ശിശുഭവൻ നടത്തി പെൺകുട്ടികൾക്ക് പീഡനം, കുരുക്കായി ലോക്കറിലെ നീലച്ചിത്ര സിഡികൾ; വിവാദ സ്വാമിയുടെ ജീവിതം
Mail This Article
കോട്ടയം∙ വെയർഹൗസിങ് ഡിപ്പോയിലെ ചുമട്ടുകാരന്റെ മകൻ കോടികളുടെ ആസ്തിയുള്ള സ്വാമി അമൃതചൈതന്യ ആയി ‘വളർന്ന’ കഥയാണ് ഇന്ന് അന്തരിച്ച സന്തോഷ് മാധവന്റേത്. പഠനത്തിൽ വലിയ മികവ് കാട്ടാതിരുന്ന സന്തോഷ് മാധവൻ ഇംഗ്ലിഷും ഉറുദുവും അനായാസം കൈകാര്യം ചെയ്യുന്ന സ്വാമി അമൃത ചൈതന്യയായതിനു പിന്നിലെ കഥ ഒട്ടൊക്കെ അവിശ്വസനീയമാണ്. രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കുമിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന ‘സെലബ്രിറ്റി സ്വാമി’യായാണ് സന്തോഷ് മാധവൻ ജനശ്രദ്ധയിലെത്തുന്നത്. വളർച്ചയുടെ പടവുകൾ ഓടിക്കയറിയ സന്തോഷ് മാധവന്റെ വീഴ്ച ആരംഭിക്കുന്നത് 2008ലാണ്. ആ വർഷമാണ് അയാളുടെ തട്ടിപ്പുകളും ലൈംഗിക പീഡനങ്ങളും പുറംലോകമറിഞ്ഞത്. അറിഞ്ഞത് എന്നതിനേക്കാൾ അറിഞ്ഞുതുടങ്ങിയത് എന്ന് പറയുന്നതാകും ഉചിതം.
സന്തോഷ് മാധവൻ ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് ഒരു വിദേശ മലയാളിയാണ് ആദ്യം പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ ഒന്നിനു പുറകേ ഒന്നായി പുറത്തുവന്നത് രാജ്യാന്തര ബന്ധങ്ങളുള്ള ഒരു അധോലോക കുറ്റവാളിയുടെ ഇരുണ്ട ഷേഡുകളുള്ള ജീവിതം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതു മുതൽ തട്ടിപ്പ്, അനധികൃത ഭൂമിയിടപാട്, ലഹരിയിടപാട്, നീലച്ചിത്ര നിർമാണം, കടുവാത്തോൽ കൈവശം വച്ചു തുടങ്ങിയ കേസുകളെല്ലാം പിന്നാലെയെത്തി. ആയുധ കള്ളക്കടത്ത് കേസിൽ ഇന്റർപോൾ അന്വേഷിക്കുന്ന രാജ്യാന്തര കുറ്റവാളി പട്ടികയിലും സന്തോഷ് മാധവന്റെ പേരുണ്ടായിരുന്നു. പിന്നീട് ശിക്ഷിക്കപ്പെട്ട് ജയിലിലായ സമയത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്തോഷ് മാധവന് വിഐപി പരിഗണന ലഭിച്ചതും വിവാദമായി. ജയിലിലും ‘പൂജാരി’യാകാന്‍ ഇയാൾ ശ്രമിച്ചതായി ആക്ഷേപമുയർന്നു.
