ബെംഗളൂരുവിൽ നീന്തൽ മത്സരത്തിനെത്തിയ മലയാളി വിദ്യാർഥി ഷോക്കേറ്റ് മരിച്ച കേസ്; സംഘാടകർക്കെതിരെ കുറ്റപത്രം
Mail This Article
ബെംഗളൂരു ∙ താത്താഗുനി എൻപിഎസ് സ്കൂളിലെ നീന്തൽക്കുളക്കരയിൽ മലയാളി വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ രാമനഗര കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 2022 നവംബർ 29ന് ദക്ഷിണമേഖല സിബിഎസ്ഇ നീന്തൽ മത്സരത്തിൽ പങ്കെടുക്കാനെത്തിയ തൃശൂർ മാള ഡോ.രാജു ഡേവിസ് ഇന്റർനാഷനൽ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി റോഷൻ റഷീദ് (17) ഷോക്കേറ്റ് മരിച്ച കേസിലാണിത്. മത്സരത്തിന്റെ സംഘാടന ചുമതലയുണ്ടായിരുന്ന മുഹമ്മദിനും ഇലക്ട്രിഷ്യൻ ഹരീഷിനും എതിരെയാണു കുറ്റപത്രം.
നീന്തൽക്കുളത്തിനു ചുറ്റം ലൈറ്റുകൾ ഘടിപ്പിച്ചതിന്റെ ഭാഗമായുള്ള വയറുകൾ കരയിലെ നനവുണ്ടായിരുന്ന ഭാഗത്തേക്കു പൊട്ടിവീണതാണ് ദുരന്തത്തിനിടയാക്കിയത്. ഫൊറൻസിക് റിപ്പോർട്ടിന്റെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഷോക്കേറ്റ് മരണം സ്ഥിരീകരിച്ച് കുറ്റപത്രം സമർപ്പിച്ചതെന്ന് രാമനഗര എസ്പി കാർത്തിക് റെഡ്ഡി പറഞ്ഞു.സംഘാടകരുടെ അനാസ്ഥയാണ് അപകടത്തിനു പിന്നിലെന്ന് ആരോപിച്ച് റോഷൻ റഷീദിന്റെ ബെംഗളൂരുവിലുള്ള ബന്ധു സുലേഖ ജമാൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.