ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നടൻ ശിവകാർത്തികേയനെതിരെ സംഗീതസംവിധായകൻ ഡി.ഇമ്മൻ നടത്തിയ ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് ഇമ്മന്റെ ആദ്യഭാര്യ മോണിക്ക റിച്ചാർഡ്. ശിവ തങ്ങളുടെ കുടുംബസുഹൃത്താണെന്നും താനും ഇമ്മനും വിവാഹമോചിതരാകാൻ തീരുമാനിച്ചപ്പോൾ അതിനം എതിർത്ത് തങ്ങളെ വീണ്ടും ഒരുമിപ്പിക്കാൻ ശ്രമിച്ച നല്ല വ്യക്തിത്വമാണെന്നും മോണിക്ക പറഞ്ഞു. ഇമ്മൻ ശിവകാർത്തികേയനെ ഇരയാക്കുകയാണെന്നും അദ്ദേഹത്തിന്റെ വിവാദപരാമർശങ്ങൾ ശിവയുടെ ജീവിതത്തെ ഏതൊക്കെ തരത്തിൽ ബാധിക്കുമെന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നതേയില്ല. പബ്ലിസിറ്റിക്കു വേണ്ടിയാണ് ഇമ്മൻ ഇത്തരത്തിൽ ഓരോന്നു പറയുന്നതെന്നും മോണിക്ക കൂട്ടിച്ചേർത്തു. പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മോണിക്കയുടെ വെളിപ്പെടുത്തൽ. 

ഏതാനും ദിവസങ്ങൾക്കു മുൻപ് ഒരു അഭിമുഖത്തിനിടെയാണ് ശിവകാർത്തികേയനുമായി അസ്വാരസ്യങ്ങളുണ്ടെന്ന കാര്യം ഇമ്മൻ തുറന്നു സമ്മതിച്ചത്. ശിവ തന്നെ വഞ്ചിച്ചെന്നും വലിയ ക്രൂരതയാണ് കാണിച്ചതെന്നും ഇമ്മൻ പറഞ്ഞെങ്കിലും യഥാർഥ കാരണം വെളിപ്പെടുത്തിയിരുന്നില്ല. ഇതോടെ ഇമ്മനും മോണിക്കയും വേർപിരിയാന്‍ കാരണം ശിവകാർത്തികേയനാണെന്ന തരത്തിൽ പോലും പ്രചാരണങ്ങൾ ശക്തമായി. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പ്രതികരണമറിയിച്ച് മോണിക്ക റിച്ചാർഡ് രംഗത്തെത്തിയത്. 

മോണിക്കയുടെ വാക്കുകള്‍ ഇങ്ങനെ:

‘ശിവകാര്‍ത്തികേയന്‍ ഞങ്ങളുടെ കുടുംബ സുഹൃത്താണ്. അദ്ദേഹം മാന്യനായ വ്യക്തിയാണ്. അദ്ദേഹവും ഇമ്മനും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങളുടെ കുടുംബത്തോട് അദ്ദേഹത്തിന് കരുതലുണ്ടായിരുന്നു. ഞങ്ങളുടെ മക്കള്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാനും ഇമ്മനും പിരിയരുത് എന്നാവശ്യപ്പെട്ട് അദ്ദേഹം ഞങ്ങളുടെ അടുക്കലേക്കു വന്നത്. ഞങ്ങള്‍ പിരിയരുതെന്നും കുടുംബം തകരരുതെന്നുമാണ് അദ്ദേഹം ആഗ്രഹിച്ചത്. അദ്ദേഹം ഞങ്ങളെ ഒരുമിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ന്യായത്തിനൊപ്പമാണ് ശിവ നിന്നത്. സുഹൃത്തിന്റെ കുടുംബം തകരാന്‍ ആരും ആഗ്രഹിക്കില്ലല്ലോ? 

