ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സ്വന്തം കുട്ടിയെ പാലൂട്ടാൻ കഴിയാതെ മുലപ്പാൽ കുപ്പിയിൽ ശേഖരിക്കേണ്ടിവരുന്ന രണ്ടു പേർ. ഒരാൾ മലയാളം സിനിമയിലാണെങ്കിൽ മറ്റൊരാൾ നെതർലൻഡ്സിൽ നിന്നുള്ള സിനിമയിൽ. രണ്ടു കഥാപാത്രങ്ങൾക്കും തമ്മിൽ ഒരു സാമ്യവുമില്ല. രണ്ടു സിനിമകളും തമ്മിൽ ബന്ധവുമില്ല. എന്നാൽ, ഈ രണ്ടു സിനിമകളിലെയും കഥാപാത്രങ്ങൾക്ക് മുലപ്പാൽ ഒരു വലിയ പ്രശ്നമാകുന്നുണ്ട്. ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ ബി 44 വരെ എന്ന സിനിമയിലെ നിധി 11–ാം ക്ലാസ് വിദ്യാർഥിയാണ്. സ്വന്തം കുട്ടിക്ക് മുല കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവൾ വിലക്കപ്പെടുന്നു. കുപ്പിയിലാക്കി മറ്റൊരാൾ കുട്ടിക്കു മുല കൊടുക്കുന്നത് നിധിക്കു കാണേണ്ടിവരുന്നു. മകനെ മാറത്തടുക്കി പാൽ കൊടുക്കാൻ തീവ്രമായി അഭിലഷിച്ചിട്ടും കഴിയാതെ പോകുന്നതോടെ അവൾക്ക് കടുത്ത തീരുമാനമെടുക്കേണ്ടിവരുന്നു. 

മറ്റ് 5 പെണ്ണുങ്ങളുടെ കൂടി അതിജീവനം ചർച്ച ചെയ്യുന്ന ശ്രുതിയുടെ സിനിമയിലെ പ്രധാന കഥാപാത്രമാണ് നിധി. എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് കുട്ടിക്ക് ഒപ്പമായിരിക്കാനും പാലു കൊടുക്കാനുമുള്ള നിധിയുടെ തീരുമാനത്തിലൂടെയാണ് സിനിമ ശ്രദ്ധേയമാവുന്നത്. എന്നാൽ, നെതർലൻഡ്സിൽ നിന്നുള്ള മിൽക് എന്ന ചിത്രത്തിൽ തീർത്തും വ്യത്യസ്തമായ പ്രമേയമാണ് സ്റ്റെഫാനി കോൾക്ക് കൈകാര്യം ചെയ്യുന്നത്. പ്രസവിച്ചയുടൻ റോബിന്റെ കുട്ടി മരിക്കുന്നു. ദുരന്തവുമായി റോബിനും കുടുംബവും പൊരുത്തപ്പെടാൻ ശ്രമിക്കുന്നതിനിടെ മുലപ്പാൽ ഒരു പ്രശ്നമാവുന്നു. അതു പാഴാക്കിക്കളയാൻ അവൾ‌ തയാറല്ല. മുലപ്പാൽ ബാങ്കുമായി ബന്ധപ്പെടുന്നു. എന്നാൽ 10 വർഷം മുമ്പ് ബാധിച്ച ഒരു രോഗം അവൾക്കു തടസ്സമാവുന്നു. എന്നാൽ റോബിന്റെ ദൃഡനിശ്ചയത്തിനു മുന്നിൽ തടസ്സങ്ങൾ ഒന്നൊന്നായി ഇല്ലാതാവുന്നതിന്റെ കാഴ്ചയാണ് സിനിമ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നത്. 

ജോലിക്കു പോലും പോകാതെ, വീട്ടിലെ ഒരു ജോലിയിലും ശ്രദ്ധിക്കാതെ മുലപ്പാൽ കുപ്പികളിൽ ശേഖരിച്ച് ഫ്രീസറിൽ സൂക്ഷിക്കുന്ന റോബിൻ ആവശ്യക്കാരിയായ ഒരു അമ്മയെ അങ്ങോട്ടു ചെന്നു കാണുന്നുമുണ്ട്. തന്റെ പാലിന് ആവശ്യക്കാരില്ലെന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാതെ, സ്വയം ഒരു ഡെലിവറി ഏജന്റാകാൻ പോലും റോബിൻ മടിക്കുന്നില്ല. 

ക്ലാസ്സിലായിരിക്കെ നിധി പല തവണ വാഷ് റൂമിലിലേക്കു പോകുന്നുണ്ട്. മുലപ്പാൽ വസ്ത്രത്തിൽ പടരുമ്പോഴാണ് കാരണം പറയാതെ ആ കുട്ടിക്ക് വാഷ്റൂമിൽ പോയി ടോയ്‌ലറ്റിൽ പാൽ ഒഴുക്കിക്കളയേണ്ടിവരുന്നത്. നിന്റെ കിഡ്നിക്ക് എന്തെങ്കിലും അസുഖമുണ്ടോ എന്ന് സഹപാഠി ഒരിക്കൽ അവളോടു ചോദിക്കുന്നുണ്ട്. സാധാരണ, കിഡ്നിക്ക് രോഗമുള്ളവർക്ക് പല തവണ വാഷ് റൂമിൽ പോകേണ്ടിവരുമെന്നാണ് അവന്റെ ന്യായം. ആ ചോദ്യത്തിനു മുന്നിൽ നിധിക്കു മറുപടിയില്ല. 

എന്നാൽ, ശ്രുതിയുടെ സിനിമയിലെ 6 പെണ്ണുങ്ങളും ഉടലളവുകളുടെ നിയന്ത്രണത്തിൽ നിന്ന് കുതറിമാറി സ്വന്തം വ്യക്തിത്വം തിരിച്ചറിയുകയും സമൂഹത്തിൽ തങ്ങളെത്തന്നെ അടയാളപ്പെടുത്തുന്നുണ്ട്. സിനിമ എന്ന കലാരൂപത്തിൽ നിന്ന് മാറി സ്ത്രീ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ഡോക്യുമെന്ററിയായി ശ്രുതിയുടെ ചലച്ചിത്രം ചിലപ്പോഴെങ്കിലും മാറുന്നുമുണ്ട്. എന്നാലും ആ പെണ്ണുങ്ങൾക്കും ശ്രുതിക്കും ഐഎഫ്എഫ്‌കെ നൽകുന്നത് നിറഞ്ഞ കയ്യടിയും അഭിനന്ദനവുമാണ്. കാരണം , ഉടലളുവുകളുടെ പേരിൽ ആക്ഷേപത്തിലും അധിക്ഷേപത്തിനും അക്രമത്തിനും തുറിച്ചുനോട്ടത്തിനുമുൾപ്പെടെ ഇരയാവാത്ത ആരും ഒരു പക്ഷേ ഉണ്ടാകില്ല. അവരുടെ ധാർമിക രോഷമാണ് കയ്യടിയായി മാറുന്നത്. നിശ്വാസമായും അഭിനന്ദനവുമായും അംഗീകാരമായും മാറുന്നത്. 

എന്നാൽ, സിനിമ ഒരു കലാരൂപം തന്നെയാണ്. ആശയങ്ങളും ആദർശങ്ങളും സിനിയിൽ നിന്നു മാറിനിൽക്കുന്നത് ആ കലാരൂപത്തോടു ചെയ്യുന്ന അനീതിയാണ്. അതിന് താൽക്കാലിക വിജയം മാത്രമേ ഉണ്ടാവൂ. നിലനിൽക്കുന്നത് മികച്ച സിനിമകളാണ്. അതിനു വേണ്ടത് മോരും മുതിരയും പോലെ ആശയവും കലയും വേറിട്ടുനിൽക്കുന്ന കാഴ്ചയല്ല, ഇഴുകിച്ചേരുന്ന ലയമാണ്. 

ശ്രുതി മുലകളുടെ രാഷ്ട്രീയം പറയുമ്പോൾ സ്റ്റെഫാനി മുലപ്പാലിന്റെ രാഷ്ട്രീയമാണു പറയുന്നത്. രണ്ടും രണ്ടു സ്ത്രീകളെ തടവിലാക്കുന്നു. മുലയും മലപ്പാലും തടവല്ലെന്ന് ഇനിയും മനസ്സിലാക്കാത്ത ലോകത്തോടാണ് ഈ ചിത്രങ്ങൾ സംസാരിക്കുന്നത്. അതുകൊണ്ടു തന്നെ രണ്ടു സിനിമകൾക്കും പ്രസക്തിയുമുണ്ട്. കേവല പ്രസക്തിയല്ല, ചരിത്രപരമായ പ്രസക്തി തന്നെ. അഥവാ, കാലത്തിൽ ഇടപെടുകയാണ് ഈ ചിത്രങ്ങൾ. അതിന് യാഥാസ്ഥിതിക കഥയും അവതരണവും പോരെന്ന് അവർ തിരിച്ചറിയുന്നു. ഈ രാഷ്ട്രീയത്തെ ഇനിയെങ്കിലും അവഗണിക്കരുത്. മുലകൾ ചിറകുകളും മുലപ്പാൽ തലമുറയുടെ അതിജീവന ഔഷധവുമാവുന്ന കാലത്തേക്ക് ഇനിയും യാത്ര വൈകിക്കൂടാ... 

English Summary:

B 32 Muthal 44 Vare Movie Review

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com