കാമുകിയെ 10 മിനിറ്റ് തുടർച്ചയായി ചുംബിച്ചു; യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്
Mail This Article
ബെയ്ജിങ്∙ കാമുകിയെ തുടർച്ചയായി പത്തു മിനിറ്റ് ചുംബിച്ച യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ വെസ്റ്റ് ലേക്കിൽ നടന്ന സംഭവം സൗത്ത് ചൈന മോണിങ് പോസ്റ്റാണ് റിപ്പോർട്ടു ചെയ്ത്.
ചൈനയിൽ പ്രണയദിനമായി ആഘോഷിക്കുന്ന ഓഗസ്റ്റ് 22നു കമിതാക്കൾ ചുംബിക്കുന്നതിനിടെ കാമുകനു ചെവിയിൽ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ചെവിക്കല്ലിൽ സുഷിരങ്ങളുള്ളതായി ഡോക്ടർമാർ കണ്ടെത്തി. പൂർണമായി സുഖം പ്രാപിക്കാൻ രണ്ടു മാസമെടുക്കുമെന്നാണ് വിവരം.
ചുംബിക്കുന്നതിനിടെ ചെവിക്കുള്ളിലെ വായു മർദത്തിൽ പെട്ടെന്നുണ്ടായ മാറ്റമാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിനു കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. മാത്രമല്ല, പങ്കാളിയുടെ ശ്വാസോച്ഛ്വാസത്തിലെ വ്യതിയാനവും കാരണമായി. ഇത്തരമൊരു സംഭവം ഇതാദ്യമല്ലെന്നാണ് ചൈനീസ് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. 2008ൽ ദക്ഷിണ ചൈനയിൽ നിന്നുള്ള ഒരു യുവതിക്ക് ചുംബനത്തിനിടെ കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.
ചുംബനത്തിനിടെ കാമുകന്റെ കേൾശക്തി നഷ്ടപ്പെട്ട വാർത്ത ചൈനീസ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കു വഴിവച്ചു. ചൈനീസ് സമൂഹമാധ്യമമായ ഡൗയിനിൽ മാത്രം ഈ വാർത്തയ്ക്ക് പത്തു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. നാലു ലക്ഷത്തിലധികം കമന്റുമുണ്ട്.
English Summary: Chinese Man Ruptures Eardrum After Kissing His Girlfriend For 10 Minutes: Report