∙ ചെരുപ്പുകടയിലെ സെയിൽസ്മാനിൽനിന്ന് സന്യാസിയിലേക്ക്
കട്ടപ്പന ഇരുപതേക്കർ പാറായിച്ചിറയിൽ മാധവന്റെയും തങ്കമ്മയുടെയും മകനായി ജനിച്ച സന്തോഷിന്റെ വിദ്യാഭ്യാസം വള്ളക്കടവു സെന്റ് ആന്റണീസ് സ്‌കൂളിലും കട്ടപ്പന ഗവ. ഹൈസ്‌കൂളിലുമായിരുന്നു. പത്താം ക്ലാസ് തോറ്റതോടെ പഠനം നിർത്തി. പിന്നീടു കട്ടപ്പനയിലെ ഒരു ചെരുപ്പുകടയിൽ സെയിൽസ്മാനായി ജോലി നോക്കി. പതിനെട്ടു വയസ്സായപ്പോൾ ജ്യേഷ്‌ഠ സഹോദരന്റെ സഹായത്തിൽ കലൂരിലുള്ള ക്ഷേത്രത്തിൽ പരികർമിയായി. ഇവിടെനിന്നു പൂജാവിധികൾ അഭ്യസിച്ചതിനുശേഷം തൃപ്പൂണിത്തുറ തുരുത്തിയിലുള്ള ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലിയിൽ പ്രവേശിച്ചു. ഇവിടെനിന്നാണു വളർച്ചയുടെ ആരംഭം. തുരുത്തി ക്ഷേത്രത്തിൽ സേവനം ചെയ്യുമ്പോൾ ജ്യോതിഷത്തിലൂടെയും മറ്റും ലക്ഷങ്ങൾ സമ്പാദിച്ചു. ഇതിനിടയിൽ ഗൾഫു നാടുകളടക്കം വിവിധ സ്‌ഥലങ്ങളിലും സന്ദർശനം നടത്തിയിരുന്നു.
ഈ കാലയളവിൽ പ്രമുഖ വ്യക്‌തികളുമായി സഹൃദം സ്‌ഥാപിക്കുകയും ചെയ്‌തു. വീടിനു സമീപത്തുതന്നെയുള്ള പെൺകുട്ടിയെയാണു സന്തോഷ് മാധവൻ പ്രണയിച്ചു വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷം ഇയാളോടൊപ്പം പോയ പെൺകുട്ടി ഒന്നര മാസത്തിനുശേഷം ബന്ധം വേർപെടുത്തി തിരിച്ചെത്തി. തുരുത്തി ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി നോക്കുന്നതിനിടയിൽ ഒരു ദിവസം സ്വാമി അവിടെനിന്ന് അപ്രത്യക്ഷനാകുകയായിരുന്നു. പിന്നീടു മൂന്നു വർഷത്തോളം വീട്ടുകാർക്കും നാട്ടുകാർക്കും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വടക്കേ ഇന്ത്യയിലെ ഏതോ ആശ്രമത്തിൽ ആയിരുന്നുവെന്നു മാത്രമാണു വീട്ടുകാർക്കു ലഭിച്ച വിവരം. പിന്നീടാണു സ്വാമി അമൃത ചൈതന്യ എന്നപേരിൽ വീണ്ടും പ്രത്യക്ഷനായത്.
∙ സിനിമാ, രാഷ്ട്രീയ ലോകത്തെ ‘താരം’
സിനിമാതാരങ്ങളുടെ ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകൾ പരിഹരിച്ചും പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെ ഭാവി പ്രവചിച്ചും ആർജിച്ച വിശ്വാസമാണു സന്തോഷ് സ്വാമി അമൃത ചൈതന്യയായി വളർന്നതിന്റെ പിന്നിൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു മുന്നണികളിലെയും പല ഉന്നത നേതാക്കൾക്കും പത്രിക നൽകേണ്ട സമയം കുറിച്ചു നൽകിയിരുന്നത് സ്വാമി അമൃത ചൈതന്യയെന്ന സന്തോഷ് മാധവനായിരുന്നു. സിനിമാ കുടുംബങ്ങളിലെ പ്രശ്‌നപരിഹാരത്തിനു പൂജാവിധികൾ മുതൽ കൗൺസിലിങ് വരെ നടത്തിയിരുന്നു. ഇവരുടെയൊക്കെ ഉപദേഷ്‌ടാവായും പ്രവർത്തിച്ചിരുന്നു.
മലയാള സിനിമയിലെ പ്രമുഖ താരദമ്പതികൾ തമ്മിലുണ്ടായിരുന്ന അകൽച്ച അവസാനിപ്പിച്ചു കടുംബജീവിതം ശോഭനമാക്കിയതു സ്വാമിയാണെന്നാണു സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സാക്ഷ്യം. രാഷ്‌ട്രീയ രംഗത്തെ സ്വാധീനം മുതലാക്കി ഉന്നത പൊലീസ് ഉദ്യോഗസ്‌ഥരുടെ സ്‌ഥലംമാറ്റങ്ങളിൽവരെ ഇദ്ദേഹം ഇടപെട്ടിരുന്നു. സിനിമ-രാഷ്‌ട്രീയ ബന്ധങ്ങൾ ഉപയോഗിച്ചു ബെനാമികളുടെ പേരിൽ മൂന്നാറിൽ 400 ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടിയതായും വാർത്തകൾ വന്നു. ഇതിനായി പണം സമാഹരിച്ചത് സ്വദേശത്തുനിന്നും വിദേശത്തുനിന്നുമുള്ള അഭ്യുദയകാംക്ഷികളിൽനിന്നാണത്രേ.
