ലോകസിനിമയുടെ ജാലകം തുറക്കാൻ ഗോവ
Mail This Article
മാണ്ഡോവി നദിക്കരയിലെ ഐനോക്സിന്റെ സ്ക്രീനിൽ ഇനി ലോകസിനിമയുടെ വസന്തകാലം. 54 ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ ഇന്നു തുടക്കം. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ മേള ഉദ്ഘാടനം ചെയ്യും. മാധുരി ദീക്ഷിത്,ഷാഹിദ് കപൂർ,ശ്രേയ ഘോഷാൽ തുടങ്ങിയവരുടെ കലാവിരുന്ന് ഉദ്ഘാടന ചടങ്ങിലുണ്ടാകും.
13 വേൾഡ് പ്രീമിയറുകൾ ഉൾപ്പെടെ 4 വേദികളിലായി 270 ചലച്ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. സ്റ്റുവർട്ട് ഗാറ്റ് സംവിധാനം ചെയ്ത ‘ക്യാച്ചിങ് ഡസ്റ്റ്’ ആണ് ഉദ്ഘാടന ചിത്രം. ‘ഇന്ത്യൻ പനോരമ’ വിഭാഗത്തിൽ 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ സിനിമകളുമുണ്ട്. ആനന്ദ് ഏകർഷി സംവിധാനം ചെയ്ത മലയാള ചിത്രം ‘ആട്ടം’ ആണു പനോരമയിലെ ഉദ്ഘാടന ചിത്രം.
കേരളത്തിൽ അടുത്ത ആഴ്ച റിലീസിനെത്തുന്ന, മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളായ, ജിയോബേബി സംവിധാനം ചെയ്ത ‘കാതൽ’ എന്ന ചിത്രവും പനോരമയിലുണ്ട്. ‘ഇരട്ട’, ‘മാളികപ്പുറം’, ‘ന്നാ താൻ കേസ് കൊട്’, ‘പൂക്കാലം’ എന്നിവയാണ് പനോരമയിലെ മറ്റു ചിത്രങ്ങൾ. ജൂഡ് ആന്തണിയുടെ ‘2018’ മെയിൻസ്ട്രീം വിഭാഗത്തിലും ആനന്ദ് ജ്യോതിയുടെ ‘ശ്രീരുദ്രം ’നോൺഫീച്ചറിലും പ്രദർശിപ്പിക്കും.
ഈ വർഷത്തെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഹോളിവുഡിലെ ഇതിഹാസ നടനും നിർമാതാവുമായ മൈക്കൽ ഡഗ്ലസിനു സമാപന ചടങ്ങിൽ സമ്മാനിക്കും. 2 അക്കാദമി പുരസ്കാരങ്ങളും 5 ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും നേടിയിട്ടുള്ള മൈക്കൽ ഡഗ്ലസാണു മേളയിലെ സുവർണതാരം. ഡഗ്ലസിന്റെ ഭാര്യയും പ്രശസ്ത നടിയുമായ കാതറീൻ സെറ്റ ജോൺസും അതിഥിയായെത്തും.
15 സിനിമകളാണു രാജ്യാന്തര മത്സര വിഭാഗത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള സുവർണ മയൂരത്തിനായി മത്സരിക്കുന്നത്. കന്നഡ ചിത്രം ഋഷഭ് ഷെട്ടിയുടെ ‘കാന്താര’, സുധാംശു സരിയയുടെ സന (ഹിന്ദി), മൃദുൽ ഗുപ്തയുടെ മിർബിൻ എന്നിവയാണ് മത്സരവിഭാഗത്തിലെ ഇന്ത്യൻ സിനിമകൾ. മികച്ച ഒടിടി വെബ് സീരിസിന് 10 ലക്ഷം രൂപയാണു പുരസ്കാരം. 10 ഭാഷകളിൽനിന്ന് 32 എൻട്രികൾ ഒടിടി വിഭാഗത്തിൽ ലഭിച്ചിട്ടുണ്ട്.
ശേഖർ കപൂർ അധ്യക്ഷനായ ജൂറിയാണു ജേതാക്കളെ പ്രഖ്യാപിക്കുന്നത്. സെഷനുകളിൽ മൈക്കൽ ഡഗ്ലസ്, വിദ്യാബാലൻ, റാണി മുഖർജി, വിജയ് സേതുപതി, കരൺജോഹർ, മധുർ ഭണ്ഡാർക്കർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. 28 നാണ് സമാപനം.