ജോഡോ ന്യായ് യാത്ര നേരത്തേ തീരും; യുപിയിലെ യാത്ര 5 ദിവസം കുറച്ചു
Mail This Article
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ദൈർഘ്യം 5 ദിവസം കുറയ്ക്കുന്നു. പടിഞ്ഞാറൻ യുപിയിലെ പ്രദേശങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതോടെയാണിത്. മാർച്ച് 20നു മുംബൈയിൽ സമാപിക്കാനിരിക്കുന്ന യാത്ര ഒരാഴ്ച മുൻപു പൂർത്തിയാകുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. പടിഞ്ഞാറൻ യുപിയിൽ സ്വാധീനമുള്ള ജയന്ത് ചൗധരിയുടെ ആർഎൽഡി ‘ഇന്ത്യ’ മുന്നണി വിട്ട് ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണിതെന്നതു ശ്രദ്ധേയം.
അതേസമയം, ആർഎൽഡി വിട്ടുപോയതുമായി യാത്രയ്ക്കു ബന്ധമില്ലെന്നും യുപിയിൽ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് റൂട്ട് മാറ്റിയതെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഈ മാസം 16 മുതൽ 26 വരെയാണ് യുപിയിലൂടെയുള്ള യാത്ര നിശ്ചയിച്ചിരുന്നത്. 22നു പരീക്ഷകൾ തുടങ്ങുന്നതു കണക്കിലെടുത്ത് 21നു രാഹുൽ യുപി വിട്ടു മധ്യപ്രദേശിലേക്കു കടക്കുമെന്ന് പാർട്ടി വക്താവ് അൻഷു അവസ്തി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലൂടെയാണ് 16നു രാഹുൽ യുപിയിലേക്കു കടക്കുക.
തന്റെ മുൻ മണ്ഡലമായ അമേഠി, സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലി എന്നിവിടങ്ങളിലും രാഹുൽ എത്തും. അതേസമയം, തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള യാത്ര പാർട്ടിക്കു കാര്യമായി ഗുണംചെയ്യില്ലെന്ന വികാരം കോൺഗ്രസിൽ ഒരു വിഭാഗത്തിനുണ്ട്. തിരഞ്ഞെടുപ്പു സഖ്യനീക്കങ്ങൾ, സ്ഥാനാർഥി നിർണയം, തന്ത്രരൂപീകരണം തുടങ്ങിയ കാര്യങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താൻ ഡൽഹിയിൽ നിൽക്കേണ്ട സമയത്ത് രാഹുൽ ബസ് യാത്ര നടത്തുന്നതു രാഷ്ട്രീയമായി കോൺഗ്രസിനു ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം.