പ്രവാസികളുടെ പോസ്റ്റൽ വോട്ട് സജീവ പരിഗണനയിലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
Mail This Article
ന്യൂഡൽഹി∙ പ്രവാസികൾക്ക് വിദേശത്ത് നിന്ന് ഇ–പോസ്റ്റൽ ബാലറ്റ് സംവിധാനം (ഇടിപിബിഎസ്) വഴി വോട്ടു ചെയ്യാനുള്ള സൗകര്യം എത്രയും പെട്ടെന്ന് ഏർപ്പെടുത്തുന്നത് സജീവ പരിഗണനയിലാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രവാസി വോട്ടിനായി സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയ ഡോ ഷംസീർ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് ഇക്കാര്യം പറഞ്ഞത്.
പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമായ പോസ്റ്റൽ ബാലറ്റിനു തിരഞ്ഞെടുപ്പ് കമ്മിഷൻ പൂർണ പിന്തുണ അറിയിച്ചുവെന്നും കമ്മിഷന്റെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ഷംസീർ വയലിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തിൽ നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തി വരികയാണെന്നും കമ്മിഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം ഉണ്ടാകില്ലെന്ന സൂചനകൾ പുറത്തു വന്നതോടെയാണ് ഷംസീർ വയലിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടത്. കേസിൽ സുപ്രീംകോടതിയിൽ ഹാജരാകുന്ന അഭിഭാഷകൻ ഹാരിസ് ബീരാനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അമേരിക്ക, കാനഡ, ന്യൂസീലൻഡ്, ജപ്പാന്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികൾക്കാകും പോസ്റ്റൽ ബാലറ്റിലൂടെ വോട്ടു ചെയ്യാനുള്ള സൗകര്യം ആദ്യം ഒരുക്കുകയെന്നു വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് പോസ്റ്റൽ ബാലറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷംസീർ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
തൊഴിൽ, വിദ്യാഭ്യാസം, യാത്രാ ചെലവ് തുടങ്ങിയ കാരണങ്ങളാൽ വോട്ടെടുപ്പിനു നേരിട്ടെത്താൻ കഴിയാത്തതിനാൽ തപാൽ ബാലറ്റ് വേണമെന്നും പ്രവാസി സമൂഹത്തിൽനിന്നു വ്യാപകമായ ആവശ്യം ഉയർന്നിട്ടുണ്ടെന്നും കോവിഡിനുശേഷം ഇക്കാര്യം ശക്തമായെന്നും കമ്മിഷൻ നിയമ സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.
എൻആർഐക്കാർക്ക് (നോൺ റസിഡന്റ് ഇന്ത്യൻ) അവർ താമസിക്കുന്ന രാജ്യത്തുനിന്ന് ഇടിപിബിഎസ് സംവിധാനം വഴി വോട്ട് വോട്ടുചെയ്യാനായി 1961ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നു കമ്മിഷൻ നിർദേശിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
English Summary: Working with ministries to address NRIs’ demand for postal voting: EC