ADVERTISEMENT

കൊച്ചി ∙ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ആയിരിക്കുമ്പോഴും അങ്കമാലിയിൽ ഉണ്ടെങ്കിൽ പാർട്ടി ബ്രാഞ്ചിന്റെ പരിപാടികളിൽ പോലും എം.സി.ജോസഫൈൻ എത്തുമായിരുന്നു. പാർട്ടി സംഘടിപ്പിക്കുന്ന ചെറിയ പരിപാടികളിൽ പോലും ജോസഫൈന്റെ സാന്നിധ്യം ഉണ്ടാവും. പരിപാടി തുടങ്ങുന്നതിന് ഏറെ നേരം മുൻപ് എത്തുകയും ആ പ്രദേശത്തെ ആളുകളെ നേരിൽ കണ്ടു സംസാരിക്കുകയും ചെയ്യും.

കളങ്കമില്ലാത്ത, ആത്മാർഥമായ, ജനകീയമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പതിറ്റാണ്ടുകൾ കടഞ്ഞെടുത്ത വ്യക്തിത്വമായിരുന്നു ജോസഫൈന്റേത്. ഏറ്റെടുത്ത ജോലികൾക്കായി മുഴുവൻ സമർപ്പിക്കുന്നതായിരുന്നു രീതി. നിലപാടുകളോടു രാജിപറയുകയുമില്ല.

വനിതാ കമ്മിഷൻ അധ്യക്ഷയായിരിക്കെ ടിവി ചാനൽ പരിപാടിയിൽ പരാതി പറയാനെത്തിയ യുവതിയോട് അക്ഷമയോടെ, ‘എന്നാൽ അനുഭവിച്ചോ’ എന്നു പറഞ്ഞ ജോസഫൈനെയാവും പലരും ഓർക്കുക. പ്രതികരണം വിവാദമായതോടെ വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവയ്ക്കേണ്ടിവന്നു. എന്നാൽ ജനകീയ വിഷയങ്ങളിൽ കർക്കശമായി ഇടപെടുകയും മുഖം നോക്കാതെ അഭിപ്രായം പറയുകയും ചെയ്യുന്ന ജോസഫൈനെയാണ് പ്രവർത്തകർക്ക് ഏറെ പരിചിതം.

എം.എ. ജോണിന്റെ നേതൃത്വത്തിൽ ഒരു കാലത്തു കോൺഗ്രസുകാർക്കിടയിൽ വികാരമായിത്തീർന്ന പരിവർത്തനവാദി കോൺഗ്രസിന്റെ പ്രവർത്തകയായിരുന്നു ആദ്യകാലത്ത് ജോസഫൈൻ. അവിടെനിന്നാണ് സിപിഎമ്മിലെത്തിയത്.

വൈപ്പിനിൽ ജനിച്ച ജോസഫൈൻ മുരിക്കുംപാടം സെന്റ് മേരീസ്, ഓച്ചൻതുരുത്ത് സാന്താക്രൂസ് സ്കൂളുകളിലും ആലുവ സെന്റ് സേവ്യേഴ്സ്, മഹാരാജാസ് കോളജുകളിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മഹാരാജാസിൽ മലയാളം പിജി പഠന കാലത്തു ജീവിത പങ്കാളി പി.എ. മത്തായിയെ പരിചയപ്പെട്ടു. പരിവർത്തനവാദിയുടെ ഓഫിസ് സെക്രട്ടറിയും ലഘുലേഖ തയാറാക്കുന്നയാളുമായിരുന്നു മത്തായി. മതപരമായ ചടങ്ങൊന്നുമില്ലാതെ നടന്ന വിവാഹത്തിനു ശേഷം ഭർത്താവിന്റെ നാടായ അങ്കമാലി പ്രവർത്തന മേഖലയാക്കി. ജോസഫൈനും മത്തായിയും പിന്നീട് സിപിഎമ്മുമായി സഹകരിച്ചു. സിപിഎം നേതാക്കളായ എ.പി. കുര്യൻ, എ.പി. വർക്കി എന്നിവരുടെ പ്രേരണയെ തുടർന്നായിരുന്നു ഇത്. പാർട്ടിയിലെത്തിയ ജോസഫൈന് കെഎസ്‌വൈഎഫ് ജില്ലാ കമ്മിറ്റിയിലേക്കു നേരിട്ടു പ്രവേശനം ലഭിച്ചപ്പോൾ ഭർത്താവ് മത്തായി തൊഴിലാളി സംഘടനാ രംഗത്തു സജീവമായി. 1984ൽ പാർട്ടി ജില്ലാ കമ്മിറ്റിയിലും 87ൽ സംസ്ഥാന കമ്മിറ്റിയിലും 2002ൽ കേന്ദ്ര കമ്മിറ്റിയിലുമെത്തി.

സംഘടനാ തലത്തിലുണ്ടായ ഉയർച്ച പൊതു തിരഞ്ഞെടുപ്പുകളിൽ ജോസഫൈന് ഉണ്ടായില്ല. 1987ൽ അങ്കമാലിയിൽ നിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989ൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റിൽ മത്സരിച്ചു. 2006ൽ മട്ടാഞ്ചേരിയിൽ നിന്നും 2011ൽ കൊച്ചിയിൽ നിന്നും നിയമസഭയിലേക്കു ജനവിധി തേടി. 

ഇവിടെയെല്ലാം പരാജയപ്പെട്ടു. അങ്കമാലി മുനിസിപ്പാലിറ്റിയിൽ അങ്ങാടിക്കടവ് ഡിവിഷനെ രണ്ടുവട്ടം പ്രതിനിധീകരിച്ചു. 95ൽ അങ്കമാലി നഗരസഭയിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം വന്നപ്പോൾ ചെയർപഴ്സൻ സ്ഥാനാർഥിയായിരുന്നു. പക്ഷേ, ആ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ പരാജയപ്പെട്ടു. ജിസിഡിഎ ചെയർപഴ്സനായിരുന്നപ്പോഴാണു ഭരണപരമായ നേതൃത്വത്തിന് അവസരം കൈവന്നത്.

രണ്ടു പതിറ്റാണ്ടായ കേന്ദ്രകമ്മിറ്റി അംഗത്വം കണ്ണൂർ പാർട്ടി കോൺഗ്രസിൽ ഒഴിയുമെന്ന വാർത്തകൾക്കിടെയാണ് വിയോഗമുണ്ടായത്. എം.സി.ജോസഫൈൻ, ഭർത്താവ് പരേതനായ പി.എ. മത്തായി, പേരക്കുട്ടി മാനവ് വ്യാസ്, മരുമകൾ ജ്യോത്‌സന, പേരക്കുട്ടി കണ്ണകി വ്യാസ്, മകൻ മനു മത്തായി

English Summary: Tribute to MC Josephine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com