പൊലീസുകാരനെ കൊന്ന കേസിലെ പ്രതിക്ക് പൊലീസ് വെടിവയ്പിൽ ഗുരുതര പരുക്ക്

Mail This Article
കുമളി ∙ തമിഴ്നാട്ടിലെ ഉസിലംപട്ടി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ബി.മുത്തുകുമാറിനെ 27ന് കല്ലുകൊണ്ട് തലയ്ക്കിടിച്ചു കൊലപ്പെടുത്തിയ നാലംഗ സംഘത്തിലുൾപ്പെട്ട പ്രതി പൊൻവണ്ണന് (29) പൊലീസ് വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റു. നെടുങ്കണ്ടം മാവടിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാൾ പൊലീസുകാരനെ ആക്രമിച്ച് കടക്കാൻ ശ്രമിച്ചതിനാലാണ് വെടിവയ്ക്കേണ്ടിവന്നതെന്നാണ് തമിഴ്നാട് പൊലീസ് നൽകുന്ന വിശദീകരണം. കേരള- തമിഴ്നാട് അതിർത്തിയിൽ കമ്പംമെട്ട് അടിവാരത്തായിരുന്നു സംഭവം. 3 വെടിയുണ്ടകളാണ് പൊൻവണ്ണന്റെ ശരീരത്തിൽ തറച്ചത്. സാരമായി പരുക്കേറ്റ പൊൻവണ്ണനെ തേനി മെഡിക്കൽ കോളജിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം മധുര രാജാജി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പൊൻവണ്ണന്റെ ആക്രമണത്തിൽ ഇടതുകൈയ്ക്ക് പരുക്കേറ്റ പൊലീസുകാരൻ സുന്ദരപാണ്ഡ്യനെ കമ്പം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉസിലംപട്ടിയിലെ മദ്യശാലയിൽ കഞ്ചാവ് വിൽപന നടത്താൻ എത്തിയ പൊൻവണ്ണനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് കഞ്ചാവ് ലോബി മുത്തുകുമാറിനെ കൊന്നത്. തേനി സ്വദേശികളായ ശിവനേശൻ (32), ഭാസ്കരൻ (32), പ്രഭാകരൻ (35) എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. നെടുങ്കണ്ടത്തിനു സമീപം മാവടിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. വർഷങ്ങൾക്കു മുൻപ് ഒപ്പം ജോലി ചെയ്തിരുന്ന മാവടി സ്വദേശിയുടെ വീട്ടിൽ പ്രതികൾ താമസസൗകര്യം ചോദിച്ചെത്തുകയായിരുന്നു. തമിഴ്നാട്ടിലെ സംഭവങ്ങൾ അറിയാതിരുന്ന മാവടി സ്വദേശി ഇവർക്കു താമസിക്കാൻ വീട് നൽകി. ഇന്നലെ മഫ്തിയിലെത്തിയ തമിഴ്നാട് പൊലീസ് സംഘം പ്രതികൾക്കൊപ്പം മൂന്നു മലയാളികളെക്കൂടി കസ്റ്റഡിയിലെടുത്തു.
പരിഭ്രാന്തരായ വീട്ടുകാർ സംഭവം നെടുങ്കണ്ടം പൊലീസിൽ അറിയിച്ചതോടെ കേരള പൊലീസ് കമ്പംമെട്ട് അതിർത്തിയിൽ വാഹനം തടഞ്ഞു. പിന്നാലെ തമിഴ്നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തമിഴ്നാട് സംഘത്തിന്റെ വാഹനം പോകാൻ അനുവദിച്ചത്. തുടർന്ന് മലയാളികളെ വിട്ടയച്ചു. അതിനു ശേഷമാണ് പൊൻവണ്ണനു വെടിയേറ്റത്.