2004 ൽ കട്ടപ്പനയിൽ പൊലീസിന്റെ വാഹന പരിശോധനയ്‌ക്കിടെ സന്തോഷ് മാധവൻ കുടുങ്ങിയതാണ്. മുൻ മന്ത്രിയുടെ വീട്ടിലെ പൂജ കഴിഞ്ഞു മടങ്ങുകയാണെന്നാണ് പൊലീസിനോടു പറഞ്ഞത്. അന്ന് സന്തോഷ് മാധവനെ രക്ഷപ്പെടുത്തിയത് എറണാകുളത്തെ ഉന്നത കേന്ദ്രങ്ങളിൽനിന്നുള്ള സമ്മർദമാണ്. ഇതുകൊണ്ടും തീർന്നില്ല. കട്ടപ്പന ടൗൺ ഹാളിൽ നടന്ന സന്തോഷ് മാധവന്റെ ആദ്യവിവാഹത്തിനും ഉണ്ടായിരുന്നു താരസാന്നിധ്യം. സിനിമ-സീരിയൽ രംഗത്ത് സജീവമായിരുന്ന നടി വിവാഹച്ചടങ്ങിൽ ആദ്യാവസാനം പങ്കെടുത്തിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ സിനിമാനടി എത്തിയത് അന്ന് കട്ടപ്പന നിവാസികൾക്കു വിസ്‌മയക്കാഴ്‌ചയും അതോടൊപ്പം സന്തോഷ് മാധവന്റെ സ്വാധീന വലയങ്ങളെക്കുറിച്ച് അമ്പരപ്പുമാണു സമ്മാനിച്ചത്. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുശേഷം കട്ടപ്പന സ്വദേശിനി തന്നെയായ ഭാര്യ ബന്ധം വേർപെടുത്തിയപ്പോഴാണു സന്തോഷ് മാധവന്റെ തനിനിറത്തിന്റെ ആദ്യ വിവരങ്ങൾ പുറത്തുവന്നത്.
∙ വലയിൽ കുരുങ്ങിയ രാജ്യാന്തര കുറ്റവാളി
രാജ്യാന്തര ആയുധകള്ളക്കടത്തുകാരൻ സന്തോഷ് മാധവനെ തേടിയുള്ള പൊലീസിന്റെ അന്വേഷണമാണു പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചകേസിൽ സന്തോഷ് മാധവനെ കുടുക്കിയത്. ആയുധ കള്ളക്കടത്തിൽ ഇന്റർപോൾ അന്വേഷിക്കുന്ന രാജ്യാന്തര കുറ്റവാളി സന്യാസി ചമഞ്ഞു കൊച്ചിയിലുണ്ടെന്ന വാർത്ത പ്രചരിച്ചതിൽ നിന്നാണു കേസിന്റെ തുടക്കം. ഇന്റർപോൾ അന്വേഷിക്കുന്ന ആയുധ കള്ളക്കടത്തുകാരൻ വിദേശത്തു ജയിലിലാണെന്ന വിവരം പൊലീസിനു ലഭിച്ചതോടെയാണ് സന്തോഷ് മാധവന്മാർ രണ്ടുപേരുണ്ടെന്നു വ്യക്‌തമായത്.
ഇതോടെ സ്വന്തം നിരപരാധിത്വം ഏറ്റു പറഞ്ഞ്സ ന്തോഷ് മാധവൻ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് സന്തോഷിനെ വെള്ളപൂശുന്ന വാർത്തകളാണ് പ്രചരിച്ചത്. എറണാകുളം റേഞ്ച് ഐജിയുടെ ഓഫിസിൽ നേരിട്ടു ഹാജരായ സന്തോഷ് വീണ്ടും ‘നിരപരാധിത്വം’ തെളിയിക്കാൻ ശ്രമിച്ചു. വ്യക്‌തമായ തെളിവുകളുടെ അഭാവത്തിൽ സന്തോഷിനെ അറസ്‌റ്റു ചെയ്യാൻ പൊലീസിനും കഴിഞ്ഞില്ല. പിറ്റേന്നു ദുബായിയിലെ മലയാളി വ്യവസായി സെറഫിൻ എഡ്വിൻ രംഗത്തു വന്നതോടെയാണ് സന്തോഷ് പ്രതിക്കൂട്ടിലായത്. നാട്ടിലെ ഹോട്ടൽ വ്യവസായത്തിൽ പങ്കാളിയാക്കാമെന്നു പറഞ്ഞു പറ്റിച്ച് സന്തോഷ് 40 ലക്ഷം രൂപ തട്ടിയെടുത്തതായി സെറഫിൻ വെളിപ്പെടുത്തി.
