‘ജയിലിനുള്ള മറുപടി വോട്ടിലൂടെ’ : എഎപിയുടെ പ്രചരണഗാനം മാറ്റണമെന്ന് തിര.കമ്മിഷൻ; നടപടി ബിജെപി പരാതിയെ തുടർന്ന്
Mail This Article
ന്യൂഡല്‍ഹി∙ ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) പ്രചരണ ഗാനത്തില്‍ മാറ്റംവരുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആം ആദ്മി പാര്‍ട്ടിയുടെ പ്രചരണഗാനം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും പാര്‍ട്ടിക്കും എതിരാണെന്ന് ആരോപിച്ച് ബിജെപി നേരത്തെ പരാതി നല്‍കിയിരുന്നു.
രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള 'ജയില്‍ കാ ജവാബ് വോട്ട് സേ' (ജയിലിനുള്ള മറുപടി വോട്ടിലൂടെ) എന്ന പ്രചരണ ഗാനം എഴുതി ആലപിച്ചിരിക്കുന്നത് പാര്‍ട്ടി എംഎല്‍എ ദിലീപ് പാണ്ഡെയാണ്. വ്യാഴാഴ്ചയാണ് ഗാനം പുറത്തുവിട്ടത്. ജയിലഴിക്കു പിന്നില്‍ നില്‍ക്കുന്ന കേജ്‍രിവാളിന്റെ ചിത്രം പിടിച്ചു നില്‍ക്കുന്ന ജനക്കൂട്ടത്തെയും ഗാനരംഗത്തില്‍ കാണാം. ഒരു പാര്‍ട്ടിയുടെ പ്രചരണ ഗാനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തുന്നത് ഇതാദ്യമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി ആരോപിച്ചു. ഉള്ളടക്കത്തിൽ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടതോടെ ഗാനം അതിന്റെ നിലവിലെ രൂപത്തില്‍ ഉപയോഗിക്കാന്‍ കഴിയാതെയായെന്നും അതിഷി പറഞ്ഞു.
പ്രചരണ ഗാനത്തില്‍ ബിജെപിയെ പരാമര്‍ശിക്കുന്നില്ല. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ല. അതില്‍ വസ്തുതാപരമായ വിഡിയോകളും സംഭവങ്ങളും മാത്രമാണുള്ളത്. ബിജെപി നടത്തുന്ന തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളില്‍ കമ്മിഷൻ നടപടിയെടുക്കുന്നില്ലെന്നും എഎപി ആരോപിച്ചു.