'മറികടക്കാനാവില്ല, യുജിസി ചട്ടങ്ങളെ': ഉന്നത വിദ്യാഭ്യാസ നിയമനിർമാണത്തിൽ സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ യുജിസിയുടെ ചട്ടങ്ങൾക്കു വിരുദ്ധമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരുകൾക്കു നിയമനിർമാണ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. യുപിയിലെ മദ്രസ നിയമം അംഗീകരിച്ചെങ്കിലും അതിൽ ബിരുദ, ബിരുദാനന്തര തലത്തിലെ കോഴ്സുകൾക്ക് (യഥാക്രമം കാമിൽ, ഫാസിൽ) പ്രാബല്യമില്ലെന്നു വ്യക്തമാക്കിയ വിധിയിലാണ് കോടതി ഇതു ചൂണ്ടിക്കാട്ടിയത്.
സർവകലാശാലകളിലെ നിലവാരമുറപ്പാക്കാനും ഏകോപനത്തിനുമാണ് പാർലമെന്റ് യുജിസി നിയമമുണ്ടാക്കിയത്. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യങ്ങളിൽ യുജിസിയുടെ നിയമത്തിനാണ് പ്രാബല്യം. യുജിസി നിയമത്തിനു വിരുദ്ധമാകുന്ന നിയമം സംസ്ഥാന സർക്കാരുകളുടെ നിയമ നിർമാണാധികാരത്തിനു പുറത്താണ്. ഇത്തരം സംസ്ഥാന നിയമം ഭരണഘടനാവിരുദ്ധമാകും. എന്നാൽ, അതിന്റെ പേരിൽ യുപി മദ്രസ നിയമം പൂർണമായി റദ്ദാക്കേണ്ടതില്ലെന്നു വിലയിരുത്തിയാണ് ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വകുപ്പുകൾ മാത്രം കോടതി റദ്ദാക്കിയത്.
∙ നിയമം റദ്ദാക്കാൻ 2 കാരണം വേണം. ഒന്നുകിൽ അതു ഭരണഘടനാവിരുദ്ധമോ മൗലികാവകാശത്തിന് എതിരോ ആയിരിക്കണം. അല്ലെങ്കിൽ നിയമനിർമാണ അധികാരമില്ലാതെ പാസാക്കിയതാകണം.
∙ മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം തുടങ്ങിയ ആശയങ്ങൾ നിർവചിക്കപ്പെട്ടിട്ടില്ല. അവയുടെ ലംഘനത്തിന്റെ പേരിൽ നിയമനിർമാണം റദ്ദാക്കാൻ കോടതികളെ അനുവദിക്കുന്നത് ഭരണഘടനാകേസുകളിൽ അനിശ്ചിതത്വം സൃഷ്ടിക്കും.
∙ മതവിദ്യാഭ്യാസവും മതപ്രബോധനവും തമ്മിൽ വ്യത്യാസമുണ്ട്. മദ്രസകളിൽ നൽകുന്നത് പ്രബോധനമാണ്.
∙ ന്യൂനപക്ഷ സ്ഥാപന നടത്തിപ്പിനുള്ള അവകാശത്തിൽ ആ സമുദായത്തിന്റെ താൽപര്യ സംരക്ഷണം ഉൾപ്പെടുന്നുണ്ട്. എന്നാൽ, ന്യൂനപക്ഷ സ്ഥാപന നടത്തിപ്പിനുള്ള അവകാശം പരമാധികാരമല്ല. അതു ദുർഭരണത്തിനുള്ള അവകാശമല്ല. ന്യൂനപക്ഷസ്ഥാപന നടത്തിപ്പിൽ അധ്യാപന നിയമനം, ന്യായമായ നിയന്ത്രണങ്ങളോടെ വിദ്യാർഥിപ്രവേശം, സ്വത്തുപയോഗം തുടങ്ങിയവ ഇതിൽപെടുന്നു.
∙ ഫണ്ട് അനുവദിക്കുന്നതിനുള്ള ഉപാധിയായി സർക്കാരിനു വ്യവസ്ഥകൾ വയ്ക്കാം. അവ ന്യായവും സ്ഥാപനത്തിന്റെ നടത്തിപ്പിനു സഹായകവും ആയിരിക്കണം.
∙ അഫിലിയേഷൻ ആവശ്യപ്പെടുന്ന മദ്രസകൾ, വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പിന്തുടരണം.
‘വേണ്ടത് ക്രിയാത്മക മതനിരപേക്ഷത’
ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വഭാവം നിലനിർത്തിക്കൊണ്ടുതന്നെ അവയെ മതനിരപേക്ഷ സ്ഥാപനങ്ങൾക്കു തുല്യമായി പരിഗണിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നു കോടതി നിർദേശിച്ചു. മതനിരപേക്ഷതയുടെ ക്രിയാത്മക ഭാവമായാണ് ഇതിനെ ചീഫ് ജസ്റ്റിസ് വിശേഷിപ്പിക്കുന്നത്. എല്ലാവരെയും തുല്യരായി കാണാൻ, ചില ആളുകളെ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്. ഈ ക്രിയാത്മക മതനിരപേക്ഷത ‘കൂടുതൽ തുല്യത’ സിദ്ധാന്തവുമായി ചേർന്നുപോകുമെന്നും കോടതി വിലയിരുത്തി. എല്ലാവരെയും ഒന്നായി കാണുന്നതിനു പകരം, അവഗണിക്കപ്പെട്ടവരെ കൂടുതൽ പരിഗണിക്കുന്നതിനെയാണ് ‘കൂടുതൽ തുല്യത’യെന്നു കോടതി വിശേഷിപ്പിച്ചത്.