ഐബി ഉദ്യോഗസ്ഥയുടെ മരണം: ജാമ്യാപേക്ഷയിൽ സർക്കാരിന്റെ വിശദീകരണം തേടി

Mail This Article
കൊച്ചി ∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സഹപ്രവർത്തകൻ എടപ്പാൾ സ്വദേശി സുകാന്ത് സുരേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. അറസ്റ്റ് വിലക്കണമെന്ന ആവശ്യത്തിൽ ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഇടക്കാല ഉത്തരവിട്ടില്ല. യുവതിയുടെ മരണത്തിൽ തന്റെ പങ്ക് സംശയിച്ചു യുവതിയുടെ മാതാപിതാക്കൾ പരാതി നൽകിയതിന്റെ പശ്ചാത്തലത്തിലാണു ഹൈക്കോടതിയെ സമീപിച്ചതെന്നു ഹർജിയിൽ അറിയിച്ചു.
തങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തു. മറ്റൊരു വിവാഹത്തിനു നിർബന്ധിച്ചു. ഇതു യുവതിക്കു വലിയ തോതിൽ മാനസിക സമ്മർദമുണ്ടാക്കിയെന്നും ജീവനൊടുക്കിയതാണെങ്കിൽ മാതാപിതാക്കൾ ഉയർത്തിയ ശക്തമായ എതിർപ്പിന്റെ ഫലമായിരിക്കുമെന്നും ഹർജിയിൽ പറയുന്നുണ്ട്.