ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യത്തെ ആദ്യത്തെ 3–ാം തലമുറ ഡിജിറ്റൽ സയൻസ് പാർക്കിന്റെ നിർമാണത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തറക്കല്ലിടും. തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിർമിക്കുന്ന സയൻസ് പാർക്ക് ടെക്നോപാർക്ക് ഫേസ് –നാലിന്റെ ഭാഗമാണ്. 

സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 11 നു നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, വി. മുരളീധരൻ, മന്ത്രിമാരായ ആന്റണി രാജു, വി. അബ്ദുറഹിമാൻ, ഡോ. ശശി തരൂർ എംപി എന്നിവർ പങ്കെടുക്കും.

ടെക്നോസിറ്റിയിലെ ഡിജിറ്റൽ സർവകലാശാലയോടു ചേർന്നുള്ള 14 ഏക്കറോളം സ്ഥലത്താണു ഡിജിറ്റൽ സയൻസ് പാർക്ക് വരുന്നത്. 3 വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാകും.  2022-23 ലെ  സംസ്ഥാന ബജറ്റിൽ കേരള ഡിജിറ്റൽ സർവകലാശാലയോടു ചേർന്ന് 200 കോടി രൂപ മുതൽ മുടക്കിൽ 2 ബ്ലോക്കുകളിലായി 10 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 1515 കോടി പദ്ധതി വിഹിതമായി കണക്കാക്കിയിട്ടുണ്ട്. ഇതിൽ 200 കോടി രൂപയാണു സംസ്ഥാന സർക്കാർ അനുവദിച്ചത്. 

വ്യവസായ-ബിസിനസ് യൂണിറ്റുകൾക്കും ഇൻഡസ്ട്രി 4.0, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബട്ടിക്സ്, ഇലക്ട്രോണിക്സ്, സ്മാർട് ഹാർ‍ഡ്‌വെയർ തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനത്തിനും ഇവിടെ സൗകര്യമൊരുക്കും. 

യുകെ ആസ്ഥാനമായുള്ള അർധചാലക- സോഫ്റ്റ്‌വെയർ ഡിസൈൻ കമ്പനിയായ എആർഎം, കേരള ഡിജിറ്റൽ സർവകലാശാലയുമായി അക്കാദമിക, ഗവേഷണ, സ്റ്റാർട്ടപ് പ്രവർത്തനങ്ങളിൽ കരാർ ഒപ്പുവച്ചിട്ടുണ്ട്.  യുഎസ് ടെക്നോളജി കമ്പനിയായ എൻവിഐഡിഐഎ സയൻസ് പാർക്കിന്റെ പങ്കാളിയാകും. മാഞ്ചസ്റ്റർ, ഓക്സ്ഫഡ്, എഡിൻബറ സർവകലാശാലകളും ഡിജിറ്റൽ സർവകലാശാലയുമായി ധാരണയിലെത്തി. 

മുന്നിൽ 4 ലക്ഷ്യങ്ങൾ

ഡിജിറ്റൽ സയൻസ് പാർക്ക് ശ്രദ്ധയൂന്നുന്ന സുപ്രധാന മേഖലകളിലൊന്നാണ് ഇൻഡസ്ട്രി 4.0. ഇലക്ട്രോണിക്സ്, അർധ ചാലകങ്ങൾ, 5 ജി ആശയവിനിമയം, സ്മാർട് മെറ്റീരിയലുകൾ, മെഡിക്കൽ മെറ്റീരിയലുകൾ തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിജിറ്റൽ വ്യവസായമാണ് ഇത്. 

ഇ-മൊബിലിറ്റി, ഡിജിറ്റൽ ഹെൽത്ത് എന്നിവയിൽ കേന്ദ്രീകരിച്ചുള്ള ഡിജിറ്റൽ ആപ്ലിക്കേഷനുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ഡിജിറ്റൽ ഡീപ്ടെക്കുമാണു രണ്ടാമത്തേത്. 

ബ്ലോക്ക് ചെയിൻ, സുരക്ഷ, പരിസ്ഥിതി സുസ്ഥിര ഇൻഫർമാറ്റിക്സ് എന്നിവയാണു മൂന്നാമത്തെ മേഖല. പുതിയ ഉൽപന്നങ്ങൾ, ശേഷി, ജോലികൾ എന്നിവ സൃഷ്ടിക്കുന്നതിൽ കേന്ദ്രീകരിച്ചുള്ള ഡിജിറ്റൽ സംരംഭകത്വമാണു നാലാമത്തെ മേഖല.

ആദ്യം 2 കെട്ടിടങ്ങൾ

നിർദിഷ്ട പാർക്കിൽ തുടക്കത്തിൽ 2 കെട്ടിടങ്ങൾ വരും. 2 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലായിരിക്കും ഇത്. റിസർച് ലാബുകളും ഡിജിറ്റൽ ഇൻകുബേറ്ററും ഉൾപ്പെടെ 5 നിലകളും ഹൗസിങ് സെന്റർ ഓഫ് എക്സലൻസസും ഇവിടെയുണ്ടാകും. രണ്ടാമത്തെ കെട്ടിടത്തിൽ അഡ്മിനിസ്ട്രേറ്റീവ് സെന്റർ, ഡിജിറ്റൽ എക്സ്പീരിയൻസ് സെന്റർ എന്നിവ പ്രവർത്തിക്കും.

English Summary: Digital science park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com