ഉന്നാവ് അപകടം: കേസിൽ 4 പ്രതികൾ; സെൻഗറിനെ ഒഴിവാക്കി
Mail This Article
ന്യൂഡൽഹി ∙ ഉന്നാവ് പീഡനക്കേസിലെ അതിജീവിതയെ ട്രക്ക് ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ കോടതി 4 പേർക്കെതിരെ കുറ്റം ചുമത്തി. ട്രക്ക് ഡ്രൈവർ ആശിഷ്കുമാർ പാൽ, വിനോദ് മിശ്ര, ഹരിപാൽ സിങ്, നവീൻ സിങ് എന്നിവർക്കെതിരെ മതിയായ തെളിവുണ്ടെന്ന കണ്ടതിനെ തുടർന്നാണ് വിചാരണയ്ക്ക് കോടതി ഉത്തരവിട്ടത്. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന കാരണത്താൽ കേസിൽ നിന്ന് ബിജെപി മുൻ എംഎൽഎ കുൽദീപ്കുമാർ സെൻഗറിനെയും മറ്റ് 5 പേരെയും ഒഴിവാക്കി.
2019 ജൂലൈയിൽ അതിജീവിതയും 2 ബന്ധുക്കളും അഭിഭാഷകനും കാറിൽ പോകുമ്പോഴാണ് ട്രക്ക് ഇടിച്ചത്. 2 ബന്ധുക്കളും മരിച്ചെങ്കിലും അതിജീവിതയും അഭിഭാഷകനും ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. പീഡനക്കേസിൽ പ്രതിയായ സെൻഗർ അപകടസമയത്ത് ജയിലിലായിരുന്നെന്നും ഇയാൾ ഗൂഢാലോചന നടത്തിയെന്നതിനു തെളിവുകൾ ഒന്നും ഹാജരാക്കിയിട്ടില്ലെന്നും അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് രവീന്ദ്രകുമാർ പാണ്ഡെ ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിൽ നിന്ന് കേസ് 2019 ൽ ഡൽഹിയിലേക്കു മാറ്റുകയായിരുന്നു. മൈനറായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് സെൻഗറിന് ആജീവനാന്ത തടവും പെൺകുട്ടിയുടെ പിതാവിനെ മരണത്തിനിടയാക്കിയതിന് 10 വർഷത്തെ തടവിനും കോടതി ശിക്ഷ വിധിച്ചിരുന്നു.
Content Highlight: Unnao case