സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ബാങ്ക് ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തം

Mail This Article
കൊച്ചി ∙ സാധാരണക്കാർ അകപ്പെടുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ബാങ്ക് ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തമുണ്ടെന്നു പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം) പ്രത്യേക കോടതി ചൂണ്ടിക്കാട്ടി. ചൈനീസ് ആപ്പ് വായ്പ തട്ടിപ്പു കേസിലെ നാലാം പ്രതി അലൻ സാമുവലിന്റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഇത്തരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ബാങ്ക് ഉദ്യോഗസ്ഥർക്കുള്ള ഉത്തരവാദിത്തം പ്രത്യേക കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥൻ ചൂണ്ടിക്കാട്ടിയത്.
സാധാരണക്കാരായ ഇരകളുടെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾക്കു വേണ്ടി തുറന്ന ബാങ്ക് അക്കൗണ്ടുകളിലൂടെ (മ്യൂൾ അക്കൗണ്ട്) 1551 കോടി രൂപയുടെ ഓൺലൈൻ വായ്പ തട്ടിപ്പാണു പ്രതികൾ നടത്തിയത്. ഇത്തരം അക്കൗണ്ടുകളിലൂടെ അസാധാരണമായി വൻതുക കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഇക്കാര്യം റിസർവ് ബാങ്കിനെയും അന്വേഷണ ഏജൻസികളെയും ബോധിപ്പിക്കാൻ ബാങ്ക് മാനേജർമാർക്ക് ഉത്തരവാദിത്തമുണ്ടെന്നാണു കോടതിയുടെ നിരീക്ഷണം. അഞ്ഞൂറിനടുത്തു മ്യൂൾ അക്കൗണ്ടുകളാണ് ഈ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയത്. ഇത്രയും അക്കൗണ്ടുകൾ പ്രതികൾ നിയന്ത്രിച്ചിട്ടും ഒരു ബാങ്ക് പോലും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നില്ല.