കേട്ടവർക്ക് സംശയം; ഇളയരാജ മലയാളത്തിൽ പാടാൻ വരുമോ? ചരിത്രം തിരുത്തിക്കുറിച്ച ആലപ്പി രംഗനാഥ്
Mail This Article
തമിഴിലും മലയാളത്തിലും ഇളയരാജ നിറഞ്ഞു നില്‍ക്കുന്ന കാലം. എങ്കിലും എണ്‍പതുകളുടെ ആദ്യത്തില്‍ തമിഴ് സിനിമകള്‍ക്കു വേണ്ടിയാണ് പാട്ടുരാജ സമയം ഏറേയും നീക്കിവെച്ചത്. സംഗീതത്തിന്റെ പെരിയരാജയായി ദക്ഷിണേന്ത്യയില്‍ ആ സാന്നിധ്യം ചര്‍ച്ചയാകുമ്പോള്‍ ആ സംഗീതസംവിധായകനെ മലയാളത്തിലേക്കൊന്നു പാടാന്‍ ക്ഷണിക്കുക, അങ്ങനൊരു ആശയം അക്കാലത്ത് തലയില്‍ ഉദിച്ചൊരു ആലപ്പുഴക്കാരനുണ്ട്. അതു നടക്കുമോ എന്ന സംശയമായി കേട്ടവര്‍ക്കൊക്കെ. മറ്റൊരാളുടെ സംഗീതത്തിലൊന്നും പാടാന്‍ ഇനി രാജ സമയം കണ്ടെത്തില്ല എന്നായി മറ്റു ചിലര്‍. ഇനി സമ്മതിച്ചാലും എവിടെ നേരമെന്ന് അടക്കം പറഞ്ഞവരും കുറച്ചൊന്നുമല്ല. എന്തായാലും അസാധ്യമെന്നു വിധിയെഴുതിയത് സാധ്യമാക്കി എടുത്തു സ്വാമി സംഗീതമാലപിച്ച താപസഗായകനായ ആലപ്പി രംഗനാഥ്. അങ്ങനെ ഇളയരാജയെക്കൊണ്ട് ആദ്യമായി മലയാളത്തില്‍ പാടിച്ച സംഗീതസംവിധായകനെന്ന ചരിത്രത്തിലേയ്ക്കും നടന്നു കയറി. ‘ശബരീശ്വരന്‍’ എന്ന അയ്യപ്പഭക്തിഗാന കാസറ്റിലൂടെയായിരുന്നു ആ ചരിത്ര സഞ്ചാരം.
1983 കാലഘട്ടം. തരംഗിണിയുടെ അയ്യപ്പഭക്തിഗാനങ്ങളിലൂടെ ആലപ്പി രംഗനാഥ് സംഗീത പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്ന കാലം. അതുകൊണ്ടുതന്നെ ഡല്‍ഹിയിലെ ഒരുകൂട്ടം മലയാളികള്‍ ചേര്‍ന്ന് ഒരുക്കുന്ന അയ്യപ്പഭക്തിഗാനത്തിനായി മറ്റൊരു സംഗീതസംവിധായകനെക്കുറിച്ച് അവര്‍ക്കു ചിന്തിക്കേണ്ടി വന്നില്ല. എല്ലാ സ്വാതന്ത്ര്യവും അവര്‍ ആലപ്പി രംഗനാഥിനു നല്‍കി. പാട്ടു നന്നാകണം, അത്രമാത്രം. പ്രേക്ഷകര്‍ പ്രതീക്ഷയോടെ അദ്ദേഹത്തിന്റെ പാട്ടുകളെ കാത്തിരിക്കുന്ന നാളുകളാണത്. ആ ബോധവും ഉത്തരവാദിത്തവും കുറച്ചൊന്നുമല്ല അദ്ദേഹത്തെ ആശങ്കയിലാഴ്ത്തിയത്. എല്ലാം അയ്യപ്പനില്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥനയോടെ ആലപ്പി രംഗനാഥ് തന്നെ പാട്ടുകള്‍ എഴുതി ചിട്ടപ്പെടുത്തി.
