അംഗീകാരമില്ലാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപന തടയണം: ഹൈക്കോടതി

Mail This Article
കൊച്ചി∙ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമില്ലാത്തതും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്നതുമായ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിർമാണവും വിൽപനയും തടയാൻ മലിനീകരണ നിയന്ത്രണ ബോർഡും തദ്ദേശ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. വാണിജ്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇടയ്ക്കിടെ പരിശോധന നടത്തണം. ചട്ടപ്രകാരം റജിസ്ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങളുടെ പ്ലാസ്റ്റിക് ഉൽപന്ന നിർമാണമോ വിൽപനയോ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനുള്ള മൊബൈൽ ആപ്പ് സംസ്ഥാന മലിനീകരണ ബോർഡ് 3 മാസത്തിനകം വികസിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷന് ബെഞ്ച് നിർദേശിച്ചു.
പ്ലാസ്റ്റിക് മാലിന്യ കൈകാര്യ ചട്ടപ്രകാരം റജിസ്ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിക്കുന്നതും വിൽക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ടു മലപ്പുറം സ്വദേശി കെ.വി.സുധാകരൻ നൽകിയ ഹർജി തീർപ്പാക്കിയാണു കോടതി ഉത്തരവ്. ആവശ്യത്തിനു ചട്ടങ്ങളുണ്ടെങ്കിലും ലംഘനം വ്യാപകമാണെന്നു കോടതി കുറ്റപ്പെടുത്തി. അനധികൃത സ്ഥാപനങ്ങൾ വ്യാജ ലേബലിൽ ഉൽപന്നങ്ങൾ വിൽക്കുന്നതു ജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതി ശുചിത്വത്തെയും മാലിന്യ സംസ്കരണത്തെയും ദോഷകരമായി ബാധിക്കുമെന്നു കോടതി പറഞ്ഞു.
കോടതിയുടെ നിർദേശങ്ങൾ
∙ ഷോപ്പിങ് സെന്ററുകൾ, മാളുകൾ, മാർക്കറ്റുകൾ, ഓഫിസ് സമുച്ചയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമ തിയറ്ററുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഇടയ്ക്കിടെ സ്ക്വാഡ് പരിശോധന നടത്തി വീഴ്ചകൾ റിപ്പോർട്ട് ചെയ്യണം.
∙ പ്ലാസ്റ്റിക് നിർമാണ, ഇറക്കുമതി സ്ഥാപനങ്ങൾ, പ്ലാസ്റ്റിക് പാക്കേജിങ് നടത്തുന്ന ബ്രാൻഡഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധിച്ചു റജിസ്ട്രേഷൻ ഉണ്ടോയെന്ന് ഉറപ്പാക്കണം.
∙ ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപന തടയാൻ ചില്ലറ വിൽപനക്കാരുടെ ഉൾപ്പെടെ യോഗം വിളിച്ചുകൂട്ടിയും മറ്റു പ്രചാരണ മാർഗങ്ങൾ അവലംബിച്ചും ബോധവൽകരണം നടത്തണം. തദ്ദേശ സ്ഥാപനങ്ങളും ശുചിത്വമിഷനും മറ്റും യോജിച്ചു പ്രവർത്തിക്കണം.
∙ സ്ക്വാഡ് റിപ്പോർട്ട് ചെയ്യുന്നതു കൂടാതെ, ആപ്പ് വഴി റിപ്പോർട്ട് ചെയ്യപ്പെടുന്ന ചട്ട ലംഘനങ്ങൾക്കും മലിനീകരണ നിയന്ത്രണ ബോർഡ് നടപടി സ്വീകരിക്കണം.