‘ഏച്ചു കെട്ടിയ രംഗമല്ല, സാധ്യമാകുമോയെന്ന് ഉറപ്പില്ലായിരുന്നു’; ‘ആറാട്ട്’ രംഗത്തിൽ എ.ആർ.റഹ്മാൻ എത്തിയ അനുഭവം പറഞ്ഞ് ബി.ഉണ്ണികൃഷ്ണൻ
Mail This Article
ഇതിഹാസ താരങ്ങളായ എ.ആർ.റഹ്മാനും മോഹന്‍ലാലും ഒരുമിച്ചൊരു ഫ്രെയിമിൽ പ്രത്യക്ഷപ്പെട്ട് അഭിനയിച്ചാൽ എങ്ങനെയുണ്ടാകും? ഇരു താരങ്ങളുടെയും ആരാധകർ സങ്കൽപ്പങ്ങളിൽ മാത്രമേ കണ്ടിട്ടുണ്ടാകൂ ഇത്തരത്തിലൊരു രംഗം. ഇപ്പോൾ അത് യാഥാർഥ്യമാക്കുകയാണ് സംവിധായകൻ ബി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ‘ആറാട്ട്’ ടീം. ചിത്രത്തിലെ അതിപ്രധാനരംഗത്തിലാണ് മോഹന്‍ലാലും റഹ്മാനും ഒരുമിച്ചെത്തുന്നത്. കോടികൾ ചിലവഴിച്ച് ഒരുങ്ങുന്ന രംഗം ചിത്രീകരിക്കുന്നത് ചെന്നൈയിൽ വച്ചാണ്. ബ്രഹ്മാണ്ഡ സെറ്റിട്ട് വൻ സാങ്കേതികതികവോടെയാകും ചിത്രീകരണം. ഇത്തരത്തിലൊരു ആശയം മനസ്സിലുദിച്ചപ്പോള്‍ അത് എത്രത്തോളം യാഥാർഥ്യമാകും എന്നതിനെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നു എന്ന് ബി.ഉണ്ണികൃഷ്ണൻ പറയുന്നു. ആറാട്ടിലെ എ.ആർ.റഹ്മാൻ–മോഹൻലാൽ കോംബോയെക്കുറിച്ച് ഉണ്ണികൃഷ്ണൻ മനോരമ ഓണ്‍ലൈനിനോടു മനസ്സ് തുറക്കുന്നു.
ആ രംഗം ആറാട്ടിന്റെ കേന്ദ്രബിന്ദു
‘ആറാട്ട്’ ചിത്രത്തിന്റെ തിരക്കഥയിലെ ഏറ്റവും പ്രാധാന്യമുള്ള രംഗത്തിലാണ് എ.ആർ.റഹ്മാൻ സർ പ്രത്യക്ഷപ്പെടുന്നത്. ഒരിക്കലും ഏച്ചുകെട്ടിയ സംഗതി അല്ല അത്. ചിത്രത്തിന്റെ കഥ തന്നെ ആ രംഗവുമായി ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. കഥയിലെ ഒരു കേന്ദ്ര വിഷയമാണ് ആ രംഗത്തിലൂടെ അവതരിപ്പിക്കുന്നത്. അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോൾ പുറത്തു വിടാൻ സാധിക്കില്ല. സാധാരണയായി ഒരു സിനിമയിൽ ഒരു പാട്ടു സീനിൽ ഒരാളെ കൊണ്ടുവരുന്നതു പോലെയല്ല ഇത്. ആ പ്രത്യേക രംഗം ഇല്ലാതെ സിനിമയുടെ തിരക്കഥ യാഥാർഥ്യമാകില്ല.
