‘സുജാതയുടെ മകൾ എന്ന പരിഗണന ഏറെ കിട്ടി, ആദ്യ കാലത്തു സമ്മർദ്ദങ്ങളും നേരിട്ടു’; മനസ്സ് തുറന്ന് ശ്വേത
Mail This Article
മലയാളിയുടെ പ്രിയപ്പെട്ട പാട്ടുകാരിയുടെ പ്രിയപ്പെട്ട മകളാണ് ശ്വേത മോഹൻ. നിരവധി ആരാധകരുള്ള അനുഗ്രഹീത ഗായിക. ഓരോ പാട്ടിലൂടെയും ആസ്ദാകഹൃദയങ്ങളിലെ ഇരിപ്പിടം ഒന്നുകൂടി ഉറപ്പിച്ചാണ് ശ്വേതയുടെ സംഗീതപ്രയാണം. തുടക്ക കാലം മുതൽ ഇന്നോളം ശ്വേത പാടിത്തന്ന പാട്ടുകൾ മലയാളികളുടെ ചുണ്ടറ്റത്ത് മൂളിപ്പാട്ടുകളായി ഇടവിടാതെ സഞ്ചരിക്കുന്നു. ശ്വേതയെ ഗർഭിണി ആയിരുന്നപ്പോൾ കുഞ്ഞിനു സംഗീതം കിട്ടണം എന്നു മാത്രമായിരുന്നു സുജാത ആഗ്രഹിച്ചത്. അത് സഫലമായതിന്റെ സന്തോഷം ഗായിക പങ്കുവയ്ക്കാറുമുണ്ട്. പിന്നണിഗാനരംഗത്തു ഹരിശ്രീ കുറിച്ച കാലത്ത് അമ്മയെപ്പോലെ തന്നെ ആണെന്നായിരുന്നു ശ്വേത കേട്ട കമന്റുകളിൽ ഏറെയും. താൻ പാടിയ ചില പാട്ടുകൾ അമ്മ പാടിയതാണെന്നു ചിലർ തെറ്റിദ്ധരിക്കുക പോലും ചെയ്തിട്ടുണ്ടെന്ന് ശ്വേത വെളിപ്പെടുത്തുന്നു. മനോരമ ഓണ്‍ലൈനിനു നൽകിയ അഭിമുഖത്തിൽ ശ്വേത മോഹൻ മനസ്സ് തുറന്നപ്പോൾ.
പാട്ടിലും അമ്മയുടെ മകൾ
‘ഞാൻ ജനിച്ചതു മുതല്‍ അമ്മയുടെ സ്വരമാണ് കേട്ടു തുടങ്ങിയത്. അതുകൊണ്ടു തന്നെ അമ്മയുടെ സംഗീതം എന്നെ ഏറെ സ്വാധീനിച്ചു. അമ്മയുടെയും ദാസമ്മാമ്മയുടെയും (യേശുദാസ്) സംഗീതം കേട്ടാണ് ഞാൻ വളർന്നത്. അത് നേരിട്ടു കേട്ടു വളരാന്‍ എനിക്കു സാധിച്ചു. ഞാൻ പാടിത്തുടങ്ങിയ സമയത്ത് അമ്മയെപ്പോലെ തന്നെയാണ് ശബ്ദമെന്നും അമ്മയുടെ അതേ ശൈലി തന്നെയാണ് എനിക്ക് എന്നുമാണ് എല്ലാ സംഗീതസംവിധായകരും പറഞ്ഞത്. എന്റെ ആദ്യ ഗാനമായ ‘സുന്ദരി ഒന്നു പറയൂ’ കേട്ട് അത് അമ്മയാണ് പാടിയതെന്ന് പലരും തെറ്റിദ്ധരിക്കുക പോലുമുണ്ടായി. പല പാട്ടുകള്‍ക്കു ശേഷവും അതേ അനുഭവം ഉണ്ടായി. അമ്മയെപ്പോലെയാണെന്ന് പലരും പറഞ്ഞത് എന്നെ പ്രശംസിച്ചുകൊണ്ടായിരുന്നു. അതു കേട്ട് ഒരു വശത്ത് എനിക്ക് ഏറെ സന്തോഷമായിരുന്നു. പക്ഷേ മറുവശത്ത് എനിക്ക് എന്റേതായ ഒരു ശൈലി വേണം എന്ന ചിന്തയായിരുന്നു. കാരണം, അമ്മയെ പോലെ പാടാൻ അമ്മയുണ്ടല്ലോ. എന്നെ ആളുകൾ തിരിച്ചറിയണമെങ്കിൽ എനിക്ക് സ്വന്തമായി ഒരു ശൈലി വേണം എന്ന ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ അതിനു വേണ്ടി ഞാൻ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. പാടി പാടി വന്നപ്പോൾ മറ്റൊരു ശൈലിയിലേയ്ക്ക് എത്തി. എന്റെയും അമ്മയുടെയും സംഗീതയാത്ര രണ്ടു തരത്തിലുള്ളതാണ്. ഞങ്ങളുടെ രണ്ടു പേരുടെയും ശബ്ദങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. അത് കാലക്രമേണ മാറി വന്നതാണ്. അതുകൊണ്ടു തന്നെ അമ്മയുടെ പാട്ട് പോലെ തന്നെയാണ് എന്റേതും എന്ന് ഇപ്പോൾ ആരും പറയാറില്ല. എന്റെ ശബ്ദം എല്ലാവരും തിരിച്ചറിയുന്നു എന്നു മനസ്സിലാക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.