അപ്പോഴും, പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസുകൾ പുറത്തു വന്നിരുന്നില്ല. സെറഫിന്റെ പണം തട്ടിയെടുത്ത കേസിൽ സന്തോഷ് മാധവനും കൂട്ടാളി അലിക്കണ്ണ് സൈഫുദ്ദീനുമെതിരെ 2003 ഡിസംബർ 13 ന് ഇന്റർപോൾ ഇന്ത്യക്കു വിവരം കൈമാറിയിരുന്നു. സെറഫിൻ നൽകിയ ഫോട്ടോ ഉപയോഗിച്ചു റെഡ് കോർണർ നോട്ടിസും പ്രസിദ്ധീകരിച്ചു. ഇതേസമയം തന്നെ ആയുധ വ്യാപാരി സന്തോഷ് മാധവന്റെ പേരിലും ഇന്റർപോൾ വെബ്‌സൈറ്റിൽ അന്വേഷണ നോട്ടിസ് പ്രസിദ്ധീകരിച്ചതാണ് രണ്ടുപേരും ഒരാളാണെന്ന സംശയം ജനിപ്പിച്ചത്. സെറഫിന്റെ പരാതി ലഭിച്ചതോടെ സാമ്പത്തിക വഞ്ചനാകുറ്റത്തിനു 2008 മേയ് 13 നു പൊലീസ് സന്തോഷ് മാധവനെ അറസ്‌റ്റു ചെയ്യുകയായിരുന്നു. തുടർന്നു നടന്ന ചോദ്യം ചെയ്യലിലാണു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളും അതു ചിത്രീകരിച്ച സിഡികളും പുറത്തു വന്നത്.
∙ കുരുക്കിയ എസ്ഐയെ കൊല്ലാൻ ഗൂഢാലോചന
സന്തോഷ് മാധവനെ നീലച്ചിത്ര സിഡികളുമായി ഒരിക്കൽ കസ്‌റ്റഡിയിലെടുത്ത എസ്ഐയെ വകവരുത്താൻ ഗൂഢാലോചന നടത്തിയതായി പൊലീസിനു വിവരം ലഭിച്ചു. 2006ൽ കട്ടപ്പനയിലെ വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. ടൗണിൽ ട്രാഫിക് നിയമം തെറ്റിച്ച കാറിന് കൈകാണിച്ചിട്ടും നിർത്താതെ പോയതാണ് സംഭവങ്ങളുടെ തുടക്കം. പൊലീസുകാരൻ വിവരം അറിയിച്ചതനുസരിച്ച് എസ്ഐ വാഹനത്തെ പിന്തുടർന്ന് ഇരുപതേക്കറിലുള്ള സന്തോഷിന്റെ വീട്ടിലെത്തി. ധിക്കാരപരമായി സംസാരിച്ച സന്തോഷിനെ എസ്ഐ പൊലീസ് ജീപ്പിൽ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. സന്തോഷിന്റെ ആഡംബരകാറും കസ്‌റ്റഡിയിലെടുത്തു. കാറിൽനിന്ന് ഏതാനും നീലച്ചിത്ര സിഡികളും പിടിച്ചെടുത്തിരുന്നു.