പറ്റില്ലെന്നു കട്ടായം പറഞ്ഞു
തിരക്കഥയിൽ അത്തരത്തിലൊരു രംഗം വന്നപ്പോൾ അത് സാധ്യമാകുമോ എന്നതായിരുന്നു എല്ലാവരുടെയും ആശങ്ക. അതിനു പല കാരണങ്ങളുണ്ട്. ഒന്നാമത് റഹ്മാൻ സർ വളരെ തിരക്കുള്ള ആളാണ്. ഡേറ്റ് കിട്ടുക അത്ര എളുപ്പമല്ല. മറ്റൊന്ന് അദ്ദേഹം ഇത്തരത്തിൽ അഭിനയിക്കാനായി പോകാറില്ല. അൽപം ചമ്മലുള്ള ആളാണ്. അതുകൊണ്ടു തന്നെ അദ്ദേഹം അഭിനയിക്കുമോ എന്ന കാര്യമോർത്ത് എല്ലാവരും ടെൻഷനിൽ ആയിരുന്നു. പക്ഷേ നമുക്ക് ശ്രമിക്കാം, അത് ചെയ്യണം എന്നു പറഞ്ഞ് എല്ലാ പ്രോത്സാഹനവും നൽകി ലാൽ സർ ഒപ്പം നിന്നു. അദ്ദേഹവും വളരെ ആകാംക്ഷയിലായിരുന്നു. അഭിനയിക്കാനായി ക്ഷണിച്ചപ്പോൾ സമ്മതമല്ല എന്നും അഭിനയിക്കാറില്ല എന്നുമായിരുന്നു റഹ്മാൻ സാറിന്റെ ആദ്യ പ്രതികരണം. ഞങ്ങൾ ചിത്രത്തിന്റെ തിരക്കഥ അദ്ദേഹത്തിന് അയച്ചു കൊടുത്തു. പല തവണ സംസാരിച്ചു. അങ്ങനെ ഒരുപാട് പരിശ്രമിച്ചു. ഒടുവിൽ അദ്ദേഹം ഈ ചിത്രത്തിൽ വന്നില്ലെങ്കിൽ ആ സിനിമ ഒരു പക്ഷേ ചെയ്യാൻ സാധിക്കില്ല എന്ന് അദ്ദേഹത്തിനു തന്നെ ബോധ്യമായി. കാരണം, ചിത്രത്തിലെ അത്രയും പ്രധാനപ്പെട്ട ഭാഗമാണ് അത്. അഭിനയിക്കാൻ സമ്മതമറിയിച്ചതിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. മലയാള സിനിമാ മേഖലയോട് തനിക്കു വല്ലാത്ത അടുപ്പമുണ്ടെന്ന് അദ്ദേഹം വിശദമാക്കി. അർജുനന്‍ മാസ്റ്ററിനോടും ജോൺസൺ മാഷിനോടുമൊക്കെ അദ്ദേഹത്തിനു വലിയ ആത്മബന്ധമുണ്ടായിരുന്നു. മാത്രവുമല്ല, മോഹന്‍ലാൽ സാറിന്റെ ചിത്രമായ ‘യോദ്ധ’യ്ക്കു വേണ്ടിയാണ് അദ്ദേഹം ആദ്യമായി സംഗീതമൊരുക്കിയത്. (പുറത്തു വന്നത് ‘റോജ’ ആണ്). ആറാട്ടിലേയ്ക്ക് അദ്ദേഹം കടന്നു വന്നതിനു പിന്നിൽ അത്തരത്തിൽ പല കാരണങ്ങളുമുണ്ട്.
പകരമാവില്ല മറ്റാരും
റഹ്മാൻ സർ സമ്മതിച്ചില്ലെങ്കിൽ എന്തു ചെയ്യും എന്ന ചിന്തയില്‍ ഞങ്ങൾ ആലോചിച്ച മറ്റു പല സാധ്യതകളുമുണ്ട്. അദ്ദേഹത്തിനു പകരമായി പല പ്രമുഖ വ്യക്തികളും സഹകരിക്കാമെന്നു സമ്മതമറിയിക്കുകയും ചെയ്തിരുന്നു. അത് ആരൊക്കെയാണെന്ന് വെളിപ്പെടുത്താനാകില്ല. അത്രയും ഉന്നതിയിൽ നിൽക്കുന്ന ആളുകൾ സന്നദ്ധത അറിയിച്ചു. പക്ഷേ അവർ ആരും എ.ആർ.റഹ്മാൻ സാറിനു പകരം ആകില്ല, അല്ലെങ്കിൽ ആ രംഗത്തിൽ അദ്ദേഹത്തെപ്പോലെ യോജിക്കുന്നതാകില്ല. അത് എന്തുകൊണ്ടാണെന്ന് സിനിമ കാണുമ്പോഴേ പ്രേക്ഷകർക്കു മനസ്സിലാകൂ. അദ്ദേഹത്തോളം കഥാസന്ദർഭവവുമായി യോജിക്കുന്ന മറ്റൊരു പേര് കണ്ടെത്താൻ കഴിയില്ലായിരുന്നു ഞങ്ങൾക്ക്. ഇത്തരത്തിലൊരു ആശയം സാധ്യമാക്കിയെടുക്കാൻ ഞങ്ങള്‍ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം താങ്ങാൻ പറ്റാത്ത അത്ര വലിയ തുക ചിലവഴിച്ചാണ് ആറാട്ടിനു വേണ്ടി ആ പ്രധാന രംഗം ഒരുക്കുന്നത്. ഞങ്ങളുടെ പ്രയത്നത്തിന്റെ ഫലം കിട്ടുമെന്നു തന്നെ പ്രതീക്ഷിക്കുന്നു.
English Summary: Director B. Unnikrishnan opens up about the entry of A R Rahman into Aaraattu movie