ശിവകാര്‍ത്തികേയന്‍ എന്ത് തെറ്റാണ് ചെയ്തത്? 2 വര്‍ഷം മുമ്പ് ഇമ്മന്‍ ഞാനുമായുള്ള ബന്ധം അവസാനിപ്പിച്ചു. വിവാഹമോചനത്തിന് എനിക്ക് സമ്മതമായിരുന്നില്ല. എന്നെ ഭീഷണിപ്പെടുത്തിയാണ് അദ്ദേഹം അത് നേടിയെടുത്തത്. എനിക്ക് ജീവനാംശം തന്നിട്ടില്ല. പണം വേണോ മക്കളെ വേണോ എന്നു ചോദിച്ചപ്പോള്‍ മക്കള്‍ എന്നാണ് ഞാന്‍ പറഞ്ഞത്. മറ്റൊന്നും ഇല്ലാതെയാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങി വന്നത്. ഇന്ന് ഞാന്‍ വിജയകരമായി ഒരു കമ്പനി നടത്തുന്നു. എന്റെ രണ്ട് പെണ്‍മക്കളുടേയും കൂടെ സന്തോഷത്തോടെ ജീവിക്കുന്നു. 30 പേര്‍ എന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. എന്റെ വേദനയും കഷ്ടപ്പാടുമെല്ലാം ഞാന്‍ ജോലിയില്‍ സമര്‍പ്പിച്ച് അധ്വാനിച്ചു. ഇന്നെനിക്ക് ഇമ്മന്‍ പറയുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും സമയമില്ല. 

ഇമ്മന് മക്കളോടു സ്‌നേഹമില്ല. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം നോക്കൂ, മക്കളുടെ കൂടെയുള്ള ഒരു ഫോട്ടോ പോലുമില്ല. കുട്ടികളെ കാണേണ്ട എന്നാണ് പറഞ്ഞത്. ഞാന്‍ കടന്നു പോയ കഷ്ടപ്പാട് എന്റെ മക്കള്‍ കണ്ടിട്ടുണ്ട്. ഇമ്മന്‍ നല്ലവനായിരുന്നുവെങ്കില്‍ എന്റെ മക്കള്‍ അയാളെ കാണുമായിരുന്നില്ലേ? ഇപ്പോള്‍ അദ്ദേഹത്തിന് അവസരങ്ങളില്ല. അതിനാല്‍ പബ്ലിസിറ്റിക്കു വേണ്ടിയാണിത് ഇതൊക്കെ പറയുന്നത്. തന്റെ വാക്കുകള്‍ ശിവകാര്‍ത്തികേയന്റെ കരിയറിനേയും ജീവിതത്തേയും എങ്ങനെയാണ് ബാധിക്കുക എന്ന് അദ്ദേഹത്തിന് അറിയില്ല. 12 വര്‍ഷം അയാള്‍ക്ക് വേണ്ടി ജീവിതം നശിപ്പിച്ചുവെന്ന കുറ്റബോധം എനിക്കുണ്ട്. പക്ഷേ അയാള്‍ പറഞ്ഞത് ചര്‍ച്ച ചെയ്യാനുള്ള സമയം എനിക്കില്ല. 

ഇമ്മന് സംസാരിക്കാന്‍ പ്രോജക്ടുകളില്ല. ഇപ്പോഴത്തെ ജീവിതത്തില്‍ സന്തുഷ്ടനെങ്കില്‍ എന്തിനാണ് പഴയത് പറയുന്നത്. പാവം ശിവകാര്‍ത്തികേയനെ ഇരയാക്കിയതാണ്. നല്ലത് മാത്രം ആഗ്രഹിച്ച അദ്ദേഹത്തിനു കിട്ടിയത് നാണക്കേടാണ്. അതിനു ഞാന്‍ മാപ്പ് ചോദിക്കുന്നു. ഞാന്‍ എന്റെ മക്കളുടെ ഭാവിയെക്കുറിച്ചു മാത്രമാണ് ഇപ്പോൾ ആലോചിക്കുന്നത്. അവരുടെ സന്തോഷമാണ് എനിക്കു വലുത്’. 

2021 ലാണ് ഇമ്മനും മോണിക്കയും വിവാഹമോചിതരായത്. ബ്ലെസിക്ക കാത്തി, വെറോനിക്ക ദൊറോത്തി എന്നിങ്ങനെ രണ്ട് മക്കളാണ് ഇരുവർക്കും. ഇരുവരും അമ്മയ്ക്കൊപ്പമാണ് താമസം. വിവാഹമോചിതനായി തൊട്ടടുത്ത വർഷം ഇമ്മൻ വീണ്ടും വിവാഹിതനായി. അന്തരിച്ച കോളിവുഡ് കലാസംവിധായകൻ ഉബാൽദിന്റെ മകള്‍ അമേലിയ ആണ് ഇമ്മന്റെ രണ്ടാം ഭാര്യ. 

English Summary:

D Imman’s ex-wife Monica Richard reacts on music director’s controversial statement about Sivakarthikeyan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com