സന്തോഷ് സ്‌റ്റേഷനിലെത്തിയപ്പോഴേക്കും ശുപാർശയും സമ്മർദ്ദവുമായി ഫോൺകോളുകളായി. ഗവ.പ്ലീഡർമാരും രാഷ്‌ട്രീയനേതാക്കളും ഇടപെട്ടു. ഇതിനിടെ അറസ്‌റ്റിനെ വർഗീയ കലാപത്തിലേക്കു വഴിതെറ്റിച്ചുവിടുമെന്നു ഭീഷണി മുഴക്കാനും സന്തോഷ് മറന്നില്ലത്രെ. ഉന്നതരുടെ സമ്മർദ്ദത്തിൽ കേസില്ലാതെ വിട്ടെങ്കിലും സംഭവം നാട്ടിൽപാട്ടായി. പ്രകോപിതനായ സന്തോഷ് എസ്ഐയെ വകവരുത്താനുള്ള നീക്കങ്ങളാരംഭിച്ചതായാണ് ആരോപണം. എസ്.ഐയുമായി ശത്രുതയിലായിരുന്ന പ്രാദേശിക രാഷ്‌ട്രീയ നേതാവിനെ കൂട്ടുപിടിച്ചായിരുന്നു നീക്കം. കട്ടപ്പനയിലും, സ്വാമിയുടെ എറണാകുളത്തെ ആശ്രമത്തിലും വച്ച് ഗൂഢാലോചന നടത്തി.
എസ്‌ഐ രാവിലെ നടക്കാൻ പോകുമ്പോഴോ, ഒറ്റയ്ക്ക് സ്വകാര്യ വാഹനത്തിൽ പോകുമ്പോഴോ ലോറി ഇടിച്ച് കൊലപ്പെടുത്താമെന്ന നിർദ്ദേശമാണ് സന്തോഷ് മുന്നോട്ടുവച്ചതത്രേ. സ്‌ഥലം മാറ്റിക്കാനോ സസ്‌പെൻഡ് ചെയ്യിക്കാനോ മാത്രമേ തനിക്ക് ലക്ഷ്യമുള്ളുവെന്നും കൊലപ്പെടുത്താനുള്ള പദ്ധതിയിൽ പങ്കുചേരില്ലെന്നും അറിയിച്ച് നേതാവ് പിരിഞ്ഞതോടെ കൊലപാതക പദ്ധതി പാളി. എസ്ഐയും താനുമായി ശത്രുതയിലാണെന്ന് നാട്ടിൽ അറിയാമെന്നതിനാൽ എന്തെങ്കിലും സംഭവിച്ചാൽ പിടിവീഴുമെന്ന് മനസ്സിലാക്കിയ നേതാവ് ഡിവൈഎസ്‌പിയെയും സിഐയെയും കണ്ട് വിവരം നൽകി. തുടർന്ന് കൊലപാതക ശ്രമത്തിൽ നിന്ന് സന്തോഷ് വലിയുകയായുന്നുവെന്ന് കരുതപ്പെടുന്നു. വ്യക്‌തമായ തെളിവുകളൊന്നുമില്ലാത്തതിനാൽ പ്രശ്‌നം കേസാക്കാനോ, സ്വാമിയെക്കുറിച്ച് അന്വേഷണം നടത്താനോ പൊലീസും മെനക്കെട്ടില്ല.
∙ തട്ടിപ്പിന് ഒന്നിലേറെ പാസ്‌പോർട്ട്
അതിനിടെ, സന്തോഷ് മാധവൻ ഒന്നിലേറെ പാസ്‌പോർട്ട് ഉപയോഗിച്ചാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ വെട്ടിച്ചു വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തിയതെന്നു തെളിഞ്ഞു. ഇയാൾക്കുവേണ്ടി 2003ൽ തന്നെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കേരളമുൾപ്പെടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടിസ് നൽകിയിരുന്നതായും വ്യക്‌തമായി. മാധവൻ സന്തോഷ് എന്ന പേരിലാണ് 2002ൽ ഇയാൾ ആദ്യ പാസ്‌പോർട്ട് എടുത്തത്. കട്ടപ്പനയിലെ വിലാസമായിരുന്നു. അതുപയോഗിച്ചു ഗൾഫ് സന്ദർശനം നടത്തുന്നതിനിടെയായിരുന്നു സെറാഫിൻ എഡ്വിൻ എന്ന സ്‌ത്രീയിൽനിന്നു നാലുലക്ഷം യുഎഇ ദിർഹം തട്ടിച്ചെന്ന ആരോപണം ഉയർന്നത്.
