ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചെന്നൈ∙ നിവാർ ചുഴലിക്കാറ്റെന്ന പരീക്ഷയിൽ സംസ്ഥാന സർക്കാരിനും ചെന്നൈ കോർപറേഷനും പാസ് മാർക്ക് നൽകണം. ഫസ്റ്റ്ക്ലാസ് ലഭിക്കാൻ പക്ഷേ, ഇനിയുമേറെ മെച്ചപ്പെടണം. 2015ൽ ചെന്നൈയിലെ പ്രളയം കൈകാര്യം ചെയ്യുന്നതിൽ അന്നത്തെ അണ്ണാഡിഎംകെ സർക്കാർ ദയനീയമായി പരാജയപ്പെട്ടിരുന്നു. അതിൽനിന്ന് ഉൾക്കൊണ്ട പാഠം കൂടി ഇത്തവണ തുണയായി. അന്നു കനത്ത മഴയിൽ ചെന്നൈ മുങ്ങി. നിവാർ കൊണ്ടുവന്ന പെരുമഴയിൽ ചെന്നൈ നനഞ്ഞു കുതിർന്നെങ്കിലും മുങ്ങിയില്ല. 

എങ്കിലും, വേളാച്ചേരി, മുടിച്ചൂർ, താംബരം, മടിപ്പാക്കം പ്രദേശങ്ങളിലെ താമസക്കാരുടെ മനസ്സിൽ 2015ന്റെ പേടിപ്പിക്കുന്ന ഓർമയെത്തി. സർക്കാരിന്റെ തയാറെടുപ്പിനൊപ്പം ആഞ്ഞടിക്കാതെ നിവാർ കൂടി കാരുണ്യം കാട്ടിയതോടെ ചെന്നൈ ഇത്തവണത്തേക്ക് രക്ഷപ്പെട്ടു. വ്യാസർപാടി, അമിഞ്ചിക്കര, ആവഡി തുടങ്ങിയ ഇടങ്ങളിൽ 12 മണിക്കൂറോളം വൈദ്യുതി മുടങ്ങി. നഗരത്തിന്റെ എല്ലാ ഭാഗങ്ങളും മണിക്കൂറുകളോളം ഇരുട്ടിലായി.

ചെമ്പരമ്പാക്കം തടാകം അശാസ്ത്രീയമായി തുറന്നു വിട്ടതാണു 2015-ലെ പ്രളയത്തിനു കാരണമെന്ന ആരോപണമുയർന്നിരുന്നു. ഇത്തവണ മികച്ച ആസൂത്രണത്തോടെയാണു സർക്കാർ ചെമ്പരമ്പാക്കം കൈകാര്യം ചെയ്തത്. 2015ലേതു പോലെ ഒറ്റയടിക്കു തുറക്കാതെ ഘട്ടം ഘട്ടമായി വെള്ളം തുറന്നുവിട്ടു. അഡയാർ നദിക്ക് 70,000 ഘനയടി ജലം ഒരേ സമയം വഹിക്കാനാകുമെന്നായിരുന്നു സർക്കാരിന്റെ വാദം. ഇതിനു വേണ്ടി നദിയിലെ മാലിന്യങ്ങളും ചെളിയും നീക്കി ശുദ്ധീകരിക്കുന്ന ജോലി പൂർത്തിയായതായും അവകാശപ്പെട്ടിരുന്നു. 

എന്നാൽ, താംബരത്തിനും ശ്രീപെരുംപുത്തൂരിനുമിടയിൽ അഡയാർ നദി കര കവിഞ്ഞു. 2015നെ ഓർമിപ്പിക്കുന്ന രീതിയിൽ സമീപ പ്രദേശങ്ങളിൽ വെള്ളം കയറി. സർക്കാരിന്റെ തയാറെടുപ്പിലെ പാളിച്ചയാണു ഇതു തുറന്നുകാട്ടിയത്. മുന്നൊരുക്കത്തിനു മതിയായ സമയം ലഭിച്ചിട്ടും ഇത്രയും പ്രദേശങ്ങൾ വെള്ളത്തിനിടയിലായതു ശുഭ സൂചനയല്ല. 

