സത്യൻ മൊകേരി: അയലത്തുനിന്ന് വയ‘നാട്ടുകാരൻ’; എതിരാളിക്കൊരു പോരാളി
Mail This Article
കൽപറ്റ ∙ ഇന്ദിരാ ഗാന്ധിയും രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പിൽ തോറ്റെങ്കിൽ പ്രിയങ്ക ഗാന്ധിക്കും തോൽക്കാമല്ലോ എന്ന ഡയലോഗുമായി അണികളിൽ ആവേശം നിറച്ചാണ് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ രംഗപ്രവേശം.
കോഴിക്കോട് സ്വദേശിയെങ്കിലും അയൽക്കാരനായല്ല, സ്വന്തം ആളായിട്ടുതന്നെയാണു സിപിഐക്കാരല്ലാത്തവരും സത്യൻ മൊകേരിയെ കാണുന്നത്. യുഡിഎഫ് ഉരുക്കുകോട്ട എന്നറിയപ്പെടുന്ന വയനാട്ടിൽ 2014 ൽ എം.ഐ.ഷാനവാസിനോടു കാഴ്ചവച്ച ശക്തമായ പോരാട്ടത്തിന്റെ ചരിത്രമാണ് എൽഡിഎഫിനു നൽകുന്ന ആത്മവിശ്വാസം.
കർഷക ആത്മഹത്യ തുടർക്കഥയായ കാലത്തു സത്യന്റെ നേതൃത്വത്തിൽ കിസാൻ സഭ വയനാട്ടിൽ കാൽനടയാത്ര നടത്തിയിരുന്നു. അക്കാലം മുതൽ മണ്ഡലത്തിലുടനീളമുണ്ടാക്കിയ വ്യക്തിബന്ധങ്ങളും വോട്ടായി മാറുമെന്നാണു പ്രതീക്ഷ.
സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ സെക്രട്ടറിയും കിസാൻസഭ ദേശീയ സെക്രട്ടറിയുമാണ്. സിപിഐ സംസ്ഥാന അസി. സെക്രട്ടറിയായിരുന്നു.
സ്വാതന്ത്ര്യസമരസേനാനിയും സിപിഐ നേതാവുമായിരുന്ന പി.കേളപ്പൻ നായരുടെയും കല്യാണിയുടെയും മകനായി 1953 ഒക്ടോബർ 2ന് ജനിച്ച സത്യൻ എഐഎസ്എഫ് വട്ടോളി ഹൈസ്കൂൾ യൂണിറ്റ് സെക്രട്ടറിയായാണു പൊതുപ്രവർത്തനരംഗത്തെത്തിയത്.
പിന്നീട് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികളും വഹിച്ചു.
1987 മുതൽ 2001 വരെ നാദാപുരം എംഎൽഎയായിരുന്നു. നിയമസഭയുടെ കെ.ശങ്കരനാരായണൻ തമ്പി സ്മാരക യുവ പാർലമെന്റേറിയൻ അവാർഡ് നേടി. കാർഷിക കടാശ്വാസ കമ്മിഷൻ അംഗമായും കാലിക്കറ്റ് സർവകലാശാലാ സെനറ്റ് അംഗമായും പ്രവർത്തിച്ചു.
സിപിഐ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ പി.വസന്തമാണ് ഭാര്യ. മക്കൾ: അച്യുത് വി.സത്യൻ, ആർഷ വി.സത്യൻ.