ADVERTISEMENT

തിരുവനന്തപുരം∙ ഇത്തവണത്തെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം മേഖലയില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പിലാക്കിയ പദ്ധതികളാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്. പ്രാദേശിക കരകൗശല -ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഉൽപന്നങ്ങളുടെ വിപണനം ഉറപ്പാക്കിയതും വനിതകളുടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിനോദസഞ്ചാര മേഖലയുമായി ബന്ധിപ്പിച്ചതും പരിഗണിച്ചാണ് പുരസ്കാരം. 

ഈ വര്‍ഷം സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന മൂന്നാമത്തെ പുരസ്കാര നേട്ടമാണിത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഈ പുരസ്കാരത്തിന് കേരളം അര്‍ഹമാകുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്പോണ്‍സിബിള്‍ ടൂറിസം പാര്‍ട്ണര്‍ഷിപ്പും ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസവും (ഐസിആര്‍ടി) സംയുക്തമായായാണ് പുരസ്കാരം നൽകുന്നത്. ലോക്കല്‍ സോഴ്സിങ്-ക്രാഫ്റ്റ് ആന്‍ഡ് ഫുഡ് വിഭാഗത്തിലാണ് കേരളം പുരസ്കാരം നേടിയത്.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്ന കാര്‍ഷിക ടൂറിസം പ്രവര്‍ത്തനമായ കേരള അഗ്രി ടൂറിസം നെറ്റ് വര്‍ക്ക്, പ്രാദേശിക ഭക്ഷണം ടൂറിസ്റ്റുകള്‍ക്കായി ഒരുക്കുന്ന എക്സ്പീരിയന്‍സ് എത്നിക്ക് ക്യുസീന്‍ പ്രോജക്റ്റ്, പരമ്പരാഗത തൊഴില്‍, കലാ പ്രവര്‍ത്തനങ്ങള്‍, രുചി വൈവിധ്യങ്ങള്‍, പ്രാദേശിക ഉത്സവങ്ങള്‍ എന്നിവ പ്രമേയമാക്കുന്ന എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം പാക്കേജുകള്‍, പ്രാദേശിക കരകൗശല വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഉൽപന്നങ്ങളുടെ വിപണനം ഒരുക്കല്‍, തദ്ദേശീയ ജനസമൂഹത്തിനായി നല്‍കി വരുന്ന പരിശീലനങ്ങള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പുരസ്കാരത്തിനായി പരിഗണിച്ചു.

ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള ആഗോള അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്‍റെ തനതു ഉൽപന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്ന ‘കേരളീയം’ പരിപാടി ആഘോഷപൂര്‍വം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ പുരസ്കാരം നേടാനായത് അഭിമാനകരമാണ്. ഉത്തരവാദിത്ത ടൂറിസം വിജയകരമായി നടപ്പാക്കുന്നതിലൂടെ മറ്റു രാജ്യങ്ങള്‍ക്കും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും കേരളം മാതൃകയാകുകയാണ്. രാജ്യാന്തര തലത്തില്‍ കേരളത്തിന്‍റെ ഖ്യാതി ഉയര്‍ത്തുന്നതാണ് ഇത്തരം അംഗീകാരങ്ങള്‍. കൂടുതല്‍ അനുഭവവേദ്യ ടൂറിസം പദ്ധതികള്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary:

Kerala Tourism won Responsible Tourism Global award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com