രാജസ്ഥാനിൽ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയ്ക്ക് സീറ്റില്ല; പകരം മത്സരിക്കാൻ ഭർത്താവ്

Mail This Article
ജയ്പുർ ∙ രാജസ്ഥാനിൽ സിറ്റിങ് എംഎൽഎ ഷഫിയ ഖാന് പകരം ഭർത്താവ് സുബൈർ ഖാനെ മത്സരിപ്പിക്കാൻ കോൺഗ്രസ്. അൽവരിലെ രാംഘഡ് മണ്ഡലത്തിലാണ് കോണ്‍ഗ്രസ് നേരത്തെ ഇവിടെ മത്സരിച്ചിട്ടുള്ള സ്ഥാനാർഥിയെ വീണ്ടും കളത്തിലിറക്കുന്നത്. പാർട്ടി മികച്ച സ്ഥാനാർഥിയെ കണ്ടെത്തിയെന്നു പ്രതികരിച്ച ഷഫിയ ഖാൻ, വനിതകൾക്ക് അവരുടെ അവകാശം നേടിയെടുക്കാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടിവരുന്നുവെന്നും പറഞ്ഞു.
തുടർച്ചയായി രണ്ടുതവണ പരാജയപ്പെട്ടതിനു പിന്നാലെയാണ് 2018ൽ സുബൈറിനു പകരം കോണ്‍ഗ്രസ് ഷഫിയയെ മത്സരിപ്പിച്ചത്. കഴിഞ്ഞ തവണ വിജയിച്ച സ്ഥിതിക്ക് ഇത്തവണയും തന്നെ പാർട്ടി മത്സരരംഗത്ത് ഇറക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഷഫിയ. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും കൂടുതൽ വനിതാ പ്രാതിനിധ്യം വേണമെന്ന വാദം ശക്തമാകുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ നീക്കം. മണ്ഡലത്തിൽ ബിജെപി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
രാംഘഡ് മണ്ഡലത്തിൽനിന്ന് മുൻപ് മൂന്നു തവണ മത്സരിച്ച നേതാവാണ് സുബൈർ ഖാൻ. നേരത്തെ ഉത്തർപ്രദേശിന്റെ ചുമതലയുണ്ടായിരുന്ന എഐസിസി സെക്രട്ടറിയായിരുന്നു സുബൈർ. നിലവിൽ മേവാതിലെ വികസന ബോർഡ് ചെയർമാനാണ്. ഭാര്യയ്ക്ക് മറ്റേതെങ്കിലും മണ്ഡലത്തിൽ സ്ഥാനാർഥിത്വം നൽകാനുള്ള സാധ്യതയെ സുബൈർ തള്ളിക്കളഞ്ഞു. ഒരു കുടുംബത്തിലെ രണ്ടുപേർക്ക് അവസരം നൽകുന്നത് ന്യായമല്ലെന്നും പാർട്ടിയിലെ മറ്റു പ്രവർത്തകരെ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും സുബൈർ പ്രതികരിച്ചു.