ഹൃദ്രോഗ ചികിത്സയിലെ ‘ചീഫ് ’

Mail This Article
ഇരുപതിനായിരത്തോളം ഹൃദയ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോ തൊറാസിക് വിഭാഗം മുൻ മേധാവി ഡോ. സ്റ്റാൻലി ജോണിനെ ശിഷ്യനും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ ഡോ. വി.വി. ബാഷി അനുസ്മരിക്കുന്നു. ഡോ. സ്റ്റാൻലി കഴിഞ്ഞദിവസമാണ് അന്തരിച്ചത്.
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോ തൊറാസിക് സർജറി വിഭാഗം മുൻ മേധാവി ഡോ. സ്റ്റാൻലി ജോണിനെ ഞങ്ങൾ ശിഷ്യർ സ്നേഹപൂർവം വിളിച്ചിരുന്നതു ‘ചീഫ്’ എന്നാണ്. ജോലിയോടുള്ള ആത്മാർഥതയിൽ, ചികിത്സയിലെ പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ, വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കത്തിൽ എല്ലാം അദ്ദേഹം ശരിക്കും ചീഫ് തന്നെയായിരുന്നു. ഡോ. സ്റ്റാൻലി വിടവാങ്ങുമ്പോൾ ഹൃദ്രോഗ ചികിത്സാരംഗത്തെ അതികായനെയാണു നഷ്ടപ്പെടുന്നത്.
അദ്ദേഹത്തിന്റെ പിതാവ് മൂന്നാറിൽ ചീഫ് മെഡിക്കൽ ഓഫിസറായിരുന്നു. അവിടെ ജനിച്ച ഡോ.സ്റ്റാൻലി, കാർഡിയോ തൊറാസിക് പരിശീലനമുൾപ്പെടെ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയതു വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ. തുടർന്ന്, യുഎസിലെ മിനയപ്പലിസിൽ ഓപ്പൺ ഹാർട്ട് സർജറിയുടെ പിതാവെന്നറിയപ്പെടുന്ന ഡോ. ആർ.എച്ച്.ബെറ്റ്സിൽനിന്നു പരിശീലനം നേടി. 1967ൽ വെല്ലൂരിൽ തിരിച്ചെത്തിയതു മുതൽ 1992ൽ വിരമിക്കുന്നതുവരെ അവിടെ കാർഡിയോ തൊറാസിക് മേധാവിയായിരുന്നു. ഹൃദ്രോഗ ചികിത്സയുടെ ലോക ഭൂപടത്തിൽ സിഎംസി വെല്ലൂരിനെ അദ്ദേഹം അടയാളപ്പെടുത്തി.
ലോകമെമ്പാടുമുള്ള എഴുപതോളം കാർഡിയോ സർജന്മാരെ പരിശീലിപ്പിച്ചു. അക്കാലത്ത് കാർഡിയോ തൊറാസിക് വിദ്യാർഥികളുടെ സ്വപ്നം ഡോ. സ്റ്റാൻലിക്കു കീഴിൽ പരിശീലിക്കുക എന്നതായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യരിലൊരാളാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യം, അഭിമാനം. വിശ്വസ്തത, ആത്മാർഥത, സഹാനുഭൂതി, കഠിനാധ്വാനം എന്നിവ ഒത്തുചേർന്നതായിരുന്നു അദ്ദേഹത്തിന്റെ തൊഴിൽ ധാർമികത. എന്നും ആദ്യമെത്തുന്നതും അവസാനം പോകുന്നതും അദ്ദേഹമായിരുന്നു.
കുട്ടികളിലെ ഹൃദയശസ്ത്രക്രിയയ്ക്കു പലരും മടിച്ചപ്പോൾ, അദ്ദേഹം ധൈര്യപൂർവം തയാറായി; വിജയം നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ എണ്ണമറ്റ പ്രബന്ധങ്ങളിലെ വിവരങ്ങൾ ഇന്നും പ്രസക്തമാണ്. രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ബിസി റോയ് അവാർഡും നേടി. അസോസിയേഷൻ ഓഫ് കാർഡിയോ തൊറാസിക് സർജൻസ് ഓഫ് ഇന്ത്യ പ്രസിഡന്റ് പദവിയും വഹിച്ചു.
(ഡോ. വി.വി. ബാഷി വടപളനി സിംസ് ആശുപത്രിയിലെ ചീഫ് കാർഡിയാക് ആൻഡ് അയോർട്ടിക് സർജനും ഡോ.എംജിആർ മെഡിക്കൽ സർവകലാശാലയിലെ അഡ്ജൻക്ട് പ്രഫസറുമാണ്. ഇന്ത്യൻ അസോസിയേഷൻ ഓഫ് കാർഡിയോ തൊറാസിക് സർജൻസ് പ്രസിഡന്റാണ്)
English summary: Remembering Dr. Stanley John