ചീഫ് ജസ്റ്റിസിനെ അറിയിച്ചത് 17 മണിക്കൂർ കഴിഞ്ഞ്, നോട്ടുകെട്ടുകൾ സ്ഥലത്തുനിന്നു മാറ്റി; അടിമുടി ‘പുകമറ’

Mail This Article
ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീടിനു പുറത്തെ സ്റ്റോർമുറിയിൽ ചാക്കുകണക്കിനു പണം കണ്ടെത്തിയതിൽ അടിമുടി ദുരൂഹത. 17 മണിക്കൂർ കഴിഞ്ഞാണു ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ പൊലീസ് സംഭവം അറിയിച്ചത്. ഭോപാലിലായിരുന്ന ജസ്റ്റിസ് വർമയും ഭാര്യയും ഡൽഹിയിൽ മടങ്ങിയെത്തിയതിനു ശേഷമായിരുന്നു ഇത്. കണ്ടെത്തിയതായി പറയുന്ന നോട്ടുകെട്ടുകൾ ഇതിനിടെ സ്ഥലത്തുനിന്നു മാറ്റിയെന്നതും ദുരൂഹത വർധിപ്പിക്കുന്നു.
സംഭവസ്ഥലത്തുനിന്നു ഡൽഹി പൊലീസ് പകർത്തി ഡൽഹി ചീഫ് ജസ്റ്റിസിനു കൈമാറിയ വിഡിയോയും ചിത്രങ്ങളും സുപ്രീം കോടതി പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നോട്ടുകെട്ടുകൾ കത്തുന്നതും അഗ്നിരക്ഷാസേനാംഗങ്ങൾ തീകെടുത്താൻ ശ്രമിക്കുന്നതും വ്യക്തമായി കാണാം. പണം കണ്ടെത്തുമ്പോൾ തങ്ങളില്ലായിരുന്നുവെന്ന് അഗ്നിരക്ഷാസേനാ മേധാവി പറഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യവും ഇതോടെ ഉയരുന്നു. കേസിൽ ഡൽഹി പൊലീസും അഗ്നിരക്ഷാ സേനയും രണ്ടു തട്ടിലാണെന്നു വ്യക്തമാക്കുന്നതാണ് ഇതുവരെയുള്ള സംഭവങ്ങൾ. തീയണച്ച അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരിൽ നിന്നുൾപ്പെടെ മൊഴിയെടുക്കാനാണ് സുപ്രീം കോടതി നിയോഗിച്ച അന്വേഷണസമിതിയുടെ നീക്കം.

പണം കണ്ടെത്തിയതിന്റെ വിഡിയോ ദൃശ്യം പകർത്തിയ പൊലീസ് ഇക്കാര്യം വീട്ടിലുണ്ടായിരുന്ന തന്റെ മകളെയോ ജീവനക്കാരെയോ അറിയിച്ചില്ലെന്നു ജസ്റ്റിസ് വർമ ആരോപിക്കുന്നുണ്ട്.ഇത്ര ഗുരുതരമായ കേസിൽ കത്തിക്കരിഞ്ഞതുൾപ്പെടെ കെട്ടുകണക്കിനു പണം കണ്ടെത്തിയിരിക്കെ ഇക്കാര്യം വീട്ടുകാരെയോ ജീവനക്കാരെയോ അറിയിച്ചു സാക്ഷ്യപ്പെടുത്തുകയെന്ന അടിസ്ഥാന നടപടിക്രമം ഇല്ലാതെ പോയത് എന്തുകൊണ്ടെന്ന ചോദ്യവും ദുരൂഹത കൂട്ടുന്നു.
എത്ര രൂപയെന്നതും ദുരൂഹം !
ഈ മാസം 14ന് നടന്ന സംഭവമായിട്ടും തുകയുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഹൈക്കോടതിയുടെ പ്രാഥമികാന്വേഷണത്തിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, ജസ്റ്റിസ് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റുന്നതിൽ വിയോജിപ്പ് അറിയിച്ചിറക്കിയ വാർത്തക്കുറിപ്പിൽ അലഹാബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ 15 കോടി രൂപ എന്നു പരാമർശിക്കുന്നുണ്ട്. നല്ലൊരു പങ്ക് നോട്ടുകൾ കത്തിപ്പോയിരുന്നു. കത്തിക്കരിഞ്ഞതും ശേഷിച്ചതും നീക്കം ചെയ്യും മുൻപ് പൊലീസ് ഇതു എണ്ണിത്തിട്ടപ്പെടുത്തിയിരുന്നോ എന്ന ചോദ്യവും ബാക്കിയാണ്.