‘കല്ലട’യുടെ പെർമിറ്റ് റദ്ദാക്കുന്നത് നീളും; നിയമോപദേശം തേടാൻ നിർദേശം

Mail This Article
തൃശൂർ∙ യാത്രക്കാര്‍ക്കു നേരെ അക്രമം നടന്ന കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഇനിയും നീളും. പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാനാണു തൃശൂരില്‍ ചേര്‍ന്ന റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിന്‍റെ നിർദേശം. യാത്രക്കാരെ മര്‍ദ്ദിച്ച കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍, പെര്‍മിറ്റ് റദ്ദാക്കുന്നത് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചശേഷം മതിയെന്ന് ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ വിലയിരുത്തി. അതോടെയാണ് ആര്‍ടിഎ യോഗം ജില്ലാ കലക്ടര്‍ ടി.വി. അനുപമ വിളിച്ചത്.
പെര്‍മിറ്റ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്ന നിര്‍ദേശങ്ങള്‍ യോഗം പരിശോധിച്ചു. ബസ് ഉടമയ്ക്കു പറയാനുള്ളതും കേട്ടു. ബസ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു, ഒരു വര്‍ഷത്തേയ്ക്ക് ഇവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഇത്രയും നടപടിക്കുശേഷവും ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കുന്നതിലെ നിയമപരമായ പ്രശ്നം കല്ലട ബസിന്റെ അഭിഭാഷകന്‍ യോഗത്തില്‍ അവതരിപ്പിച്ചു.
ഇനി, പെര്‍മിറ്റ് പെട്ടെന്നു റദ്ദാക്കിയാല്‍ ബസ് ഉടമ കോടതിയില്‍ പോകും. അങ്ങനെ വരുമ്പോള്‍ നിയമപരമായി പറഞ്ഞുനില്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ആര്‍ടിഎ യോഗം വിളിക്കാതെയുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് നേരത്തെ മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, തിരക്കിട്ട് യോഗം വിളിച്ചത്. പക്ഷേ, ഈ യോഗത്തില്‍ തീരുമാനമെടുക്കാതെ പിരിഞ്ഞെന്നു മാത്രം.