‘നിങ്ങളെന്താ തമാശ പറയുകയാണോ? എന്റെ ലണ്ടന്‍ വിലാസം കണ്ട് ഓഫിസര്‍ പകച്ചു’
Mail This Article
ന്യൂഡൽഹി∙ "നിങ്ങളെന്താ തമാശ പറയുകയാണോ?" തന്റെ ലണ്ടൻ വിലാസം കണ്ട് വിശ്വസിക്കാതെ ഇമിഗ്രേഷൻ ഓഫീസർ പകച്ചുപോയ രസകരമായ സംഭവം ഓർത്തെടുത്ത് എഴുത്തുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ സുധാ മൂർത്തി. "ദ് കപിൽ ശർമ്മ ഷോ"യിലാണ് ലണ്ടൻ യാത്രയ്‌ക്കിടെയുണ്ടായ സംഭവം സുധാ മൂർത്തി ഓർത്തെടുത്തത്. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മകള്‍ അക്ഷത മൂര്‍ത്തിയുടെ ഭര്‍ത്താവ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ആണ്.
തന്റെ സഹോദരിയുമായുള്ള യാത്രയ്ക്കിടെ ലണ്ടനിൽ എത്തിയപ്പോഴായിരുന്നു എവിടെയാണ് താമസമെന്നത് വ്യക്തമാക്കണമെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞത്. മകൾ അക്ഷതാ മൂർത്തിക്ക് പുറമെ മകനും ലണ്ടനിലാണ് താമസം. എന്നാൽ വിലാസം പൂർണമായി അറിയാത്തതിനാൽ അവർ തന്നെ ഫോമിൽ നമ്പർ '10 ഡൗണിങ് സ്‌ട്രീറ്റ്' എന്ന് പൂരിപ്പിച്ച് നൽകി. എന്നാൽ "നിങ്ങളെന്താ തമാശ പറയുകയാണോ" എന്നായിരുന്നു മറുപടി. താൻ പറഞ്ഞത് സത്യമെന്നത് വിശ്വസിക്കാൻ ഉദ്യോഗസ്ഥന് സമയമെടുത്തുവെന്നും സുധാ മൂർത്തി ഓർത്തെടുക്കുന്നു.
"എന്റെ മരുമകന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണെന്നത് പറഞ്ഞാൽ പലപ്പോഴും വിശ്വസിക്കാൻ പാടാണ്. തന്റെത് ലളിതമായ രീതി ആയതിനാൽ തെറ്റിധരിപ്പിക്കുക ആണെന്നാണ് പലരുടേയും വിചാരം. ലളിതമായി കഴിയുന്ന എഴുപത്തിരണ്ടുകാരിയായ ഞാൻ, മരുമകൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണെന്ന് പറഞ്ഞാൽ എങ്ങനെ മറ്റുള്ളവർ വിശ്വസിക്കും"- സുധാ മൂർത്തി പറഞ്ഞു. ഓസ്‌കർ ജേതാവ് ഗുനീത് മോംഗ, നടി രവീണ ടണ്ടൻ എന്നിവരുമായാണ് സുധാ മൂർത്തി ഷോയിൽ പങ്കെടുത്തത്. രാജ്യം പത്മഭൂഷൺ നൽകി സുധാ മൂർത്തിയെ ആദരിച്ചിരുന്നു
English Summary : Sudha Moorthy Recalls an incident