ആർക്കും കിട്ടാത്ത ഭാഗ്യം
സംഗീതജീവിതം തുടങ്ങിയപ്പോൾ ഗായിക ‘സുജാതയുടെ മകൾ’ എന്ന ലേബല്‍ എന്നെ ഒരുപാട് സഹായിച്ചു. പ്രഗത്ഭരായ സംഗീതസംവിധായകര്‍ക്കരികിൽ എത്താൻ എനിക്ക് വളരെ എളുപ്പമായിരുന്നു. പാട്ട് പാടി റഹ്മാൻ സാറിനു ഡെമോ അയച്ചപ്പോൾ അദ്ദേഹം ഞങ്ങളുടെ മുൻപിൽ നിന്നാണ് അതു കേട്ടത്. സാറിന്റെ അടുത്ത് എത്രയോ ഗായകർ അയക്കുന്ന ഡെമോ സിഡികൾ ഉണ്ട്. അതൊക്കെ അദ്ദേഹം കേൾക്കുമോ എന്നു പോലും അറിയില്ല. പക്ഷേ എന്റേത് അദ്ദേഹം കേട്ടു. അത് സുജാതയുടെ മകൾ എന്ന ലേബൽ കൊണ്ടു മാത്രമാണ്. മറ്റേതു ഗായകർക്കാണ് ഇത്തരത്തിൽ ഒരു അവസരം ലഭിക്കുക. അതുപോലെ എം.ജയചന്ദ്രൻ ചേട്ടനും ദീപക് ദേവ് ചേട്ടനും അൽഫോൻസ് ചേട്ടനുമൊക്കെ ഡെമോ അയച്ച് വളരെ ചുരുങ്ങിയ സമയത്തിനകം തന്നെ എന്നെ പാടാൻ വിളിച്ചു. അതുപോലെ സുജതായുടെ മകൾ ആണ് എന്ന പരിഗണന നൽകിക്കൊണ്ടു തന്നെ ഇളയരാജ സർ എന്നെ പാടാൻ വിളിച്ചു. ഔസേപ്പച്ചൻ അങ്കിൾ അമ്മയുടെ അടുത്ത് കാണിക്കുന്ന അതേ സ്നേഹം ആണ് എന്നോടും.
സുജാതയുടെ മകൾ പാടണമല്ലോ
സുജാതയുടെ മകൾ ആണ് എന്ന പരിഗണനയിൽ ആദ്യ ഗാനം മാത്രമേ കിട്ടൂ. എന്റെ പാട്ട് ഇഷ്മായില്ലെങ്കിൽ പിന്നീട് അവർ എന്നെക്കൊണ്ടു പാടിപ്പിക്കില്ലായിരുന്നു. ഇപ്പോൾ ആണെങ്കിലും സുജാതയുടെ മകൾ ആണ് എന്നതിന്റെ പേരിൽ എനിക്കു പാട്ട് തരാറില്ല. പിന്നെ സുജാതയുടെ മകൾ ആണ് എന്നു കേൾക്കുമ്പോൾ തന്നെ ഒരു പ്രതീക്ഷ എല്ലാവരിലും ഉണ്ടാകുമല്ലോ. കാരണം, സുജാതയുടെ മകൾ നന്നായി പാടണമല്ലോ. ആ പ്രതീക്ഷയുടെ താഴേയ്ക്കു പോയാൽ ശരിയാകില്ലല്ലോ. അങ്ങനെ പ്രതീക്ഷിച്ചതു പോലെ തന്നെ സുജാതയുടെ മകൾ നന്നായി പാടുന്നുണ്ട് എന്ന് എല്ലാവരും തിരിച്ചറിഞ്ഞു. അങ്ങനെ എല്ലാവരും ഒരു പ്രത്യേക സ്നേഹം എന്നോടു പ്രകടിപ്പിക്കാൻ തുടങ്ങി. ആ പ്രതീക്ഷയ്ക്കു മങ്ങലേൽക്കാതിരിക്കാന്‍ വേണ്ടി ആദ്യ കാലത്തൊക്കെ കുറച്ച് സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നു. അന്നൊക്കെ റെക്കോർഡിങ്ങിനു വിളിക്കുമ്പോൾ പാടുന്ന സമയത്ത് സംഗീതസംവിധായകർ ഭാവങ്ങൾ എന്നിൽ നിന്നും പ്രതീക്ഷിച്ചിരുന്നു. കാരണം, അമ്മ ഭാവഗായിക ആണല്ലോ? അതുകൊണ്ടു തന്നെ അമ്മയെപ്പോലെ ഭാവങ്ങള്‍ വരണം എന്ന് അവർ പറയാറുണ്ടായിരുന്നു.
തുടരും...
English Summary: Interview with singer Shweta Mohan