നടി ശരണ്യ ശശി അന്തരിച്ചു; വേദനകളില്ലാത്ത ലോകത്തേക്ക് മടക്കം

Mail This Article
തിരുവനന്തപുരം∙ ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി (35) അന്തരിച്ചു. ഉച്ചയ്ക്ക് 12.40 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അർബുദ ബാധയെത്തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു. തുടർ ചികിൽസയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി.
മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റി. ജൂൺ 10ന് നെഗറ്റീവ് ആയതിനെത്തുടർന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റി. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു.
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശരണ്യയ്ക്ക് 2008ലാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. ഷൂട്ടിങ് ലൊക്കേഷനില്‍ കുഴഞ്ഞുവീണ ശരണ്യയെ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പിന്നീട് തുടര്‍ച്ചയായ ചികില്‍സയുടെ നാളുകളായിരുന്നു. ശ്രീചിത്ര ആശുപത്രിയില്‍ ചികില്‍സയിലൂടെ ട്യൂമര്‍ മാറ്റിയെങ്കിലും ഇടവേളകളില്‍ വീണ്ടും വളര്‍ന്നു കൊണ്ടിരുന്നു. ചികില്‍സാ ചെലവും പ്രതിസന്ധി സൃഷ്ടിച്ചു.
9-ാം തവണ ശസ്ത്രക്രിയ ചെയ്യാന്‍ ഒരു രൂപപോലും ഇല്ലാത്ത പ്രതിസന്ധിയിലായിരുന്നു താരം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പലയിടത്തുനിന്നും സഹായങ്ങളെത്തി. 10-ാം തവണ ശസ്ത്രക്രിയ കഴിഞ്ഞതോടെ ശരണ്യയുടെ ശരീരം ഭാഗികമായി തളര്‍ന്നു. കോതമംഗലം പീസ് വാലി ഫൗണ്ടേഷനിലെ ഫിസിയോ തെറാപ്പിയിലൂടെയാണ് വീണ്ടും നടന്നു തുടങ്ങിയത്. ആരോഗ്യസ്ഥിതി പലതവണ മോശമായിട്ടും മനക്കരുത്തുകൊണ്ട് അതിനെ നേരിട്ടു ശരണ്യ തിരികെയെത്തി. നടി സീമ ജി. നായരാണ് ശരണ്യയുടെ ചികില്‍സയ്ക്ക് എല്ലാവിധ പിന്തുണയുമായി ഒപ്പണ്ടായിരുന്നത്.
കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ സീരിയലില്‍ സജീവമായതോടെ തിരുവനന്തപുരത്തേക്കു താമസം മാറ്റുകയായിരുന്നു. അമ്മയും അനുജനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയം ശരണ്യയുടെ വരുമാനമായിരുന്നു. ദുരിതകാലത്ത് സീരിയല്‍ കലാകാരന്‍മാരുടെ സംഘടനായ ആത്മയും സുഹൃത്തുക്കളും കൂടെനിന്നു. ചെമ്പഴന്തി അണിയൂരിലെ 'സ്‌നേഹസീമ' എന്ന വീടു നിര്‍മിച്ചു നല്‍കിയത് സൗഹൃദകൂട്ടായ്മയായിരുന്നു. അതിനു ചുക്കാന്‍ പിടിച്ച സീമ ജി.നാരോടുള്ള സ്‌നേഹ വായ്പിന്റെ പേരിലാണ് വീടിനു ‘സ്‌നേഹസീമ’യെന്നു പേരിട്ടത്.
നിരവധിത്തവണ ട്യൂമറിനെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃകയാണ്. ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു അവർ തിരികെവന്നിരുന്നത്. ‘ചാക്കോ രണ്ടാമന്‍’ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ സിനിമാ രംഗത്തെത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധനേടി. ‘ഛോട്ടോ മുംബൈ’, ‘തലപ്പാവ്’, ‘ബോംബെ മാര്‍ച്ച് 12’ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
മുഖ്യമന്ത്രി അനുശോചിച്ചു
ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വലിയ വേദനയാണുളവാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു. അർബുദ രോഗബാധയ്ക്ക് മുൻപിൽ ആത്‌മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകർന്നു. ചികിത്സാ ചെലവിനായി നീക്കി വച്ച തുകയിൽ നിന്നും കേരളം പ്രളയക്കെടുതികളെ നേരിടുന്ന ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയ ശരണ്യയുടെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഏവർക്കും മാതൃകയാണ്. ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
English Summary: Actress Saranya Sasi passes away