തട്ടമൂരി പ്രതിഷേധിച്ച് വി.പി.സുഹറ; അസഭ്യം പറഞ്ഞ പിടിഎ പ്രസിഡന്റിനെതിരെ കേസ്
Mail This Article
കോഴിക്കോട് ∙ മുസ്‍ലിം സ്ത്രീകൾക്കെതിരായി സമസ്ത നേതാവ് ഉമ്മർ ഫൈസി മുക്കത്തിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് സാമൂഹിക പ്രവർത്തക വി.പി.സുഹറ. നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് വി.പി.സുഹറ തട്ടം നീക്കി പ്രതിഷേധിച്ചത്.
സുഹറയുടെ നീക്കത്തിൽ രോഷാകുലനായ പിടിഎ പ്രസിഡന്റ് ഇവരെ അസഭ്യം പറഞ്ഞു. തുടർന്ന് പിടിഎ പ്രസിഡന്റിനെതിരെ സുഹറ നല്ലളം പൊലീസിൽ പരാതി നൽകി. തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്നും മുസ്‍ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടില്ലെന്നുമായിരുന്നു ഉമർ ഫൈസിയുടെ പരാമർശം. തട്ടം ഇസ്‍ലാമികമാണെന്നും അതിനെതിരെ പ്രതികരിച്ചാൽ എതിർക്കുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
ഇതിനെതിരെയാണു സുഹറ തട്ടം മാറ്റി പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ പിടിഐ പ്രസിഡന്റ് തന്നെ അസഭ്യം പറഞ്ഞെന്നു സുഹറ പരാതിപ്പെട്ടു. തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനംകൊണ്ടെന്ന സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽകുമാറിന്റെ പ്രസ്താവനയാണ് വിവാദത്തിനു തുടക്കമിട്ടത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയരുന്നതിനിടെയാണ് സുഹറയുടെ പ്രതിഷേധം.