ഗായകരായി പല പേരുകളും വന്നു പോയെങ്കിലും പുതിയൊരു ശബ്ദത്തിനായി രംഗനാഥ് കാത്തിരുന്നു. കേരളത്തില്‍ യേശുദാസെങ്കില്‍ തമിഴില്‍ എസ്.പി.ബാലസുബ്രഹ്‌മണ്യം എന്നു സംഗീതാസ്വാദകര്‍ പറഞ്ഞ് ആഘോഷിക്കുന്ന കാലം. എസ്പിബി മലയാളത്തില്‍ വന്നൊരു ഭക്തിഗാനം പാടിയാല്‍ പുതുമയ്ക്കൊപ്പം അത് മാര്‍ക്കറ്റിങ്ങിനും സഹായകമാകുമെന്ന കണക്കുകൂട്ടലില്‍ രംഗനാഥ് എസ്പിബിയെ നേരില്‍ കണ്ടു കാര്യം ബോധിപ്പിച്ചു. അയ്യപ്പന്‍പാട്ടെന്നു കേട്ടപ്പോൾ എസ്പിബിക്ക് താല്‍പര്യമൊക്കെ തോന്നിയെങ്കിലും മലയാളം പഠിച്ചെടുത്തു പാടാനുള്ള സമയം തികയില്ലെന്നു കണ്ടതോടെ അദ്ദേഹം പിന്‍മാറി.
ഇനി ആരെന്ന ചിന്തയില്‍ മദ്രാസില്‍ തല പുകഞ്ഞിരുന്നു. എവിടെ നിന്നോ കേട്ട ഒരു തമിഴ്പാട്ടില്‍ നിന്നും ഇളയരാജ എന്ന പേര് ആലപ്പി രംഗനാഥ് ഉറക്കെ വിളിച്ചു പറഞ്ഞു. കേട്ടവരൊക്കെ ഒന്നു ഞെട്ടി. തമിഴില്‍ ഇളയരാജയുടെ നല്ലകാലമാണത്. മലയാളിക്കും പരിചിതമായ വ്യക്തിത്വം. എന്തുകൊണ്ടും ഇളയരാജ നല്ലൊരു തീരുമാനമാണെന്ന് രംഗനാഥ് തന്നെ വിധിയെഴുതി. ഇനി അങ്ങനെകൂടി സമയം കളയേണ്ടെന്നു കൂടെനിന്നവരടക്കം പറഞ്ഞെങ്കിലും രംഗനാഥതത് വിട്ടുകളഞ്ഞില്ല. അടുത്ത ദിവസം തന്നെ രാജയെ കാണാനായി തീരുമാനം. 'തരംഗിണിയില്‍ എത്തി കണ്ടുള്ള പരിചയമാണ് ഇളയരാജയുമായി ആകെയുള്ളത്. എന്റെ പാട്ടുകളൊക്കെ അദ്ദേഹത്തിന് പരിചിതവുമാണ്. ചില കൂടികാഴ്ചകളിലൊക്കെ അത് സൂചിപ്പിച്ചിട്ടുമുണ്ട്. ആ ഒരു ധൈര്യത്തില്‍ ഞാനദ്ദേഹത്തെ കാണാന്‍ തീരുമാനിക്കുകയായിരുന്നു,' ആലപ്പി രംഗനാഥ് പറയുന്നു.
പ്രസാദ് സ്റ്റുഡിയോയില്‍ ആലപ്പി രംഗനാഥ് എത്തുമ്പോള്‍ ചില സിനിമാഗാനങ്ങളുടെ കമ്പോസിങ് തിരക്കിലാണ് ഇളയരാജ. പതിവില്ലാതെ കാണാന്‍ ആലപ്പി രംഗനാഥ് എത്തിയത് എന്തിനെന്ന കൗതുകം കൊണ്ടാകാം ഇളയരാജ അദ്ദേഹത്തിനുവേണ്ടി സമയം മാറ്റിവച്ചു. വേഗം തന്റെ മുറിയിലേക്കു വിളിപ്പിച്ചു. സൗഹൃദം പുതുക്കല്‍ മാത്രമെന്നു കരുതിയ ഇളയരാജ ആലപ്പി രംഗനാഥിന്റെ ആവശ്യം കേട്ട് ഞെട്ടാതിരുന്നില്ല. അയ്യപ്പഭക്തിഗാനം പാടുക. അതും മലയാളത്തില്‍. ഇളയരാജ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കും മുന്‍പ് രംഗനാഥ് പോകാന്‍ എഴുന്നേറ്റു. എപ്പോഴാണ് പാടാന്‍ വരുന്നതെന്നു മാത്രം അറിഞ്ഞാല്‍ മതിയെന്നായി രംഗനാഥിന്. ഇളയരാജ ഒന്നാലോചിച്ചു. 'ആലപ്പി രംഗനാഥിന്റെ അയ്യപ്പന്‍ പാട്ടല്ലേ, മോശമാകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അടുത്ത ദിവസം തന്നെ ഞാന്‍ വരും.' ഇളയരാജ രംഗനാഥിന്റെ കൈപിടിച്ച് ഉറപ്പു നല്‍കി.
