വാചകമേള

Mail This Article
കലക്ടീവ് രൂപീകരിക്കുന്നതുവരെ തുടർച്ചയായി ഹിറ്റുകൾ നൽകിക്കൊണ്ടിരുന്ന അഭിനേത്രി ആയിരുന്നു ഞാൻ. എനിക്കൊപ്പം നിറയെപ്പേരുണ്ടായിരുന്നു. സെൽഫി എടുക്കാനും സംസാരിക്കാനുമൊക്കെ നിറയെ ആളുകൾ. കലക്ടീവ് രൂപീകരിക്കപ്പെട്ടു, വിവാദങ്ങൾ ഉണ്ടായി, ആരും എനിക്കിപ്പോൾ മുഖം തരുന്നില്ല.
പാർവതി തിരുവോത്ത്
സിപിഐ കൂടെയുണ്ടായിരുന്നതുകൊണ്ടാണ് അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് ജയിച്ചത്. അച്യുതമേനോനെയും ബാലറാമിനെയും പോലെ വിശ്വാസ്യതയുള്ള ഉന്നതനേതാക്കൾ അന്ന് സിപിഐക്ക് ഉണ്ടായിരുന്നു. സിപിഎമ്മിന്റെ അത്രയില്ലെങ്കിലും സിപിഐ നല്ല ജനപിന്തുണയുള്ള പാർട്ടിയായിരുന്നു. ഇന്ന് അത്ര പിന്തുണയില്ല.
ജി.സുധാകരൻ
കോൺഗ്രസ് അല്ലാതെ ഏതു രാഷ്ട്രീയശക്തി അധികാരത്തിൽ വന്നിരുന്നുവെങ്കിലും ഗാന്ധി മായ്ക്കപ്പെട്ടുപോയേനെ എന്നതാണു വസ്തുത. ആ മായ്ച്ചുകളയലാണു ബിജെപിക്ക് ആവശ്യം. ഗാന്ധിയെ പിൻപറ്റുന്നവർ ആരുമില്ലെന്നും കോൺഗ്രസിനു ആ പാരമ്പര്യം ഒട്ടുമില്ലെന്നും സ്ഥാപിച്ച് തനിക്കാക്കുകയും പിന്നീടു വെടക്കാക്കുകയും ചെയ്യാമെന്ന പരിവാർ ദുഷ്ടലാക്കിന്റെ കെണിയിലേക്കു നമ്മൾ എത്ര നിസ്സാരമായാണു വീണുകൊടുക്കുന്നത്!
ടി.ടി.ശ്രീകുമാർ
‘മയ്യഴിപ്പുഴയുടെ തീരങ്ങളിലി’ന്റെ ആദ്യ ഡ്രാഫ്റ്റ് എൻ.വി.കൃഷ്ണവാര്യരെ കാണിച്ചപ്പോൾ അഭിനന്ദിച്ചെങ്കിലും കുറെ കുറവുകൾ ചൂണ്ടിക്കാണിച്ചു. ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ അതു കത്തിച്ചുകളഞ്ഞതാണ്. പക്ഷേ, ആ നോവൽ എന്നെ വിടാതെ പിന്തുടർന്നു. അങ്ങനെ 2 വർഷം കഴിഞ്ഞപ്പോൾ വീണ്ടും എഴുതിയതാണ്. എഴുതാനുള്ളതിൽ 10% പോലും എഴുതിയിട്ടില്ല.
എം.മുകുന്ദൻ
നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഗീതയും ബൈബിളും ഖുർആനും എന്ന നാടകത്തിൽ നിലമ്പൂർ ആയിഷയോടൊപ്പമാണ് അഭിനയിച്ചത്. ആരെങ്കിലും ചാൻസ് തന്നാൽ സിനിമയിൽ അഭിനയിക്കും.
ഇ.പി.ജയരാജൻ
ചൂഷണത്തിനെതിരായ ഒരു സംഘമായിരുന്നു ആദ്യതലമുറയിലെ നക്സലുകൾ. അവർ ബുദ്ധിയുള്ള, ധാരണയുള്ള മനുഷ്യരായിരുന്നു. എന്നാൽ, പിന്നീട് അവർ അക്രമത്തിലേക്കു വഴിമാറി.
എം.കെ.നാരായണൻ
ഹിന്ദുവല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നതൊന്നും കിട്ടാത്ത ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നമാണു രാജ്യത്ത് ഇപ്പോൾ വികസിക്കപ്പെടുന്നത്. കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ജാതിമതഭേദമില്ലാതെ എല്ലാവരും കേരളീയരാണ്. ഉത്തരേന്ത്യക്കാരെപ്പോലെ മതബോധം ചുമലിൽ കൊണ്ടുനടക്കുന്നവരല്ല കേരളത്തിലെ ഭൂരിഭാഗം പേരും.
ശശി തരൂർ