തുടർന്ന് ഇന്റർപോൾ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. അതിന്റെ അടിസ്‌ഥാനത്തിൽ ഐബി രാജ്യത്തെ വിമാനത്താവളങ്ങളിൽ സന്തോഷിനെ പിടികൂടാൻ മുന്നറിയിപ്പു നൽകി. എന്നാൽ പിന്നീട് ആ പാസ്‌പോർട്ടിൽ അയാൾ വിദേശരാജ്യങ്ങളിൽ യാത്ര ചെയ്‌തില്ലെന്നാണ് സംസ്‌ഥാന ഇന്റലിജൻസ് വിഭാഗത്തിനു ലഭിച്ച വിവരം. തുടർന്നു 2004ൽ അമൃത ചൈതന്യ എന്ന പേരിൽ വേറെ പാസ്‌പോർട്ട് സന്തോഷ് മാധവൻ സംഘടിപ്പിച്ചു. ഇതിൽ കൊച്ചിയിലെ വിലാസമായിരുന്നു. പിന്നീട് ഈ പാസ്‌പോർട്ട് ഉപയോഗിച്ചായിരുന്നു വിദേശ യാത്രകൾ. കുവൈത്ത്, ദോഹ, റിയാദ് എന്നിവിടങ്ങൾ പലകുറി സന്തോഷ് സന്ദർശിച്ചതായാണു വിവരം. പുതിയ പാസ്‌പോർട്ട് ആയതിനാൽ അന്വേഷണ ഏജൻസികളുടെ കണ്ണിൽപ്പെടാതെ വിദേശത്തേക്കു പറക്കാൻ കഴിഞ്ഞു. അതോടെ ഐബിയുടെ ലുക്ക് ഔട്ട് നോട്ടിസും പാഴായി.
∙ കുരുക്കായി ലൈംഗിക പീഡനം, നീലച്ചിത്രം
അതിനിടെയാണ് സന്തോഷ് മാധവൻ ലൈംഗിക പീഡനക്കേസിൽ കുരുങ്ങുന്നത്. കൊച്ചിയിൽ നടത്തിവന്ന ശാന്തിതീരം ശിശുഭവനിൽ അന്തേവാസികളായിരുന്ന പെൺകുട്ടികളെ ഫ്ലാറ്റിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഇതിൽ ഒരു കേസിൽ, പെൺകുട്ടിയുടെ മൊഴിയിൽ ‘സത്യത്തിന്റെ മണിമുഴക്കം’ വ്യക്‌തമാണെന്നു പറഞ്ഞാണ് കോടതി സന്തോഷ് മാധവനുള്ള ശിക്ഷ ശരിവച്ചത്. നേരത്തേ, റിയൽ എസ്‌റ്റേറ്റ് ബിസിനസിൽ പങ്കാളിയാക്കാമെന്നു വാദ്‌ഗാനം ചെയ്‌തു പ്രവാസി വ്യവസായി സെറാഫിൻ എഡ്വിന്റെ 52 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സന്തോഷ് മാധവന്റെ മൂന്നു സ്വത്തുക്കളുടെ ഉടമസ്‌ഥാവകാശം കോടതി മരവിപ്പിച്ചിരുന്നു
അന്വേഷണത്തിന്റെ ഭാഗമായി സന്തോഷ് മാധവന്റെ സ്വത്തു വിവരങ്ങൾ കണ്ടെത്താൻ ബാങ്ക് ലോക്കറുകൾ പരിശോധിച്ചപ്പോൾ ലഭിച്ച സിഡികളിൽ നിന്നാണു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നതുൾപ്പെടെയുള്ള മറ്റു കേസുകളുടെ തുടക്കം. സന്തോഷ് മാധവൻ തന്നെ കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി അഗസ്‌ത്യ ബയോഫാം മാനേജിങ് ഡയറക്‌ടർ ഡി. അരവിന്ദാക്ഷനും ആരോപണമുയർത്തി. 2007 ഡിസംബർ അഞ്ചിനു പുലർച്ചെ ചവറ വെറ്റമുക്കിലൂടെ താൻ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴാണു കാർ ഇടിച്ചു കൊല്ലാൻ ശ്രമിച്ചതെന്ന് അരവിന്ദാക്ഷൻ പറഞ്ഞു.