മദ്രാസിലെ ഹമീര്‍ സ്റ്റുഡിയോയില്‍ അടുത്ത ദിവസം തന്നെ രാജ എത്തുമെന്ന് ആലപ്പി രംഗനാഥും സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. രാവിലെ തന്നെ വ്രതശുദ്ധിയോടെ ക്ഷേത്രദര്‍ശനവും നടത്തി അദ്ദേഹം സ്റ്റുഡിയോയിലെത്തി. മലയാളം പാടുന്നതിന്റെ തെല്ലുപരിഭ്രമം രാജയുടെ മുഖത്തുണ്ടായിരുന്നെങ്കിലും രംഗനാഥ് ധൈര്യം പകര്‍ന്നു. സ്റ്റുഡിയോയിലേക്കു കയറും മുന്‍പ് ഇളയരാജ രംഗനാഥിനെ രഹസ്യമായി അരികിലേക്കു വിളിച്ചു. 'മലയാളം പാട്ട്... എല്ലാം ഉങ്കളുടെ കൈയിലാ'... 'അല്ല രാജാ, ഇത് അയ്യപ്പന്റെ പാട്ട്, എല്ലാം അയ്യപ്പന്‍ നോക്കിക്കോളും,' രംഗനാഥിന്റെ അപ്രതീക്ഷിതമായ ആ മറുപടിയില്‍ രാജയും അലിഞ്ഞു.
കന്നിമല ഏറി വരുന്നേ കന്നികെട്ടും താങ്ങി വരുന്നേ
നിന്‍തരുവടി ശരണം ശരണം...
ആലപ്പി രംഗനാഥ് പാട്ടുപാടി തുടങ്ങി. ഇളയരാജ തൊഴുകൈകളോടെ അതു കേട്ടിരുന്നു. 'സര്‍ ഇത് പ്രാര്‍ത്ഥനഗീതം മാതിരി... അവളോം പ്രമാദമായിറുക്ക്...' ഇളയരാജയുടെ ആദ്യ കമന്റും വന്നു. സംഗീതം ജീവിതമായി കണ്ട ഇളയരാജയ്ക്കുണ്ടോ പാട്ടു പഠിച്ചെടുക്കാന്‍ താമസം. അതിവേഗത്തില്‍ അദ്ദേഹം പാട്ടു പാടി റെക്കോര്‍ഡ് ചെയ്തു. തനിക്കും അത് ജീവിതത്തിലെ ധന്യനിമിഷങ്ങളില്‍ ഒന്നായിരുന്നുവെന്ന് ആലപ്പി രംഗനാഥ് തന്നെ പറഞ്ഞിട്ടുണ്ട്.
'എനിക്കും അത് ജീവിതത്തിലെ ധന്യനിമിഷങ്ങളില്‍ ഒന്നായിരുന്നു. ഓരോ വാക്കിന്റെയും ഭാവം കൃത്യമായി ചോദിച്ചു പാടാന്‍ അദ്ദേഹം കാണിച്ച ക്ഷമ അതിശയിപ്പിക്കുന്നതായിരുന്നു. പാട്ടു പാടി കഴിഞ്ഞ് ഞാന്‍ കണ്ടത് റെക്കോര്‍ഡിങ് റൂമില്‍ കണ്ണടച്ച് ധ്യാനനിരതനായി നില്‍ക്കുന്ന ഇളയരാജയെ ആയിരുന്നു. അരികിലേക്കു ചെന്ന് ഞാനദ്ദേഹത്തെ തട്ടിവിളിക്കുമ്പോള്‍ അതുവരെ കാണാത്ത ഒരു ഭാവമായിരുന്നു ആ മുഖത്ത്,' മുൻപ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ആ നിമിഷത്തെ ആലപ്പി രംഗനാഥ് ഓർത്തെടുത്തത് ഇങ്ങനെ.