പുരസ്കാരങ്ങൾ വാരിക്കൂട്ടി വീണ്ടും ബിടിഎസ്; ഏഴംഗസംഘം എഴുതിച്ചേർത്തത് പുതുചരിത്രം
Mail This Article
അമേരിക്കൻ മ്യൂസിക് അവാർഡ്സിൽ തിളങ്ങി കൊറിയൻ ബോയ് ബാൻഡ് ബിടിഎസ്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കലാകാരന്മാർക്കുള്ള ആർട്ടിസ്റ്റ് ഓഫ് ദ് ഇയർ പുരസ്‌കാരമാണ് ഏഴംഗ സംഘം നേടിയത്. ഇതാദ്യമായാണ് ഒരു ഏഷ്യൻ സംഗീത ബാൻഡ് അമേരിക്കൻ മ്യൂസിക് അവാർഡ്സിൽ ഇത്ര വലിയ നേട്ടം സ്വന്തമാക്കുന്നത്.
നാമനിർദേശം ചെയ്യപ്പെട്ട എല്ലാ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ വാരിക്കൂട്ടി ബിടിഎസ് ആരാധകരുടെ മനസ്സ് നിറച്ചു. ഞായറാഴ്ച ലോസ് ആഞ്ചൽസിൽ വച്ചായിരുന്നു അമേരിക്കൻ മ്യൂസിക് അവാർഡ്സ് പ്രഖ്യാപനം. സംഗീതലോകത്ത് അമേരിക്കൻ, ബ്രിട്ടിഷ് ആധിപത്യം അവസാനിക്കുന്നതിന്റെ സൂചനയാണ് ബിടിഎസിന്റെ തുടർച്ചയായ നേട്ടങ്ങൾ എന്ന് ആരാധകർ വിലയിരുത്തുന്നു.
പുരസ്കാര നേട്ടം ആരാധകർക്കായി സമർപ്പിക്കുകയാണെന്ന് ബിടിഎസ് അംഗങ്ങൾ ട്വിറ്ററിൽ കുറിച്ചു. പുരസ്കാര പ്രഖ്യാപനത്തിനു മുന്നോടിയായി ബിടിഎസ് വേദിയില്‍ അവതരിപ്പിച്ച സംഗീതപരിപാടിയ്ക്കു വലിയ സ്വീകരണമാണു ലഭിച്ചത്.
ബിടിഎസും കോൾഡ് പ്ലേയും സംയുക്തമായൊരുക്കിയ മൈ യൂണിവേഴ്‌സും ബിടിഎസിന്റെ സ്വതന്ത്ര സംഗീത വിഡിയോ ആയ ബട്ടറും ആണ് അമേരിക്കൻ മ്യൂസിക് അവാർഡ്സിന്റെ വേദിയിൽ അവതരിപ്പിക്കപ്പെട്ടത്. നിറഞ്ഞ കയ്യടികളോടെ പുരസ്കാര വേദി ഇരുകൂട്ടരുടെയും പ്രകടനത്തെ വരവേറ്റു. ഇതാദ്യമായാണ് പ്രശസ്ത ജനപ്രിയ സംഗീതബാൻഡുകളായ ബിടിഎസും കോൾഡ് പ്ലേയും ഒരുമിച്ചു വേദി പങ്കിടുന്നത്.
ആർട്ടിസ്റ്റ് ഓഫ് ദ് ഇയർ പുരസ്കാരത്തിനൊപ്പം മികച്ച പോപ് സംഘത്തിനുള്ള പുരസ്കാരവും മികച്ച പോപ് ഗാനത്തിനുള്ള പുരസ്കാരവും ബിടിഎസ് നേടി. ഇതോടെ പോപ് സംഘത്തിനുള്ള പുരസ്‌കാരം തുടർച്ചയായി നാലാം വർഷവും സ്വന്തമാക്കുന്ന ബാൻഡ് എന്ന ഖ്യാതിയും ബിടിഎസ് സ്വന്തമാക്കി. സംഘത്തിന്റെ ‘ബട്ടർ’ ആണ് കഴിഞ്ഞ വർഷത്തെ മികച്ച പോപ് ഗാനമായി തിരഞ്ഞെടുക്കപ്പെട്ടത്.
റെക്കോർഡുകളുടെയും നേട്ടങ്ങളുടെയും പട്ടിക അവസാനിക്കുന്നില്ലെങ്കിലും ഗ്രാമിയിൽ മുത്തമിടാൻ ബിടിഎസിന് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം മികച്ച പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലേയ്ക്ക് ബാൻഡിന്റെ ‘ഡയനാമൈറ്റ്’ മത്സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഈ വിഭാഗത്തിൽ പോപ് താരം ലേഡി ഗാഗയും അരിയാനാ ഗ്രാന്‍ഡെയും ചേർന്നൊരുക്കിയ ‘റെയിൻ ഓൺ മി’ എന്ന ആൽബമാണ് നേട്ടം കൈവരിച്ചത്.
ഈ വർഷവും ബിടിഎസിനു ഗ്രാമി നോമിനേഷൻ ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലേയ്ക്കാണഅ ബാൻഡിന്റെ ‘ബട്ടർ’ പരിഗണിക്കപ്പെടുന്നത്. പ്രശസ്ത പോപ് ഗായകരായ ദോജാ ക്യാറ്റ്, മിലി സൈറസ്, ലിസോ, കാർഡി ബി എന്നിവരോടാണ് ഇത്തവണ ബിടിഎസിന്റെ മത്സരം. സംഘത്തിനു ഗ്രാമിയിൽ തിളങ്ങാനാകുമോയെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകവൃന്ദം.