∙ കൂവലോടെ സ്വീകരണം, പിന്നെ ജയിലിലും ‘താര പദവി’
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടപ്പോഴും സന്തോഷ് മാധവന്റെ ‘താരപദവി’ക്ക് കാര്യമായ പരുക്കു സംഭവിച്ചില്ല. 16 വർഷം തടവ് വിധിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലെത്തിയ സന്തോഷ് മാധവനെ ‘കള്ളസ്വാമീ...’ എന്ന വിളികളോടെയാണു തടവുകാർ സ്വാഗതം ചെയ്‌തത്. ജയിലിലെത്തിയതോടെ അതുവരെ ട്രേഡ്‌മാർക്കായി കാത്തുസൂക്ഷിച്ച താടിയും മുടിയും വെട്ടി. ശരീരം വിയർക്കാത്ത, വെയിലേൽക്കാത്ത നല്ല ജോലികൾ മാത്രമാണു പൂജപ്പുര സെൻട്രൽ ജയിലിൽ സന്തോഷ് മാധവന് എന്നും ലഭിച്ചത്. ജയിലിനുള്ളിലെ ക്ഷേത്രത്തിൽ പൂജാരിയാകാൻ സന്തോഷ് മാധവൻ ശ്രമിച്ചെങ്കിലും അത് സൂപ്രണ്ട് ഇടപെട്ടു തടഞ്ഞിരുന്നു. അതോടെ സന്തോഷിനു ജയിലിൽ ബുദ്ധിമുട്ടില്ലാത്ത ഓഫിസ് ജോലികൾ ഏൽപ്പിക്കാൻ സമ്മർദമുണ്ടായി. പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ തന്നെയുള്ള ഉന്നതരും ഇടപെട്ടതായി ആരോപണം ഉയർന്നു.
അങ്ങനെ ഏറിയ നാളും അദ്ദേഹം ജയിൽ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയി ജോലി നോക്കി. തടവുകാർ ഡോക്ടറെ കാണാൻ വരുമ്പോൾ അവരുടെ വിവരങ്ങൾ അവിടത്തെ കംപ്യൂട്ടറിൽ രേഖപ്പെടുത്തുക, ഉള്ള മരുന്ന് എടുത്തു കൊടുക്കുക എന്നിങ്ങനെ ചില്ലറ പണിയേ ഉണ്ടായിരുന്നുള്ളൂ. ഉച്ച കഴിഞ്ഞാൽ ഫ്രീ ആയിരുന്നു. എന്നാൽ ആ സമയത്തും സന്തോഷ് മാധവൻ ആശുപത്രി കംപ്യൂട്ടറിൽ ജോലി തുടരുമെന്നു ജീവനക്കാർ പറയുന്നു. കാരണം, അതിൽ ഇന്റർനെറ്റ് കണക്‌ഷൻ, പ്രിന്റർ സൗകര്യം എന്നിവയെല്ലാം ഉണ്ടായിരുന്നു. ജയിൽ കംപ്യൂട്ടർ ഉപയോഗിച്ചു സന്തോഷ് മാധവൻ നടത്തിയ ചില ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതർ പരിശോധിച്ചിരുന്നു. എറണാകുളം സബ്‌ജയിലിൽ പാർപ്പിച്ചിരുന്ന കാലയളവിൽ സന്തോഷ് മാധവൻ ജയിൽ ജീവനക്കാർക്ക് ആഴ്‌ചതോറും 20,000 രൂപ പടി നൽകിയിരുന്നുവെന്നു സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്‌ഥർ കണ്ടെത്തിയിരുന്നു.
അതേസമയം, സന്തോഷ് മാധവനെ പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സഹായി എന്ന ജോലിയിൽ നിന്ന് ഉടൻ മാറ്റണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ 2016ൽ നിർദ്ദേശം നൽകിയിരുന്നു. ഇത്തരം ലഘുവായ ജോലികൾ മറ്റു തടവുകാർക്കു നൽകണമെന്നായിരുന്നു അന്നത്തെ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി.കോശിയുടെ ഉത്തരവ്. സന്തോഷ് മാധവന്റെ സ്വാധീനത്തിനു വഴങ്ങി ജയിൽ ചീഫ് മെഡിക്കൽ ഓഫിസർ ഡോ.വിക്ടർ ദത്ത ചികിൽസ നിഷേധിച്ചെന്നാരോപിച്ചു തടവുകാരൻ സാബു ദാനിയൽ സമർപ്പിച്ച പരാതിയിലായിരുന്നു നടപടി.
∙ അന്ത്യം ആശുപത്രിയിൽ
വിവിധ കേസുകളിലായി വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങി പുറംലോകവുമായി അധികം ബന്ധമില്ലാതെയായിരുന്നു സന്തോഷ് മാധവന്റെ ജീവിതം. ഇതിനിടെയാണ് ഹൃദ്രോഗം ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങളുമായി ആശുപത്രിയിലായത്. ഒടുവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്ത്യം സംഭവിച്ചു.