സ്ഥിരം ഇരയായി തെക്കൻ പ്രാന്തപ്രദേശങ്ങൾ 

1200-nivar-flood
ചെന്നൈയിൽ അനുഭവപ്പെട്ട വെള്ളക്കെട്ട്

2015ലെ ചെന്നൈ പ്രളയത്തിൽ ഏറ്റവും കൂടുതൽ കഷ്ടമനുഭവിച്ചതു നഗരത്തിന്റെ തെക്കൻ പ്രാന്ത പ്രദേശങ്ങളാണ്. താംബരം, ലക്ഷ്മി നഗർ, വരദരാജപുരം, മുടിച്ചൂർ, പിടിസി ക്വാർട്ടേഴ്സ്, ടിടികെ നഗർ തുടങ്ങിയ പ്രദേശങ്ങൾ അക്ഷരാർഥത്തിൽ മുങ്ങി. ഇത്തവണ ചെന്നൈയിലെ മറ്റിടങ്ങളെല്ലാം പരുക്കില്ലാതെ രക്ഷപ്പെട്ടപ്പോഴും തെക്കൻ പ്രാന്തപ്രദേശങ്ങൾ മഴക്കെടുതി നന്നായി അനുഭവിച്ചു.

Cyclone Nivar To Slam Tamil Nadu, Puducherry
ചെന്നൈയിൽ നിന്നുള്ള കാഴ്ച

പുതുതായി ഉയർന്നു വന്ന റസിഡൻഷ്യൽ മേഖലകളാണു ഇവയിൽ കൂടുതലും. ആസൂത്രണമില്ലാത്ത നിർമാണമാണു പ്രധാന വില്ലൻ. കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും കൂടിയതോടെ വെള്ളം ഒഴുകിപ്പോകാൻ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. 2015ൽനിന്നു സർക്കാർ സംവിധാനങ്ങൾ പാഠമൊന്നും പഠിച്ചില്ലേയെന്നു മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മുടിച്ചൂരിലെ അനധികൃത നിർമാണങ്ങളുമായി ബന്ധപ്പെട്ട ഹർജിയിലായിരുന്നു ചോദ്യം. ശക്തമായ നടപടിയെടുക്കാൻ സർക്കാർ സംവിധാനങ്ങൾ തയാറായില്ലെങ്കിൽ ഇനിയും ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടിവരും.

ഒന്നാം നില മുങ്ങിയാൽ രണ്ടാം നില

മുടിച്ചൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി വീടുകളിൽനിന്നു പുനരധിവാസ കേന്ദ്രങ്ങളിലേക്കു മാറാൻ ജനം മടിച്ചു. ഒന്നാം നിലയിൽ വെള്ളം കയറിയപ്പോൾ പലരും രണ്ടാം നിലയിലേക്കും ടെറസിലേക്കും കയറി. 2015ൽ പുനരധിവാസ കേന്ദ്രത്തിലേക്കു മാറിയ തക്കംനോക്കി വീടുകളിൽ വ്യാപകമായി കൊള്ളയടി നടന്നുവെന്നു പ്രദേശവാസികൾ പറയുന്നു. ഇതു ആവർത്തിക്കുമോയെന്ന ആശങ്ക കാരണമാണു വെള്ളം കയറിയ വീടു വിട്ടിറങ്ങാൻ ജനം മടിച്ചത്. 

രാഷ്ട്രീയ ചുഴലി

നിവാർ കടന്നുപോയതിനു പിന്നാലെ സംസ്ഥാനത്തു രാഷ്ട്രീയ ചുഴലി തുടങ്ങി. ചെന്നൈയിൽ കനത്ത മഴ നേരിടുന്നതിൽ സർക്കാർ സമ്പൂർണ പരാജയമായെന്ന വിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ രംഗത്തെത്തി. സെയ്ദാപേട്ടിൽ വെള്ളപ്പൊക്ക ബാധിതർക്കു സഹായം നൽകിയ ശേഷമായിരുന്നു സ്റ്റാലിന്റെ പ്രതികരണം. വെള്ളപ്പൊക്ക ബാധിതർക്കു അടിയന്തര സഹായമായി 5000 രൂപ നൽകണമെന്നു സ്റ്റാലിൻ ആവശ്യപ്പെട്ടു. ചുഴലി തമിഴകം കടക്കും മുൻപേ കടലൂരിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി, സർക്കാരിന്റെ മുന്നൊരുക്കങ്ങളുടെ വിജയം പ്രഖ്യാപിക്കുകയും ചെയ്തു.

English Summary: Cyclone Nivar becomes a political tool in Tamil Nadu 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com