാ സ്ത്രീകൾക്കും നിങ്ങളുടെ അമ്മയ്ക്കും മുത്തശ്ശിക്കും പെങ്ങൾക്കും ഭാര്യയ്ക്കുമുള്ളതുപോലെയുള്ള ഒരേ ശരീരഭാഗങ്ങളാണ് ഉള്ളത്.’’
‘‘ഇത് കേവലം ഒരു വിഡിയോ അല്ല, ഒരാളുടെ ജീവനും മാനസികാരോഗ്യവുമാണ്. നിർമിതബുദ്ധി ഉപയോഗിച്ച് നിർമിക്കുന്ന ഡീപ് ഫെയ്ക്കുകൾ ജീവിതങ്ങൾ നശിപ്പിക്കുന്നു. പ്രചരിപ്പിക്കുന്നത് നിർത്തൂ, ലിങ്ക് ചോദിക്കുന്നത് അവസാനിപ്പിക്കൂ. മനുഷ്യരാകാൻ ശ്രമിക്കൂ! ലീക്ക് ആയ വിഡിയോകൾ യഥാർഥമായാലും ഡീപ് ഫെയ്ക്കായാലും പ്രചരിപ്പിക്കുന്നത് ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്’’– നടി വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥ പ്രകാരം നടപടി സ്വീകരിക്കാൻ കഴിയുന്ന ഏതാനും വകുപ്പുകൾ കൂടി ചേർത്താണ് നടി തന്റെ പ്രതികരണം ഉപസംഹരിച്ചത്.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് നടിയുടെ നഗ്നവിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേന താരത്തെ സമീപിച്ച തട്ടിപ്പു സംഘം ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. നഗ്നമായി അഭിനയിക്കേണ്ട കഥാപരിസരം ആണെന്നും, അതിനായി ചില സീനുകൾ ക്യാമറയ്ക്കു മുൻപിൽ അഭിനയിച്ചു കാണിക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു. അവരുടെ നിർദേശപ്രകാരം അഭിനയിച്ച നടിയുടെ വിഡിയോ പിന്നീട് ചില വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരിൽ നടന്നത് തട്ടിപ്പാണെന്ന് യുവനടി തിരിച്ചറിഞ്ഞത്.
ഇതിനെത്തുടർന്ന് നടിയുടെ സമൂഹമാധ്യമപേജിലെ ചിത്രങ്ങളുടെ താഴെ ‘ലിങ്ക്’ ആവശ്യപ്പെട്ടുള്ള കമന്റുകളും വ്യാപകമായി. അതോടെ പേജ് പ്രൈവറ്റ് ആക്കിയ താരം വിഷയത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ വീണ്ടും പേജ് പബ്ലിക് ആക്കിയ താരം വിഷയത്തിൽ പരസ്യ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു.