ADVERTISEMENT

ഈയടുത്തു കാലത്ത് മലയാളത്തിൽ ഇറങ്ങിയ ത്രില്ലർ സിനിമകൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഇനിയൊരു രണ്ടാം ഭാഗമുണ്ടാകുമെന്ന വ്യക്തമായ സൂചന നൽകിയാണ് അവ അവസാനിക്കുന്നത്. സമാനമായ പ്രതീക്ഷകൾ നൽകിക്കൊണ്ടാണ് നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഗോളം എന്ന സിനിമയും പ്രേക്ഷകരുടെ മുൻപിലെത്തുന്നത്. അധികം വലിച്ചു നീട്ടലുകളില്ലാതെ ചടുലമായി കഥ പറഞ്ഞു പോകുന്ന ഗോളം, പുതിയ കാലത്തിന്റെ ത്രില്ലർ സിനിമ തന്നെയാണ്. 

അസാധാരണമായ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ട് എന്ന പ്രതീതി ജനിപ്പിച്ചുകൊണ്ടാണ് സിനിമയുടെ ട്രെയിലർ അവസാനിക്കുന്നത്. ആ കുറ്റകൃത്യത്തിന്റെ വിശദാംശങ്ങളും ശ്രീകാന്ത് മുരളി അവതരിപ്പിക്കുന്ന പൊലീസ് ഓഫിസർ വിവരിക്കുന്നുണ്ട്. അതിങ്ങനെയാണ്– "ഓഗസ്റ്റ് മൂന്നാം തിയതി രാവിലെ 10 മണിക്ക് വി ടെക് എന്ന സ്ഥാപനത്തിലെ ശുചിമുറിയിൽ മരണപ്പെട്ടു കിടക്കുന്നതായി ഒന്നാം സാക്ഷികൾ കാണപ്പെട്ട കാര്യത്തിന്റെ അന്വേഷണത്തിൽ നിന്നും ടിയാന്റെ മരണത്തിൽ മറ്റു സംശയങ്ങളൊന്നും ഇല്ലായെന്ന് വെളിവായിട്ടുള്ളതാണ്". ആർക്കും വലിയ സംശയങ്ങളൊന്നും ജനിപ്പിക്കാത്ത ഒരു മരണത്തിന്റെ പിന്നാലെ പോകുന്നത് ആരാണ്? അയാൾ കണ്ടെത്തുന്ന രഹസ്യങ്ങളെന്താണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് 'ഗോളം' എന്ന സിനിമ. 

വി.ടെക് എന്ന ഐടി കമ്പനിയിൽ ജോലി ചെയ്യുന്നവരുടെ ഒരു ദിവസം തുടങ്ങുമ്പോഴുള്ള ഓട്ടങ്ങളിലൂടെയാണ് സിനിമ തുടങ്ങുന്നത്. പേരെഴുതി കാണിക്കുന്നതിനു വേണ്ടിയുള്ള വെറും ദൃശ്യങ്ങളല്ല അവയെന്ന് സിനിമ മുൻപോട്ടു പോകുമ്പോൾ പ്രേക്ഷകർ തിരിച്ചറിയും. കണ്ട കാഴ്ചകളെ മനസിലേക്ക് റിവൈൻഡ് ചെയ്യിപ്പിച്ചുകൊണ്ട്, സിനിമയിലെ പൊലീസ് ഉദ്യോഗസ്ഥനൊപ്പം പ്രേക്ഷകരും കുറ്റവാളിയെ തിരയും. എന്നാൽ, ഒളിച്ചിരിക്കുന്ന ആ കുറ്റവാളിയെ കണ്ടെത്തുന്നതിൽ അവസാനിക്കുന്നില്ല ഈ ചിത്രമെന്നതാണ് ഗോളത്തെ മറ്റു ത്രില്ലറുകളിൽ നിന്നു വേറിട്ടു നിറുത്തുന്നത്. 

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആനും സജീവും നിർമിക്കുന്ന ചിത്രത്തിന്റെ കരുത്ത് ചടുലമായ കഥ പറച്ചിലാണ്. സിനിമയുടെ സംവിധായകനായ സംജാദും പ്രവീൺ വിശ്വനാഥുമാണ് സിനിമയുടെ രചന നിർവഹിച്ചിട്ടുള്ളത്. പിരിമുറുക്കത്തോടെ വെളിപ്പെടുന്ന കഥയെ അതിന്റെ എല്ലാ തീവ്രതയോടെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. സാങ്കേതികമായി സിനിമയെന്ന മാധ്യമത്തിന്റെ ഉള്ളറിയുന്ന സംവിധായകനാണ് സംജാദ് എന്ന് 'ഗോളം' തെളിയിക്കുന്നു. ആദ്യ സിനിമയുടെ പതർച്ചകളില്ലാതെ സിനിമയൊരുക്കാൻ സംജാദിനു കഴിഞ്ഞിട്ടുണ്ട്. 

കഥയ്ക്കൊപ്പം പ്രേക്ഷകരെ സിനിമയിലേക്ക് കൊരുത്തിടുന്നത് ഇതിലെ അഭിനേതാക്കളാണ്. പ്രേക്ഷകർക്ക് സുപരിചിതരായ ദിലീഷ് പോത്തൻ, സിദ്ദീഖ്, ചിന്നു ചാന്ദ്നി, കാർത്തിക് ശങ്കർ, അലൻസിയർ, സുധി കോഴിക്കോട്, സണ്ണി വെയ്ൻ, ശ്രീകാന്ത് മുരളി എന്നിവർക്കൊപ്പം മൈക്ക്, ഖൽബ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത് സജീവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതുവരെ കണ്ടു പരിചയിച്ച രഞ്ജിത് സജീവിനെയല്ല സിനിമയിൽ പ്രേക്ഷകർ കാണുന്നതും അനുഭവിക്കുന്നതും. പുതുതായി സർവീസിൽ പ്രവേശിച്ച സാമർഥ്യമുള്ള യുവ പൊലീസ് ഓഫിസറായി കൃത്യതയാർന്ന പ്രകടനമാണ് രഞ്ജിത് സജീവ് കാഴ്ച വച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്നു പഠിച്ചു വന്ന ഓഫിസറുടെ ഭാഷയിലും രീതിയിലും ആ വ്യത്യാസം കാണാം. സന്ദീപ് എന്ന പൊലീസ് കഥാപാത്രത്തെ പക്വമായി തന്നെ രഞ്ജിത് അവതരിപ്പിച്ചിരിക്കുന്നു. ഗൗരവം വിടാതെയുള്ള സംഭാഷണവും ശരീരഭാഷയും പുഞ്ചിരിയും കൃത്യമായ വ്യക്തിത്വം ആ കഥാപാത്രത്തിനു നൽകുന്നുണ്ട്. 

കേന്ദ്രകഥാപാത്രങ്ങൾക്കൊപ്പം ശക്തവും സജീവവുമായ സാന്നിധ്യമാണ് സിനിമയിൽ ചെറിയ വേഷങ്ങളിലെത്തിയ അഭിനേതാക്കൾ. അവരാണ് സത്യത്തിൽ സിനിമയെ മുൻപോട്ടു കൊണ്ടു പോകുന്നത്. എല്ലാവർക്കും ലഭിച്ച സ്ക്രീൻ സ്പേസ് മികവാർന്ന രീതിയിൽ അവർ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അൻസൽ പള്ളുരുത്തി, പ്രവീൺ വിശ്വനാഥ്, അനു അനന്തൻ, നൈനാൻ കെ.അലക്സ്, സഞ്ജയ്, ഉണ്ണി ദേശപോഷിണി, ഏകാ, ആശാ മഠത്തിൽ, ശീതൾ ജോസഫ്, ഗായത്രി സതീഷ്, ആരിഫ ഹിന്ദ്, ഗൗരി പാർവതി, അഞ്ജന ബാബു, എല എസ്.നയന, റിൽന, രമാദേവി, പ്രിയ ശ്രീജിത്ത് എന്നിവരെല്ലാം പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. സിനിമയിൽ ശക്തമായ സാന്നിധ്യമാകാൻ ഇവർക്കോരുരുത്തർക്കും കഴിഞ്ഞിട്ടുണ്ട്.  

golam-movie

ഒരു ചെറിയ ഇടത്തിൽ നടക്കുന്ന കുറ്റകൃത്യമായതുകൊണ്ടു തന്നെ കൂടുതലും ഇന്റീരിയറിലാണ് സിനിമ നടക്കുന്നത്. ഈ കാഴ്ചകളെ ആവർത്തനവിരസത ഒഴിവാക്കി അവതരിപ്പിക്കുകയെന്ന വെല്ലുവിളി ഭംഗിയായി വിജയ്്യുടെ ക്യാമറ നിർവഹിച്ചിരിക്കുന്നു. ത്രില്ലർ സിനിമയുടെ രസം പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ പശ്ചാത്തലസംഗീതത്തിനും എഡിറ്റിങ്ങിനും വലിയ പങ്കുണ്ട്. അവ കുറ്റമറ്റ രീതിയിൽ നിർവഹിച്ചിരിക്കുന്നത് എബി സാൽവിൻ തോമസും മഹേഷ് ഭുവനേന്ദുമാണ്. 

പോസ്റ്റർ
പോസ്റ്റർ

ചുരുക്കത്തിൽ, ഒരു മരണത്തിനു പിന്നിലുള്ള രഹസ്യം ചുരുളഴിക്കുകയാണ് ഗോളം എന്ന സിനിമ. ട്രെയിലറിൽ സൂചിപ്പിക്കുന്നതു പോലെ, തികച്ചും അസാധാരണമായ ഒരു കുറ്റകൃത്യത്തിന്റെ ഉദ്വേഗഭരിതമായ അന്വേഷണവും കണ്ടെത്തലുമാണ് സിനിമ പങ്കുവയ്ക്കുന്നത്. എന്നാൽ, ഗോളത്തിന്റെ ഒരു പകുതി മാത്രമാണ് പ്രേക്ഷകർ കാണുന്നത്. മറുപകുതിയിൽ കാണാനുള്ളത്, ട്രെയിലറിൽ സൂചിപ്പിക്കുന്നതു പോലെ, ഇപ്പോൾ കണ്ടതിനെക്കാൾ വലുതാകും. അത്തരമൊരു ത്രില്ലിങ് അനുഭവം ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ഗോളത്തിന് ടിക്കറ്റെടുക്കാം.  

English Summary:

'Golam', is an extraordinary crime thriller set in the IT industry. From unexpected plot twists to standout acting, discover why this film is poised for a sequel.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com